മദ്ധ്യപ്രദേശിലെ സ്കൂളിൽ ഹെഡ്‍മാസ്റ്റർക്ക് പകരം പഠിപ്പിക്കുന്നതും സ്കൂൾ നിയന്ത്രിക്കുന്നതുമെല്ലാം മകൻ
കഴിഞ്ഞ ഒരു മാസമായി എച്ച്.എം സ്കൂളിൽ വരാറില്ലെന്നും പകരം എല്ലാ കാര്യങ്ങളും മകനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും ഒരു അധ്യാപിക ഉദ്യോഗസ്ഥരോട് പറഞ്ഞു,
ഭോപ്പാൽ: ഹെഡ്‍മാസ്റ്റർക്ക് പകരം സ്കൂളിൽ പഠിപ്പിക്കുന്നതും സ്കൂൾ നിയന്ത്രിക്കുന്നതും അദ്ദേഹത്തിന്റെ മകനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടപടി സ്വീകരിച്ച് അധികൃതർ. മദ്ധ്യപ്രദേശിലെ അന്നുപൂർ ജില്ലയിലാണ് സംഭവം. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ അധികൃതരുടെ പരാതി പ്രകാരം ഹെഡ്‍മാസ്റ്റർക്കെതിരെയും മകനെതിരെയും പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ ചൊൽനയിലുള്ള സർക്കാർ പ്രൈമറി ആന്റ് മിഡിൽ സ്കൂളിൽ അന്നുപൂർ ജില്ലാ പഞ്ചായത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശനിയാഴ്ച പരിശോധനയ്ക്ക് എത്തിയതായിരുന്നു. അദ്ദേഹമാണ് സ്കൂളിലെ ക്രമക്കേടുകൾ കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചത്. പരിശോധനയ്ക്ക് എത്തിയപ്പോൾ ഹെഡ്‍മാസ്റ്റർ ചമൻ ലാൽ കൻവാറും മറ്റ് രണ്ട് ഗസ്റ്റ് അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തന്മയ് വസിഷ്ട് ശർമ പറഞ്ഞു. പകരം ഹെഡ്മാസ്റ്ററുടെ മകൻ രാകേഷ് പ്രതാപ് സിങാണ് സ്കൂളിൽ പഠിപ്പിക്കുകയും സ്കൂളിന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്തിരുന്നതത്രെ.
മറ്റ് അധ്യാപകരോട് കാര്യം അന്വേഷിച്ചപ്പോൾ, ഹെഡ്‍മാസ്റ്റർക്ക് കഴിഞ്ഞ ഒരു മാസമായി സുഖമില്ലെന്നും പകരം അദ്ദേഹത്തിന്റെ മകനാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അവർ വിശദീകരിച്ചു. തുടർന്ന് നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടതിന് ഹെഡ്മാസ്റ്ററുടെ മകനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അധ്യാപകന്റെ മകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ജൈതാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി ബ്ലോക്ക് റിസോഴ്സ് സെന്റർ ഓഫീസർ വിഷ്ണു മിശ്ര പറഞ്ഞു. ഹെഡ്മാസ്റ്റുറുടെ മകൻ അനധികൃതമായി സ്കൂളിൽ പഠിപ്പിക്കുകയും സ്കൂളിന്റെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്തുവെന്ന് കാണിച്ച് പരാതി ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു. തുടർന്ന് ഹെഡ്മാസ്റ്ററിനും മകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം വഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം