കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ചത് 382 ഡോക്ടർമാർ; പോരാളികളെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഐഎംഎ
ഇതുവരെ കൊവിഡ് ബാധിച്ച് 382 ഡോക്ടർമാർ മരിച്ചിട്ടുണ്ടെന്ന കണക്കും ഐഎംഎ പുറത്തുവിട്ടു. ഈ കണക്ക് അനുസരിച്ച് മരിച്ചവരിൽ 27 വയസ്സുള്ളയാളും 85 വയസ്സുള്ളയാളും ഉൾപ്പെടുന്നു.
ദില്ലി: കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് ഒരു വാക്കു പോലും പരാമർശിക്കാതെയുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ പാർലമെന്റ് പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിൻകുമാർ ചൗബേയ്ക്കെതിരെയും വിമർശനമുയരുന്നുണ്ട്. ആരോഗ്യപ്രവർത്തകരെ കേന്ദ്രസർക്കാർ ആവഗണിക്കുകയാണെന്നാണ് ഐഎംഎയുടെ ആരോപണം. 1897 ലെ പകർച്ചവ്യാധി ദുരന്ത നിവാരണ നിയമം നടപ്പിലാക്കാനുള്ള അധികാരം സർക്കാരിന് നഷ്ടപ്പെട്ടുവെന്നും ഐഎംഎ ആരോപിക്കുന്നു.
ഇതുവരെ കൊവിഡ് ബാധിച്ച് 382 ഡോക്ടർമാർ മരിച്ചിട്ടുണ്ടെന്ന കണക്കും ഐഎംഎ പുറത്തുവിട്ടു. ഈ കണക്ക് അനുസരിച്ച് മരിച്ചവരിൽ 27 വയസ്സുള്ളയാളും 85 വയസ്സുള്ളയാളും ഉൾപ്പെടുന്നു. മഹാമാരി സമയത്തെ ആരോഗ്യ പ്രവർത്തകരുടെ സംഭാവനകളെ അംഗീകരിക്കുമ്പോൾ, ആരോഗ്യമന്ത്രി ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. ഈ വിവരങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് എത്താത്തത് ഭയപ്പെടുത്തുന്നു എന്നും ഐഎംഎ കൂട്ടിച്ചേർത്തു. ഇന്ത്യയിലെപ്പോലെ മറ്റൊരിടത്തും ഇത്രയും ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്നും ഐഎംഎ വ്യക്തമാക്കുന്നു.
പൊതുജനാരോഗ്യവും ആശുപത്രികളും സംസ്ഥാനങ്ങളുടെ കീഴിൽ വരുന്നതിനാൽ കേന്ദ്രസർക്കാരിന് വിവരങ്ങളൊന്നുമില്ലെന്നാണ് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാർ ചൗബ പാർലമെന്റിൽ പറഞ്ഞത്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ദേശീയ നായകൻമാരെ അവഗണിക്കുന്നതിന് തുല്യമാണ് ഈ പ്രസ്താവന. ഭാഗികമായ ഇൻഷുറൻസ് പദ്ധതി മുന്നോട്ട് വച്ച് നിരാശ്രയരായ അവരുടെ കുടുംബങ്ങളെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് അവരെ കൊവിഡ് പോരാളികളെന്ന് വിശേഷിപ്പിക്കുകയും മറുവശത്ത് അവർക്ക് അർഹമായ കാര്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്രത്തിന്റതെന്നും ഐഎംഎ ആരോപിച്ചു.