പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു
പബ്ജി യഥാർത്ഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. നിരോധിച്ച ആപ്ലിക്കേഷനുകളുടെ പട്ടിക കാണാം..
ദില്ലി: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഏതൊക്കെയാണെന്ന പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
.
നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വളർച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി യഥാർത്ഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം.
ടെൻസെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടിയിൽപരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ളേ എന്നിവയിൽ നിന്ന് മെയ് 1 മുതൽ മെയ് 31 വരെ ശേഖരിച്ച വിവരങ്ങൾ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതൽ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈൽ.