മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി
വിദഗ്ധ സമിതിയുടെ നിർദേശങ്ങളും സിസോദിയ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.
ദില്ലി: മദ്യനയകേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തളളി. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സ്വർണ കാന്ത ശർമയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിസോദിയ ഗുരുതരമായ അധികാര ദുർവിനിയോഗവും വിശ്വാസ വഞ്ചനയും കാട്ടിയെന്ന് കേസിൽ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. മദ്യനയം രൂപീകരിക്കുന്നതിനായി പക്ഷപാതപരമായ നടപടികളെടുത്തെന്ന് തെളിവുകളിലൂടെ വ്യക്തമായി. വിദഗ്ധ സമിതിയുടെ നിർദേശങ്ങളും സിസോദിയ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.