എയർ ഇന്ത്യക്ക് പിന്നാലെ ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി; വിമാനം ജയ്‌പൂരിൽ അടിയന്തിരമായി ഇറക്കി
ദമാമിൽ നിന്ന് ലഖ്‌നൗവിലേക്ക് വന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്‌പൂർ വിമാനത്താവളത്തിൽ ഇറക്കി
ദില്ലി: എയർ ഇന്ത്യ വിമാനത്തിന് പിന്നാലെ ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി. ദമാമിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് തന്നെ രണ്ടാമത്തെ വിമാനത്തിനാണ് ബോംബ് ഭീഷണി നേരിടുന്നത്. നേരത്തെ എയർ ഇന്ത്യയുടെ ദില്ലി-ചിക്കാഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. വിമാനവും യാത്രക്കാരെയും വീണ്ടും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ലെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. വിശദമായ പരിശോധന തുടരുന്നതായും യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.