ദില്ലിയിലെ ലാൻഡിംഗിന് പിന്നാലെ ശുചീകരണത്തിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ കണ്ടെത്തിയത് വെടിയുണ്ടകൾ
ലാൻഡിംഗിന് പിന്നാലെ യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ വിമാനം വൃത്തിയാക്കുന്ന പ്രവർത്തികൾക്കിടയിലാണ് സീറ്റിനടിയിലെ പോക്കറ്റിൽ നിന്ന് തിരകൾ കണ്ടെത്തിയത്
ദില്ലി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണികൾക്ക് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകൾ. ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ശുചീകരണ പ്രവർത്തികൾക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ 916 വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
എല്ലാ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ നടത്തിയ ശുചീകരണത്തിനിടെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിന് പരിസരത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.
എന്നാൽ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ എപ്പോൾ വച്ചുവെന്ന സമയം വ്യക്തമായിട്ടില്ല. ഇതിൽ വ്യക്തത വരുത്താനായാൽ വെടിയുണ്ടകൾ സീറ്റിനടിയിൽ വച്ചത് ആരാണെന്ന് കണ്ടെത്താമെന്ന വിലയിരുത്തലാണ് അധികൃതർക്കുള്ളത്. സുരക്ഷാ പ്രോട്ടോക്കോളുകളിലെ പാളിച്ചകളേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് കണ്ടെത്തൽ. പുറപ്പെടുന്നതിന് മുൻപ് ശക്തമായ പരിശോധനയാണ് നടക്കുന്നത്. എക്സ്റേ പരിശോധനയും ബാഗേജ് പരിശോധനയും ഉൾപ്പെടെ നടത്തിയ ശേഷവും വിമാനത്തിനുള്ളിൽ തിരകൾ കണ്ടെത്തിയതിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. സാധാരണ ഗതിയിൽവെടിയുണ്ടകളും ആയുധങ്ങളും ഇത്തരം പരിശോധനയിൽ വ്യക്തമാകേണ്ടതാണ്. ഏത് വിമാനത്താവളത്തിൽ സംഭവിച്ച പിഴവാണ് ഇതെന്ന് കണ്ടെത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
ഒക്ടോബർ മാസത്തിൽ നിരവധി തവണയാണ് എയർ ഇന്ത്യ വിമാനത്തിന് ഭീഷണി നേരിട്ടിരുന്നു. 32ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി നേരിട്ടതെന്നാണ് എയർ ഇന്ത്യ വിശദമാക്കുന്നത്. നാനൂറിലേറെ വ്യാജ ഭീഷണിയാണ് രണ്ട് ആഴ്ചകൾക്കിടയിൽ എൻഐഎ പരിശോധിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം