ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി
അമേരിക്കയില്‍ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിനോടാണ് രാജ്യത്തെ സാഹചര്യം കോടതി താരതമ്യം ചെയ്തത്. രാജ്യത്ത് എല്ലാ പൌരന്മാരും നേരിടുന്നത് ഒരു ജോര്‍ജ് ഫ്ലോയിഡ് സാഹചര്യമാണ്. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ശ്വസിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യമുള്ളത്.
ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി ഹൈക്കോടതി. സ്വകാര്യ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ക്കുള്ള ജിഎസ്ടിക്കെതിരെ വെള്ളിയാഴ്ചയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അമേരിക്കയില്‍ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിനോടാണ് രാജ്യത്തെ സാഹചര്യം കോടതി താരതമ്യം ചെയ്തത്.
രാജ്യത്ത് എല്ലാ പൌരന്മാരും നേരിടുന്നത് ഒരു ജോര്‍ജ് ഫ്ലോയിഡ് സാഹചര്യമാണ്. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ശ്വസിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യമുള്ളത്. ജസ്റ്റിസ് രാജീവ് ഷാക്ക്ദേര്‍, ജസ്റ്റിസ് തല്‍വാന്ത് എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കുള്ള ജിഎസ്ടി കോടതി റദ്ദാക്കി. ജീവന്‍ രക്ഷാ ഉപകരണമാണ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍. ഇവയേയും ജീവന്‍ രക്ഷാ മരുന്നുകളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തേണ്ടതെന്നും കോടതി വിശദമാക്കി.
യുദ്ധം, ക്ഷാമം, വെള്ളപ്പൊക്കം, മഹാമാരി കാലത്ത് വ്യത്യസ്ത സമീപനമാണ് സ്വീകരിക്കേണ്ടതെന്നും കോടതി വിശദമാക്കി. ബന്ധു അയച്ചുനല്‍കിയ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റിന് 12 ശതമാനം ജിഎസ്ടി ചുമത്തിയതിനെതിരേ മുതിര്‍ന്ന പൌരനാണ് കോടതിയെ സമീപിച്ചത്. നേരത്തെ 28 ശതമാനം നികുതി ഇറക്കുമതി ഇനത്തില്‍ ഈടാക്കിയതിന് പുറമേയായിരുന്നു ജിഎസ്ടി ചുമത്തിയത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണ് നടപടിയെന്നും ഭരണഘടന ആര്‍ട്ടിക്കിള്‍ 21 ന്‍റെ ലംഘനമാണ് നടപടിയെന്നുമായിരുന്നു പരാതിക്കാരന്‍ ജിഎസ്ടി ചുമത്തിയതിനെ കോടതിയില്‍ വിശേഷിപ്പിച്ചത്.
മഹാമാരിയുടെ പ്രത്യേക സാഹചര്യം വിലയിരുത്തി താല്‍ക്കാലികമായി 12 ശതമാനം ജിഎസ്ടി ഇത്തരം വസ്തുക്കളുടെ ഇറക്കുമതിയില്‍ ഒഴിവാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം നേരിട്ട സാഹചര്യം മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശം. ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വ്യാവസായികമായി ഉപയോഗിക്കരുതെന്നും കോടതി പരാതിക്കാരനോട് വ്യക്തമാക്കി.
എന്നാല്‍ നികുതി ചുമത്തുന്നത് ഇത്തരം വസ്തുക്കളുടെ ദുരുപയോഗം തടയുമെന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രാലയത്തിനുള്ളത്. ഉല്‍പന്നങ്ങളുടെ വില കുറഞ്ഞിരിക്കാന്‍ നികുതികള്‍ അനിവാര്യമാണ്. ജിഎസ്ടിയില്‍ പൂര്‍ണ ഇളവ് നല്‍കിയാല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പ്രകാരം ഇന്‍പുട്ട്, ഇന്‍പുട്ട് സര്‍വീസസ് എന്നിവയ്ക്കായി നല്‍കുന്ന നികുതി ആഭ്യന്തര ഉല്‍പാദകര്‍ക്ക് തിരികെ ലഭിക്കില്ല. ഇത് ഉല്‍പന്നം കൂടിയ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ കാരണമാകുമെന്നായിരുന്നു കൊവിഡ് വാക്സിന്‍, മരുന്നുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയ്ക്ക് ജിഎസ്ടി ചുമത്തിയതിന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ നല്‍കിയ വിശദീകരണം. ഇത്തരം ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാ നികുതിയും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിനായിരുന്നു നിര്‍മ്മല സീതാരാമന്‍റെ വിശദീകരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona