400 ഇല്ല, ബിജെപിക്ക് പരമാവധി 260 സീറ്റ് വരെ; കോൺഗ്രസ് 100 കടക്കുമെന്നും പ്രവചിച്ച് യോഗേന്ദ്ര യാദവ്
ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്കുനിരത്തി യോഗേന്ദ്ര യാദവ് അവകാശപ്പെടുന്നത്. 240- 260 സീറ്റ് വരെ ബിജെപി നേടുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് 400 സീറ്റ് ലഭിക്കുമെന്ന വാദം തന്നെ ആവര്‍ത്തിക്കുമ്പോള്‍ ബിജെപിക്ക് പരമാവധി 260 സീറ്റ് വരെയാണ് നേടാനാവുകയെന്ന് പ്രവചിക്കുകയാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. അതേസമയം കോൺഗ്രസ് 100 കടക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
എൻഡിഎ തന്നെ അധികാരത്തില്‍ വരും എന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ പ്രശാന്ത് കിഷോര്‍ ആവര്‍ത്തിക്കുന്നത് ബിജെപി ഏറ്റെടുക്കുന്നതിനിടെയാണ് പ്രവചനവുമായി വീണ്ടും യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരിക്കുന്നത്.
വീണ്ടും നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം ലോകപ്രശസ്ത പൊളിറ്റിക്കല്‍ സയിന്‍റിസ്റ്റ് ഇയാൻ ബ്രമ്മര്‍ പ്രവചിച്ചിരുന്നു. ബിജെപി സഖ്യം 305 സീറ്റുകള്‍ നേടുമെന്നായിരുന്നു ബ്രമ്മറുടെ പ്രവചനം.
എന്നാല്‍ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് യോഗേന്ദ്ര യാദവിന്‍റെ കണക്കുകള്‍. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്കുനിരത്തി യോഗേന്ദ്ര യാദവ് അവകാശപ്പെടുന്നത്. 240- 260 സീറ്റ് വരെ ബിജെപി നേടുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എൻഡിഎ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 35-45 സീറ്റ് വരെ കിട്ടാം.
അതേസമയം കോൺഗ്രസ് 85- 100 സീറ്റിലധികം നേടുമെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് ഒഴികെയുള്ള ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് 120- 135 സീറ്റ് വരെ ലഭിക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ബിജെപിക്ക് സീറ്റ് കുറയുമെങ്കിലും എൻഡിഎ തന്നെ ഭരണത്തില്‍ വരുമെന്നാണ് മിക്ക പ്രവചനങ്ങളും അവകാശപ്പെടുന്നത്. എന്നാല്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരുമെന്നും വൈഎസ്ആര്‍ കോൺഗ്രസ് ഇത്തവണ കിംഗ് മേക്കറാകുമെന്നുമാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെയും വൈഎസ്ആര്‍ കോൺഗ്രസിന്‍റെയും അവകാശവാദം.
മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാൻ, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ രജ്ദീപ് സര്‍ ദേശായ് വ്യക്തമാക്കുന്നു. ഇതില്‍ മഹാരാഷ്ട്രയിലും ബീഹാറിലും ബിജെപി, ഒപ്പം കൂട്ടിയ സഖ്യകക്ഷികളുടെ പ്രകടം തിരിച്ചടിയാകും- ഒഡീഷ, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി ചെറിയ തോതില്‍ നില മെച്ചപ്പെടുത്തുമെന്നും യുപിയിലും ബംഗാളിലും തല്‍സ്ഥിതി നിലനിര്‍ത്തുമെന്നും രജ്ദീപ് സര്‍ ദേശായ് പറയുന്നു. കോൺഗ്രസ് നൂറോളം സീറ്റിലെത്താത്ത സാഹചര്യത്തില്‍ ഭരണമാറ്റത്തിന് രാജ്യത്ത് സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.
Also Read:- തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ ബിജെപി പ്രശാന്ത് കിഷോറിനെ പണം കൊടുത്ത് ഇറക്കി: തേജസ്വി യാദവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-