26കാരിയെ ആശുപത്രിയിലെത്തിച്ചത് ഭർത്താവ്, ഉടനെ മരണം; പോസ്റ്റ്‍മോർട്ടത്തിൽ കണ്ടത് അനസ്തേഷ്യ മരുന്ന് സാന്നിദ്ധ്യം
ആർക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഭർത്താവ് തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കേസെടുത്തത് അസ്വഭാവിക മരണത്തിനായിരുന്നു.
ഭുവനേശ്വർ: ഒഡിഷയിൽ യുവതിയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട് ഭർത്താവും അദ്ദേഹത്തിന്റെ രണ്ട് പെൺ സുഹൃത്തുക്കളും പിടിയിലായി. ഏതാനും ദിവസം മുമ്പ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 26 വയസുകാരിയായ സുഭശ്രീ നായകിനെ ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് ഡോക്ടർമാരോട് പറഞ്ഞു. ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ആശുപത്രിയിൽ നിന്ന് വിവരം കിട്ടിയതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കിട്ടിയപ്പോഴാണ് പൊലീസിന് മരണകാരണം ആത്മഹത്യയല്ലെന്ന സംശയം തോന്നിയത്. ശരീരത്തിൽ വളരെ കൂടിയ അളവിൽ അനസ്തേഷ്യ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇതാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ ഫാർമസിസ്റ്റ് കൂടിയായ ഭർത്താവ് പ്രദ്യുമ്ന കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് അതീവ രഹസ്യമായി വൻ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
പ്രദ്യുമ്ന കുമാറിന് രണ്ട് യുവതികളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. നഴ്സുമാരായ അജിത ഭുയാൻ, റോസി പത്ര എന്നിവരുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ ചില പ്രശ്നങ്ങളുണ്ടായി. അതിന് ഇവർ കണ്ടുവെച്ച പരിഹാരമായിരുന്നു കൊലപാതകം. യുവതിയെ ഭർത്താവ് തന്റെ കാമുകിമാരിൽ ഒരാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ ഭർത്താവും അയാളുടെ രണ്ട് കാമുകിമാരും ചേർന്ന് ബലമായി പിടിച്ചുവെച്ച ശേഷം ഓവർഡോസ് അനസ്നേഷ്യ മരുന്ന് ശരീരത്തിൽ കുത്തിവെയ്ക്കുകയായിരുന്നു.
സുഭശ്രീയുടെ ബോധം മറഞ്ഞതോടെ സംഭവം കൊലപാതകമല്ലെന്ന് വരുത്തിത്തീർക്കാൻ വേണ്ടി യുവതിയെയുമെടുത്ത് ആശുപത്രിയിലേക്ക് പോയി ഭർത്താവ്. ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലാണെന്നായിരുന്നു അവിടെ പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തുമുമ്പ് തന്നെ മരണം സംഭവിച്ചു കഴിയുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു.
അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ആവശ്യമെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൊലപാതക രംഗം പുനരാവിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം