ബിജെപിക്ക് കനത്ത തിരിച്ചടി: ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ഏഴിൽ ആറിടത്തും തോറ്റു, അഞ്ചിടത്ത് പിന്നിൽ, ലീഡ് ഒരിടത്ത്

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളിൽ പോലും വിജയിക്കാനായത് കോൺഗ്രസിന് വൻ ഊർജ്ജം നല്കുകയാണ്

Huge set back for BJP in Assembly byelection held in seven states

ദില്ലി: ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് വൻ മുന്നേറ്റം. 13 സീറ്റുകളിൽ ഫലം വന്ന ഏഴിൽ ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. അവശേഷിക്കുന്ന ആറിൽ അഞ്ചിടത്തും ബിജെപി പിന്നിലാണ്. ഒരു സീറ്റിൽ മാത്രം ബിജെപിക്ക് നേരിയ ഭൂരിപക്ഷമുണ്ട്. 13 ൽ 11 സീറ്റുകളിലും ഇന്ത്യ സഖ്യത്തിലെ പാർട്ടികളാണ് ജയിക്കുകയോ ലീഡ് നേടുകയോ ചെയ്തത്. ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റുകളിൽ വിജയം ഉറപ്പിച്ചതോടെ സർക്കാറിനുള്ള ഭീഷണി മറികടക്കാൻ കോൺ​ഗ്രസിന് സാധിച്ചു.

ബിഹാറിലെ രുപോലിയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് മുന്നിൽ. ഹിമാചൽ പ്രദേശിലെ ദേറ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ കമലേഷ് താക്കൂര്‍ 9399 വോട്ടിന് ബിജെപിയെ പരാജയപ്പെടുത്തി. ഹിമാചലിൽ തന്നെ ഹമിര്‍പുര്‍ മണ്ഡലത്തിൽ ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട്ട് വ്യത്യാസത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ മറികടന്നു. ഇതേ സംസ്ഥാനത്ത് നല്ലഗഡ് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഹ‍ര്‍ദീപ് സിങ് ബാവയും ജയിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ അമര്‍വറ മണ്ഡ‍ലത്തിൽ ബിജെപിയുടെ കമലേഷ് പ്രതാപ് ഷാ മുന്നിലാണ്. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റിൽ ആം ആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗവത് ജയിച്ചു. തമിഴ്‌നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തിൽ വൻ എൻഡിഎ സ്ഥാനാര്‍ത്ഥി നേടിയതിലേറെ വോട്ട് വ്യത്യാസത്തിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ മുന്നിലാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ലഖപത് സിങ് ബുതോലയും മംഗ്ലോര്‍ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ തന്നെ ഖാസി മുഹമ്മദ് നിസാമുദ്ദീനും മുന്നിലാണ്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്ന റായ്‌ഗഞ്ച്, റാണാഗ‍ഡ് ദക്ഷിൺ, ബഗ്‌ദ മണ്ഡലങ്ങളിൽ തൃണമൂൽ സ്ഥാനാര്‍ത്ഥികൾ ജയിച്ചു. മണിക്‌തല മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാര്‍ത്ഥി മുന്നിലാണ്.

പശ്ചിമ ബംഗാളിൽ മൂന്നിടത്ത് ബിജെപി എംഎൽഎമാർ രാജിവച്ച് ടിഎംസിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ദെഹ്രയിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ 9300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഹാമിർ പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ആശിഷ് ശർമ്മയുടെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. മധ്യപ്രദേശിലെ ഒരു സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിൽ. ഉത്തരാഖണ്ഡിൽ രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിലാണ്. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥി അണ്ണിയൂർ ശിവ വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാർത്ഥി മോഹീന്ദർ ഭഗത് വിജയിച്ചത്. എംഎൽഎയായിരിക്കേ ബിജെപിയിൽ ചേർന്ന ശീതൾ അംഗുർലാൽ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയിൽ ജെഡിയു എംഎൽഎ ആർജെഡിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളിൽ പോലും വിജയിക്കാനായത് കോൺഗ്രസിന് വൻ ഊർജ്ജം നല്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios