റെയിൽവെ വിഐപി ലോഞ്ചിൽ കിട്ടിയ ഭക്ഷണത്തിൽ പഴുതാര: ചിത്രം പങ്കുവെച്ച് യാത്രക്കാരൻ, പ്രതികരിച്ച് ഐആർസിടിസി

പ്രോട്ടീൻ കൂടെ ഉൾപ്പെടുത്തിയാണ് ഇപ്പോൾ റെയിൽവെ ഭക്ഷണം നൽകുന്നതെന്നാണ് ചിത്രം പങ്കുവെച്ച യാത്രക്കാരന്റെ പരിഹാസം.

centipede found in the food supplied inside VIP lounge and passenger shared image

ഡൽഹി: റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയതായി യാത്രക്കാരന്റെ ആരോപണം. റെയ്തയിൽ ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. നിരവധിപ്പേർ രോഷം പങ്കുവെച്ചപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തി.

ആര്യാൻശ് സിങ് എന്നയാളാണ് ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ 'പ്രോട്ടീൻ' ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹസിക്കുന്നത്. ഇത് ഐആർസിടിസിയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിലാണ് നടന്നതെന്നും അപ്പോൾ സാധാരണ ട്രെയിനുകളിലെയും പാൻട്രി കാറുകളിലെയും ഭക്ഷണത്തിന്റെ നിലവാരം ഊഹിക്കാമല്ലോ എന്നും അദ്ദേഹം പറയുന്നുണ്ട്. ട്രെയിനിൽ നിന്നും സ്റ്റേഷനിൽ നിന്നുമൊക്കെ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന അറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. 
 

ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേർ ഭക്ഷ്യ സുരക്ഷയിൽ ആശങ്കയും രോഷവും പങ്കുവെച്ചുകൊണ്ട് കമന്റുകൾ ചെയ്യുന്നുണ്ട്. ചിത്രത്തിലുള്ളത് പകുതിയിലധികം ഒഴ‌ിഞ്ഞ ഗ്ലാസ് ആയിരുന്നതിനാൽ അത്രയും ഭക്ഷണം കഴിച്ച് കഴി‌ഞ്ഞ ശേഷമാണോ പഴുതാരയെ കണ്ടതെന്ന് ചോദിക്കുന്നവരുമുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഭക്ഷണം കൂടി കൈയിൽ കരുതുന്നതാണ് ഏറ്റവും നല്ലതെന്ന് പലരും പറയുമ്പോൾ ട്രെയിനും പരിസരങ്ങളും വൃത്തിഹീനമാവാൻ കാരണം യാത്രക്കാർ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്.

അതേസമയം ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന ചിത്രവും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി ഐആർസിടിസി അധികൃതരും രംഗത്തെത്തി. രസീതോ ബുക്കിങ് വിവരങ്ങളോ നൽകണമെന്നാണ് ആവശ്യം. ഏത് സ്റ്റേഷനിൽ നിന്നാണ് സംഭവിച്ചതെന്ന വിവരവും പെട്ടെന്ന് നടപടിയെടുക്കാൻ പരാതിക്കാരന്റെ ഫോൺ നമ്പർ കൂടി നൽകണമെന്നും ഐആർസിടിസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ട്യൂബിൽ കാണാം   

Latest Videos
Follow Us:
Download App:
  • android
  • ios