43,409 പേർക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റ്, നടത്തിയത് വമ്പൻ തട്ടിപ്പ്; സർവകലാശാലക്കെതിരെ രാജസ്ഥാനിൽ അന്വേഷണം
2013 മുതൽ യൂണിവേഴ്സിറ്റി 708 പിഎച്ച്ഡികളും 8,861 എൻജിനീയറിങ് ബിരുദങ്ങളും ഫിസിക്കൽ എജ്യുക്കേഷനിൽ 1,640 ബിരുദങ്ങളും നൽകി. സർക്കാർ ജോലികൾക്ക് അപേക്ഷിക്കാൻ ഉദ്യോഗാർഥികൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നേടിയതായി പൊലീസ് സംശയിക്കുന്നു.
ജയ്പൂർ: രാജസ്ഥാനിലെ സ്വകാര്യ സർവ്വകലാശാല അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പേരിൽ വ്യാജ ബിരുദം നൽകിയെന്ന പരാതിയിൽ അന്വേഷണം. 43,409 പേർക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. 2013ൽ ആരംഭിച്ച ചുരുവിലെ ഓം പ്രകാശ് ജോഗേന്ദർ സിംഗ് (ഒപിജെഎസ്) സർവകലാശാലക്കെതിരെയാണ് ആരോപണം. സംഭവത്തിൽ രാജസ്ഥാൻ പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) അന്വേഷണം തുടങ്ങി. 2022 ലെ ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പിടിഐ) പരീക്ഷയ്ക്ക് 1,300 അപേക്ഷകർ ഈ സർവകാശാലയിലെ ബിരുദ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചത്.
ഈ സംഭവത്തിന് ശേഷമാണ് സർവകാശാല സംശയ നിഴലിലായത്. യൂണിവേഴ്സിറ്റിയിലെ പിടിഐ കോഴ്സിന് 2016 ൽ മാത്രമാണ് അക്രഡിറ്റേഷൻ ലഭിച്ചത്. വെറും 100 സീറ്റുകൾക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. 2020-ന് മുമ്പ് എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമേ പിടിഐ 2022 പരീക്ഷ എഴുതാൻ അർഹതയുള്ളൂ. അതുകൊണ്ടുതന്നെ സർവകലാശാലക്ക് ഇത്രയധികം യഥാർത്ഥ ബിരുദങ്ങൾ നൽകാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സർവകലാശാലയുടെ സ്ഥാപക ഉടമ ജോഗീന്ദർ സിംഗ് ദലാലിനെ അറസ്റ്റ് ചെയ്തിരുന്നു.
കോളേജ് പ്രവേശന പരീക്ഷകളിലെയും സർക്കാർ പരീക്ഷകളിലെയും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും സംബന്ധിച്ച അന്വേഷണമാണ് ജോഗീന്ദർ സിംഗ് ദലാലിലേക്ക് നയിച്ചത്. വിസ അപേക്ഷകൾക്കായി ബിരുദ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് മുൻകാല ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയതായി പ്രാഥമിക അന്വേഷണങ്ങൾ കണ്ടെത്തി.
2013 മുതൽ യൂണിവേഴ്സിറ്റി 708 പിഎച്ച്ഡികളും 8,861 എൻജിനീയറിങ് ബിരുദങ്ങളും ഫിസിക്കൽ എജ്യുക്കേഷനിൽ 1,640 ബിരുദങ്ങളും നൽകി. സർക്കാർ ജോലികൾക്ക് അപേക്ഷിക്കാൻ ഉദ്യോഗാർഥികൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നേടിയതായി പൊലീസ് സംശയിക്കുന്നു. സർവകലാശാലയിൽ 30 ൽ താഴെ ജീവനക്കാരാണ് ഉള്ളത്. ഇത്രയും പരിമിതമായ ജീവനക്കാരുമായി സർവകലാശാല നടത്തുക സാധ്യമല്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ജൂൺ 24 ന് രാജസ്ഥാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയിലെ എല്ലാ കോഴ്‌സുകളിലേക്കും പുതിയ പ്രവേശനം നിർത്തിവച്ച് ഉത്തരവിറക്കി.