അന്ന് ആദ്യ ലേസർ നിയന്ത്രിത ബോംബ് വർഷിച്ച മലയാളി; ടൈഗർ കുന്നിലെ ഓപറേഷനെ കുറിച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ
ഓർമ്മകൾ പിന്നിലേക്ക് പായുമ്പോൾ 65 വയസുകാരനിൽ നിന്ന് 39 വയസിലെ വിങ് കമാൻഡറായി രഘുനാഥ് നമ്പ്യാർ മാറും.
ദില്ലി: കരസേനയും വ്യോമസേനയും നടത്തിയ സംയുക്ത നീക്കത്തിന് ഒടുവിലാണ് കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചത്. പാകിസ്ഥാനുമേൽ ആദ്യ ലേസർ നിയന്ത്രിത ബോംബ് വർഷിച്ചത് ഒരു മലയാളിയാണ്. ഇന്ത്യയുടെ മൂന്ന് കമാൻഡുകൾക്ക് ചുക്കാൻ പിടിച്ച എയർ ചീഫ് മാർഷൽ രഘുനാഥ് നമ്പ്യാർ. ആ വീരചരിത്രം അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു.
25 വർഷം മുൻപ് കാർഗിൽ യുദ്ധത്തിലെ ആ വലിയ ട്വിസ്റ്റ്. ടൈഗർ കുന്നിന് മുകളിൽ നിലയുറപ്പിച്ച ശത്രുവിനെ ഛിന്നഭിന്നമാക്കിയ ഓപ്പറേഷൻ. ഓർമ്മകൾ പിന്നിലേക്ക് പായുമ്പോൾ 65 വയസുകാരനിൽ നിന്ന് 39 വയസിലെ വിങ് കമാൻഡറായി രഘുനാഥ് നമ്പ്യാർ മാറും.
ഗ്വാളിയോറിലെ വ്യോമത്താവളത്തിലെ സേവനത്തിനിടെയാണ് യുദ്ധസംഘത്തിന്റെ ഭാഗമാകാനുള്ള ആ നിർദ്ദേശം രഘുനാഥ് നമ്പ്യാറിന് ലഭിക്കുന്നത്. വിളിയെത്തിയ രാത്രി പഞ്ചാബിലെ ആദംപൂർ വ്യോമത്താവളത്തിൽ. പിന്നീട് നടന്നത് വ്യോമസേനയുടെ സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്രം. ലഡാക്ക് മേഖയിലെ മുൻതോഡാൽഡോയിലെ മഞ്ഞുമൂടിയ മലനിരകളിൽ അതിർത്തി കടന്ന് എത്തിയ പാക് സംഘത്തെ നമ്പ്യാരും സംഘവും തകർത്തു. നമ്മുടെ വ്യോമസേന പിന്നീട് പാകിസ്ഥാന് ഏല്പിച്ചത് തുടർച്ചയായ പ്രഹരങ്ങളാണ്.
17 വയസിൽ വ്യോമസേനയുടെ ഭാഗമായ രഘുനാഥ് നമ്പ്യാർക്ക് ജീവിതം തന്നെ സേനയായി. 43 വർഷം നീണ്ട സർവീസിൽ പാകിസ്ഥാൻ അതിർത്തിയും കശ്മീരും ഉൾപ്പെടുന്ന പശ്ചിമ കമാൻഡ്, ചൈനീസ് അതിർത്തി കാക്കുന്ന കിഴക്കൻ കമാൻഡ്, പിന്നെ സതേൺ കമാൻഡ് എന്നിവയുടെ ചുമതലക്കാരനായി. അതിർത്തി കാക്കുന്ന സൈനികന് എന്നും ഊർജ്ജമാകുന്ന ഒരു പോരാട്ടത്തിൻറെ ചരിത്രത്തിൽ ഈ കണ്ണൂർകാരൻറെ പേരും എന്നുമുണ്ടാകും.