ഇൻസ്റ്റഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ്, തെരഞ്ഞെടുപ്പിൽ കിട്ടിയത് 153 വോട്ടുകൾ; അജാസ് ഖാന് കനത്ത തിരിച്ചടി
തുടക്കത്തിൽ വോട്ടുകളുടെ എണ്ണം മൂന്നക്കത്തിൽ എത്തിക്കാൻ അജാസ് ഖാൻ പെടാപ്പാട് പെട്ടിരുന്നു.
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടനുമായ അജാസ് ഖാന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം അജാസ് ഖാന് വെറും 153 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. സോഷ്യൽ മീഡിയയിൽ വൻ ആരാധകരുള്ള അജാസിന് പക്ഷേ തൻ്റെ ഓൺലൈൻ ജനപ്രീതി വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. വെർസോവ സീറ്റിലാണ് അജാസ് ഖാൻ മത്സരിക്കുന്നത്.
യുപിയിലെ നാഗിനയിൽ നിന്നുള്ള എംപിയായ ചന്ദ്രശേഖർ ആസാദ് 'രാവൺ' നയിക്കുന്ന ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ടിക്കറ്റിലാണ് അജാസ് ഖാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തുടക്കത്തിൽ വോട്ടുകളുടെ എണ്ണം മൂന്നക്കത്തിൽ എത്തിക്കാൻ അജാസ് ഖാൻ പെടാപ്പാട് പെടുന്ന കാഴ്ചയാണ് കാണാനായത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സത്യാവസ്ഥ മനസിലാക്കാനുള്ള അവസരമായി കണക്കാക്കണമെന്നാണ് നെറ്റിസൺസ് നിർദ്ദേശിക്കുന്നത്.
ഡിജിറ്റൽ ഫോളോവേഴ്‌സ് വോട്ടുകളായി മാറണമെന്നില്ല, കഠിനാധ്വാനം ചെയ്യുകയും പൊതുജനങ്ങൾക്കായി പ്രവർത്തിക്കുകയും വേണം, രാഷ്ട്രീയത്തിൽ ഫിൽട്ടറുകളും ഹാഷ്‌ടാഗുകളും പ്രവർത്തിക്കില്ല എന്നതിൻ്റെ തെളിവ്, ജനാധിപത്യം റീലുകളോ സൗന്ദര്യാത്മക ഫീഡുകളോ ശ്രദ്ധിക്കില്ല തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയർന്നുവരുന്നത്. ശിവസേനയുടെ (യുബിടി) ഹാറൂൺ ഖാനും ബിജെപിയുടെ ഭാരതി ലവേക്കറും തമ്മിലുള്ള കടുത്ത പോരാട്ടമാണ് വെർസോവ മണ്ഡലത്തിൽ നടക്കുന്നത്. ട്രെൻഡുകൾ അനുസരിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം തകർപ്പൻ ജയം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.