Asianet News MalayalamAsianet News Malayalam

ഹരിയാനയിൽ ജയിച്ചത് സത്യവും വികസനവും, രാജ്യമാകെ അലയടിക്കുമെന്ന് നരേന്ദ്ര മോദി; 'കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടി'

ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദില്ലിയിൽ പാർ‍ട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Haryana assembly election PM Modi congratulates BJP workers at Headquarters
Author
First Published Oct 8, 2024, 8:45 PM IST | Last Updated Oct 8, 2024, 9:02 PM IST

ദില്ലി: ബിജെപിക്ക് ഹരിയാനയിൽ ജനങ്ങൾ താമരപ്പൂക്കാലം നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യവും വികസനവുമാണ് ഹരിയാനയിൽ വിജയിച്ചത്. ഹരിയാനയിൽ ചരിത്രം തിരുത്തിയ വിജയമാണ് ബിജെപി നേടിയത്. ഇത് നഡ്ഡയുടെ ടീമിന്റെ വിജയമാണ്. ഹരിയാനയിൽ ഭരണമാറ്റമെന്ന ചരിത്രം മാറി. ബിജെപിക്ക് സീറ്റും വോട്ട് ശതമാനവും കൂടി. രാജ്യത്തെ സർക്കാരുകൾ ബിജെപി സർക്കാരുകളെ വീണ്ടും വീണ്ടും തെര‌ഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിൽ ദരിദ്രരെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടിയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

എവിടെയൊക്കെ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്നോ, അവിടെയൊക്കെ ദീർഘകാലം ജനങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നു. കോൺഗ്രസിന് എവിടെയെങ്കിലും ഭരണത്തുടർച്ച കിട്ടിയിട്ടുണ്ടോ? ഒരിടത്തും രണ്ടാമൂഴം കോൺഗ്രസിന് ജനങ്ങൾ നൽകിയിട്ടില്ല. ഇന്ത്യയിലെ പലയിടത്തും ജനങ്ങൾ കോൺഗ്രസിന് നോ എൻട്രി ബോർഡ് വെച്ചിരിക്കുകയാണ്. അധികാരമില്ലെങ്കിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിട്ട മത്സ്യത്തിന്റെ അവസ്ഥയാണ് കോൺഗ്രസിന്. ദരിദ്രരായവരെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. 100 വർഷം അധികാരം കിട്ടിയാലും കോൺഗ്രസ് ദളിതരെയോ ആദിവാസിയെയോ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരയോ പ്രധാനമന്ത്രി ആക്കില്ല. വോട്ട് ബാങ്കുകളെ മാത്രം സംതൃപ്തിപ്പെടുത്തുകയാണ് ഹരിയാനയിൽ കോൺഗ്രസ് ചെയ്തത്. രാജ്യത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചുവെന്നും കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ആ ശ്രമങ്ങളെ ഹരിയാനയിലെ കർഷകർ തള്ളിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സഖ്യ കക്ഷികളുടെ കനിവിലാണ് കോൺഗ്രസ് ജീവിക്കുന്നത്. സഖ്യ കക്ഷികളില്ലാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥിതിയായി. ജമ്മു കശ്മീരിൽ കണ്ടതും അതാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുകയാണ്. അർബൻ നക്സലുകളുമായി ചേർന്ന് രാജ്യത്ത് ഭീതി പടർത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണ്. ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയുടെ നേതൃത്വത്തിൽ തിളക്കമേറിയ വിജയമാണ് ബിജെപി നേടിയതെന്ന് ജെപി നദ്ദ പറഞ്ഞു. മോദിയുടെ നേതൃത്വത്തിന് ജനങ്ങൾ നൽകിയ വിശ്വാസമാണ് ഹരിയാനയിലെ വിജയം. മോദി ഉണ്ടെങ്കിൽ എന്തും സാധ്യമാകും. ജമ്മു കശ്മീരിൽ വോട്ട് വിഹിതം വർധിച്ചതും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞ അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എവിടെ കോൺഗ്രസ്‌ ഉണ്ടോ അവിടെ അഴിമതി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.  കോൺഗ്രസിൽ കുടുംബാധിപത്യമാണ്. ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios