കൊവിഡ് അഴിമതി: മുൻ ബിജെപി സർക്കാറിനെതിരെ അന്വേഷണത്തിന് എസ്ഐടിയെ നിയോ​ഗിച്ച് കർണാടക സർക്കാർ

7,000 കോടി കൊവിഡ് ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നും കോടിക്കണക്കിന് രൂപ ക്രമക്കേട് നടത്തിയെന്നുമാണ് മുന്‍ സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണം. 

Karnataka government set SIT to probe covid scam allegation

ബെം​ഗളൂരു: മുൻ ബിജെപി സർക്കാരിൻ്റെ കാലത്ത് കൊവിഡ് അഴിമതി നടന്നെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി സംസ്ഥാന നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീൽ പറഞ്ഞു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.  500 കോടി രൂപ തിരിച്ചുപിടിക്കാൻ ശുപാർശ ചെയ്തുകൊണ്ട് റിട്ടയേർഡ് ജസ്റ്റിസ് ജോൺ മൈക്കൽ ഡികുഞ്ഞയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 7,223.64 കോടിയുടെ ചെലവുകൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ 500 കോടി രൂപ തിരിച്ചുപിടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) മന്ത്രിസഭാ ഉപസമിതിയും രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം നടപടി നിരീക്ഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും മന്ത്രിസഭാ ഉപസമിതിയെയും രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേടിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ റിപ്പോർട്ടിലില്ല. അന്തിമ  റിപ്പോർട്ടിൽ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. 7,000 കോടി രൂപയുടെ കൊവിഡ് -19 ഫണ്ട് മാനേജ്‌മെൻ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ട് വിശകലനം ചെയ്യാനും തുടർനടപടികൾ നിർദ്ദേശിക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറാനും  കർണാടക മന്ത്രിസഭ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തതായി ആരോപണമുയർന്നിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios