ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികൾ മുതൽ അണ്ടർവാട്ടർ ഡ്രോണുകൾ വരെ; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്
സെപ്റ്റംബർ 30 നും ഒക്ടോബർ 1 നും ഇടയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണും തമ്മിൽ പാരീസിൽ കൂടിക്കാഴ്ച നടത്തും.
ദില്ലി: സുപ്രധാനമായ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്. ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഫ്രാൻസ് ഉറപ്പ് നൽകി. ഇതിന് പുറമെ, 110 കിലോ ന്യൂട്ടൺ ത്രസ്റ്റ് എയർക്രാഫ്റ്റ് എഞ്ചിനുകൾക്കും പൂർണ്ണ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോണുകൾക്കുമുള്ള സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയ്ക്ക് കൈമാറും. രണ്ട് ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ ആവശ്യകത ഇന്ത്യൻ നാവികസേന അടുത്തിടെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണ അറിയിച്ച് ഫ്രാൻസ് രംഗത്തെത്തിയിരിക്കുന്നത്.
സെപ്റ്റംബർ 30 നും ഒക്ടോബർ 1 നും ഇടയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണും തമ്മിൽ പാരീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. പാരീസ് സന്ദർശനത്തിനിടെ അജിത് ഡോവലും ഇമ്മാനുവൽ മാക്രോണും തമ്മിലും കൂടിക്കാഴ്ച നടത്തിയേക്കും. യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഡോവൽ മാക്രോണിനെ ധരിപ്പിക്കും. ഈ മാസം റഷ്യ സന്ദർശിച്ച അജിത് ഡോവൽ, ഓഗസ്റ്റ് 23ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചകളെ കുറിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് വിശദീകരിച്ചിരുന്നു.
ഇന്ത്യൻ നാവിക സേനയുടെ രണ്ട് വിമാനവാഹിനി കപ്പലുകൾക്കായി 26 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രോജക്റ്റ് 75 പ്രകാരം ഇന്ത്യയ്‌ക്ക് മൂന്ന് കൽവാരി ക്ലാസ് ഡീസൽ അറ്റാക്ക് അന്തർവാഹിനികൾ കൂടി ഫ്രാൻസ് നിർമ്മിച്ച് നൽകും. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്തോ-പസഫിക്കിൽ സഹകരണം ശക്തമാക്കാനാണ് ഫ്രാൻസും ഇന്ത്യയും തീരുമാനിച്ചിരിക്കുന്നത്.