പ്രതിദിന വർധന ഒരു ലക്ഷത്തോളം; രാജ്യത്ത് കൊവിഡ് രോഗികൾ 47 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1114 മരണം
കൊവിഡ് ബാധിച്ച് 1114 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ, കൊവിഡ് മരണസംഖ്യ 78586 ആയി ഉയര്‍ന്നു. നിലവില്‍ 973175 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തി ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 94, 372 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 47, 54, 356 ആയി. കൊവിഡ് ബാധിച്ച് 1114 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ, കൊവിഡ് മരണസംഖ്യ 78586 ആയി ഉയര്‍ന്നു. നിലവില്‍ 973175 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 37, 02, 595 പേർക്ക് രോഗം ഭേദമായി. 77. 87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇന്നലെ 10,71,702 സാമ്പിൾ പരിശോധന നടത്തിയതായി ഐ സി എം ആർ അറിയിച്ചു.
രാജ്യത്തെ അറുപത് ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ഇന്നലെ ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 22,084 പേർക്കും ആന്ധ്രയില്‍ 9901 പേർക്കും കര്‍ണാടകയില്‍ 9140 പേർക്കും തമിഴ്നാട്ടില്‍ 5495 പേർക്കും ഉത്തര്‍പ്രദേശില്‍ 6846 പേർക്കുമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലും പ്രതിദിന വര്‍ധന പുതിയ ഉയരത്തിലെത്തി. 4321 പേരാണ് പുതിയതായി രോഗികളായത്.
അതേസമയം, കൊവിഡ് ഭേദമായവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ മാർഗ നിർദേശം പുറത്തിറക്കി. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം, പ്രഭാത - സായാഹ്ന നടത്തം ശീലമാക്കണം, തുടർ പരിശോധനകൾ നടത്തണം തുടങ്ങിയ നിർദ്ദേശൾ അടങ്ങിയതാണ് മാർഗ നിർദേശം. കൊവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന തുടർ രോഗങ്ങൾ തടയാനാണ് പുതിയ മാർഗ നിർദേശം.