Asianet News MalayalamAsianet News Malayalam

ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാൾ 'കൂട്ടിലടച്ച കിളി'; വ്യവസ്ഥകൾ മുന്നോട്ടുവെച്ച് സുപ്രീം കോടതി

ജാമ്യം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലോ സെക്രട്ടേറിയറ്റിലോ അരവിന്ദ് കെജ്രിവാളിന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Arvind Kejriwal granted bail under specific terms and conditions by supreme court in Delhi Excise policy
Author
First Published Sep 13, 2024, 1:32 PM IST | Last Updated Sep 13, 2024, 1:32 PM IST

ദില്ലി: മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 1 മുതൽ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ തന്നെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 26 നാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. 

ജാമ്യം അനുവദിക്കുന്ന വേളയിൽ ഡൽഹി മുഖ്യമന്ത്രി പാലിക്കേണ്ട ചില വ്യവസ്ഥകൾ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ  നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കിൽ വിചാരണ കോടതിക്ക് മുമ്പാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാൽ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളിൽ ഒപ്പിടാൻ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്. 

ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് ജഡ്ജിമാര്‍ വിധി പറഞ്ഞത്. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ അപാകതകളില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 41-ാം വകുപ്പിലെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴിമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ഇഡിയുടെ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐ തിടുക്കം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഭൂയാൻ പറഞ്ഞു. 22 മാസങ്ങളായിട്ടും സിബിഐ നടപടി എടുത്തിരുന്നില്ല. കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് ഇഡി കേസിൽ ജാമ്യം അനുവദിച്ചതിനാൽ മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിഐ അറസ്റ്റ് ന്യായരഹിതമാണ്. അതിനാൽ കെജ്രിവാളിനെ ഉടൻ വിട്ടയക്കണമെന്നും സിബിഐ കേവലം 'കൂട്ടിലടച്ച തത്ത' മാത്രമല്ല, സ്വതന്ത്രവും സജീവവുമായ ഏജൻസിയാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഭൂയാൻ കൂട്ടിച്ചേ‍ർത്തു. 

2021-22 വർഷത്തേക്കുള്ള ദില്ലി മദ്യനയം രൂപീകരിക്കുന്നതിൽ ക്രമക്കേട് ആരോപിച്ചാണ് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് എ‌‌ടുത്തത്. മുഖ്യമന്ത്രിയായ കെജ്രിവാളും മറ്റ് എഎപി നേതാക്കളും ചേർന്ന് നയത്തിൽ മനഃപൂർവം പഴുതുകൾ സൃഷ്ടിച്ചുവെന്നാണ് ആരോപണം. ഇത്തരത്തിൽ ലഭിച്ച ഫണ്ട് ഗോവയിലെ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിച്ചെന്ന് അന്വേഷണ ഏജൻസികൾ അവകാശപ്പെട്ടിരുന്നു. സിബിഐയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. 2024 മാർച്ച് 21 ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, ജൂൺ 26 ന്, ഇഡി കസ്റ്റഡിയിൽ ആയിരിക്കെ, അതേ എക്സൈസ് കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിലെടുത്തു. അഞ്ച് മാസത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച കെജ്രിവാളിന്റെ തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പ്രവ‍‍ർത്തകർ.  

READ MORE: കെ ഫോൺ പദ്ധതി; സിബിഐ അന്വേഷണമാവശ്യപ്പെട്ട് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി

Latest Videos
Follow Us:
Download App:
  • android
  • ios