ദില്ലിക്ക് മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് ആതിഷി; ഒപ്പം 5 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുടർന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്
ദില്ലി: ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ദില്ലിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുടർന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ദില്ലി രാജ്നിവാസിലാണ് ചടങ്ങ് നടന്നത്.
ദില്ലി രാജ് നിവാസിൽ ലളിതമായ ചടങ്ങിലാണ് പുതിയ സഭ സത്യപ്രതിജ്ഞ ചെയ്തത്. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ 50 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി നേതാക്കളും ചടങ്ങിനെത്തി. ചടങ്ങിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവർ മുൻപ് കെജ്രിവാൾ മന്ത്രിസഭയിലും മന്ത്രിമാരായിരുന്നു. മന്ത്രിമാരുടെ വകുപ്പുകളിലും കാര്യമായ മാറ്റം ഇല്ല. ഈ മാസം 26, 27 തീയതികളിൽ ദില്ലി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.
നാളെ ജന്തർമന്തറിൽ നടക്കുന്ന ജനതാ അദാലത്തിലൂടെ കെജ്രിവാൾ സത്യസന്ധൻ എന്ന പ്രചാരണത്തിനും ആംആദ്മി പാർട്ടി തുടക്കം കുറിക്കും. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന കെജ്രിവാൾ രണ്ടാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയും. ദേശീയ പാർട്ടിയുടെ കൺവീനർ എന്ന നിലയ്ക്ക് കെജ്രിവാളിന് ഔദ്യോഗിക വസതി നൽകണമെന്ന ആവശ്യം എഎപി ശക്തമാക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് എഎപി കത്ത് നൽകി. കെജ്രിവാളിന് വസതി നല്കിയില്ലെങ്കിൽ അക്കാര്യം പ്രചാരണ വിഷയമാക്കുമെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കുന്നത്.