ജെഎന്‍യുവിലെ ആക്രമണം: വൈറലായ ദൃശ്യങ്ങളിലെ മുഖംമൂടിയണിഞ്ഞ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
ചെക്ക് ഷര്‍ട്ട് ധരിച്ച് ഇളം നീല നിറത്തിലുള്ള സ്കാര്‍ഫുകൊണ്ട് മുഖം മറച്ച് വടികളുമായി ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ ആക്രമിച്ച പെണ്‍കുട്ടി ദില്ലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ദില്ലി: ജെഎന്‍യു ക്യാമ്പസിലെ മുഖം മൂടി ആക്രമണത്തില്‍ ഭാഗമായ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായി ദില്ലി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം. ജനുവരി അഞ്ചിന് ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്‍റെ വൈറലായ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളുമുണ്ടായിരുന്നു. ചെക്ക് ഷര്‍ട്ട് ധരിച്ച് ഇളം നീല നിറത്തിലുള്ള സ്കാര്‍ഫുകൊണ്ട് മുഖം മറച്ച് വടികളുമായി ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ ആക്രമിച്ച പെണ്‍കുട്ടി ദില്ലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിദ്യാര്‍ഥിനിക്ക് നിര്‍ദേശം നല്‍കിയെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ദൗലത്ത് റാം കോളേജ് വിദ്യാര്‍ഥിനിയും എബിവിപി പ്രവര്‍ത്തകയുമായ കോമള്‍ ശര്‍മയാണ് വൈറല്‍ ചിത്രങ്ങളിലുള്ള പെണ്‍കുട്ടിയെന്ന് ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ മുഖം വെളിപ്പെടുത്തരുതെന്ന് കോമള്‍ ശര്‍മ്മയുടേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പുകളും ഇതിനോടകം പുറത്തുവന്നിരുന്നു.
കോമളിന്‍റെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്നു ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. ദില്ലി പൊലീസ് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട അക്ഷത് അവസ്തിയും അക്രമണത്തില്‍ കോമളിന്‍റെ പങ്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ടുഡേ നടത്തിയ സ്റ്റിംഗ് അന്വേഷണത്തിലായിരുന്നു അക്ഷത് അവസ്തിയുടെ വെളിപ്പെടുത്തല്‍ . സബര്‍മതി ഹോസ്റ്റലില്‍ നടന്ന അക്രമങ്ങളിലാണ് കോമളിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നത്. അതേസമയം ജെഎന്‍യു മുഖം മൂടി അക്രമ സംഭവത്തില്‍ യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പത് പേരെ ഇന്ന് ചോദ്യം ചെയ്യും.
മുഖം മൂടി ആക്രമണങ്ങളില്‍ പ്രതിചേര്‍ത്ത ഏഴ് ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരോടും രണ്ട് എബിവിപി പ്രവര്‍ത്തകരോടുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയത്. പെരിയാര്‍ ഹോസ്റ്റലില്‍ ആക്രമണം നടത്തിയ സംഘത്തിനൊപ്പം യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷും ഉണ്ടായിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതോടൊപ്പം ഇടത് സംഘടനയിലുള്ള വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ യൂണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ് വാട്സാപ് ഗ്രൂപ്പിലെ 37 പേര്‍ക്കും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തെ ക്യാമ്പസിലേക്ക് എത്തിച്ചതും ആക്രമണം നിയന്ത്രിച്ചതും രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ഈ വാട്സാപ്പ് ഗ്രൂപ്പാണെന്നാണ് കണ്ടെത്തല്‍.