ജെറ്റ് സ്കീ, സ്പീഡ് ബോട്ട്, വാട്ടർ പൊലീസ്...; മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ
ചടങ്ങുകളിൽ തീർഥാടകരുടെയും സന്യാസിമാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇതാദ്യമായാണ് ഇത്രയധികം ഹൈടെക് സംവിധാനമൊരുക്കുന്നത് ആദ്യമായിട്ടാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു
ലഖ്നൗ: 2025ലെ മഹാകുംഭമേളക്ക് ഒരുക്കം പുരോഗമിക്കുന്നതായി ഉത്തർപ്രദേശ് സർക്കാർ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദഗ്ധർ, 700 ബോട്ടുകളിലായി 24 മണിക്കൂറും ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. 10 കമ്പനി പിഎസി, 12 കമ്പനി എൻഡിആർഎഫ്, 6 കമ്പനി എസ്ഡിആർഎഫ് എന്നിവരെയും സജ്ജമാക്കും. ഗോവ, കൊൽക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത വാട്ടർ പൊലീസ് പ്രയാഗ് രാജിലെത്തി.
പ്രാദേശികമായ മുങ്ങൽ വിദഗ്ധരുടെ സഹായവും തേടും. 340 വിദഗ്ധർ പ്രയാഗ് രാജിലെ തിരക്ക് നിരീക്ഷിക്കും. ചടങ്ങുകളിൽ തീർഥാടകരുടെയും സന്യാസിമാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇതാദ്യമായാണ് ഇത്രയധികം ഹൈടെക് സംവിധാനമൊരുക്കുന്നത് ആദ്യമായിട്ടാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം, ഇന്ത്യയിലും വിദേശത്തുനിന്നും എത്തുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് സമഗ്രമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഓക്സിജൻ സിലിണ്ടർ സൗകര്യമില്ലാതെ 40 അടി വരെ ആഴത്തിൽ മുങ്ങുന്ന വിദഗ്ധരെയാണ് വിന്യസിക്കുന്നത്. സമ്മേളനത്തിന് വിവിധ സർക്കാരുകളും സർക്കാരിതര സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 25 ജെറ്റ് സ്‌കി, ചെറിയ അതിവേഗ ബോട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അതിവേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നവയാണ് ജെറ്റ് സ്കീകൾ. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത പ്രാപിക്കാമെന്നതാണ് നേട്ടം. ആദ്യമായാണ് മഹാകുംഭമേളയിൽ സുരക്ഷയുടെ ഭാഗമായി ജെറ്റ് സ്കി ഉപയോഗിക്കുന്നത്.