ബൈക്കിൽ ട്രിപ്പിളടിച്ച് യുവാക്കൾ, സൂക്ഷിച്ച് പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; 22 കാരനെ കുത്തിക്കൊന്നു
ബൈക്കിൽ ട്രിപ്പിളടിച്ച് വന്ന യുവാക്കളോട് സൂക്ഷിച്ച് വണ്ടിയോടിക്കണമെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. അങ്കുറിന്‍റെ ഉപദേശം ഇഷ്ടപ്പെടാത്ത യുവാക്കൾ ബൈക്ക് നിർത്തി സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു.
ദില്ലി: ദില്ലിയിൽ യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു. ബൈക്കിൽ ട്രിപ്പിളടിച്ച് പോവുകയായിരുന്ന യുവാക്കളോട് സൂക്ഷിച്ച് വാഹനമോടിക്കാൻ പറഞ്ഞതിനാണ് അങ്കുർ എന്ന യുവാവിനെ മൂന്ന് പേർ ആക്രമിച്ചത്. വഴക്കിനിടെ പ്രതികളിലൊരാൾ കത്തികൊണ്ട് അങ്കുറിനെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ പ്രതികളിലൊരാളായ വികാസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വടക്കുകിഴക്കൻ ദില്ലിയിലെ ഹർഷ് വിഹാർ മേഖലയിൽ ആണ് ദാരുണമായ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ശനിയാഴ്ച സഹോദരൻ ഹിമാൻഷുവിനൊപ്പം ദസറ മേളയിൽ പങ്കെടുത്ത് മടങ്ങവേയാണ് പ്രതാപ് നഗർ സ്വദേശിയായ അങ്കുറിനെ മൂന്ന് യുവാക്കൾ ആക്രമിച്ചത്. സബോലി റോഡിൽ വെച്ച് അങ്കുറും ഹിമാൻഷുവും ബൈക്കിൽ ട്രിപ്പിളടിച്ച് വന്ന യുവാക്കളോട് സൂക്ഷിച്ച് വണ്ടിയോടിക്കണമെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. അങ്കുറിന്‍റെ ഉപദേശം ഇഷ്ടപ്പെടാത്ത യുവാക്കൾ ബൈക്ക് നിർത്തി സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു.
ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ പ്രതികളിലൊരാൾ കത്തിയെടുത്ത് രണ്ട് സഹോദരന്മാരെയും കുത്തുകയായിരുന്നു. കഴുത്തിലും തുടയിലും നെഞ്ചിലും കുത്തേറ്റ് ഗുരുതര പരിക്കേറ്റ അങ്കുറിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അങ്കുറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read More :