ആഘോഷം കഴിഞ്ഞ് പെട്ടിയിൽ ഊരിവെച്ച 13 പവൻ സ്വർണം കാണാനില്ല; രണ്ടാഴ്ച കൊണ്ട് ജോലി നിർത്തിപ്പോയ കെയർടേക്കർ പിടിയിൽ
രണ്ട് കെയർ ടേക്കർമാർ ഈ സമയത്ത് പരാതിക്കാരിയുടെ ഭർത്താവിനെ പരിചരിക്കാൻ വീട്ടിലെത്തിയിരുന്നു. ഇവരിൽ ഒരു യുവതിയിലേക്കാണ് സംശയം നീണ്ടത്.
ബംഗളുരു: വീട്ടിൽ നിന്ന് 108 ഗ്രാം സ്വർണം കാണാതായ സംഭവത്തിൽ നേരത്തെ വീട്ടിൽ ജോലി ചെയ്തിരുന്ന കെയർ ടേക്കർ പിടിയിൽ. ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇവർ വീട്ടിൽ നിന്ന് ആരുമറിയാതെ മോഷ്ടിച്ചത്. ഇതിന്റെ നല്ലൊരു ഭാഗം വിൽക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്നതും വിറ്റതും ഉൾപ്പെടെയുള്ള ആഭരണങ്ങൾ അന്വേഷണത്തിൽ വീണ്ടെടുത്തു.
ബംഗളുരുവിലാണ് സംഭവം. അഞ്ജനാദ്രി ലേഔട്ടിലെ ഒരു അപ്പാട്ട്മെന്റിൽ താമസിക്കുന്ന ഭാവന എന്ന സ്ത്രീ ഒക്ടോബർ 31നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് മാലകളും രണ്ട് വളകളും കമ്മലുകളും ബ്രേസ്‍ലറ്റുകളും മൂക്കുത്തിയും ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ കാണാതായെന്നായിരുന്നു പരാതി. വീട്ടിലെ കിടപ്പുമുറിയിൽ ഒരു ഇരുമ്പ് പെട്ടിയിലായിരുന്നത്രെ ഇവ സൂക്ഷിച്ചിരുന്നത്.
ദസറ ആഘോഷങ്ങൾക്കായി താനും കുടുംബാംഗങ്ങളും അണിഞ്ഞിരുന്ന ആഭരണങ്ങൾ ഒക്ടോബർ ഏഴാം തീയ്യതി പെട്ടിയിൽ വെച്ചു. പിന്നീട് ലക്ഷ്മിപൂജ, ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ഇവ എടുക്കാനായി പെട്ടിതുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടമായെന്ന് മനസിലായത്. ഈ ദിവസങ്ങളിൽ ഭർത്താവിന്റെ അമ്മയെ പരിചരിക്കാനായി വീട്ടിൽ രണ്ട് കെയർടേക്കർമാർ വന്നിരുന്നെന്നും ഇവരെയാണ് സംശയമെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇവരിൽ രണ്ടാഴ്ച മാത്രം ജോലിക്ക് നിന്ന ശേഷം പിന്നീട് വരാതിരുന്ന സോണിയ എന്ന യുവതിയെ ചുറ്റിപ്പറ്റിയായി അന്വേഷണം.
ഒരു ഏജൻസി വഴിയാണ് സോണിയ ഇവിടെ ജോലിക്കെത്തിയത്. തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി. ഏതാനും ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കാണാതായതിൽ 18 ഗ്രാം ആഭരണങ്ങൾ വീട്ടിൽ തന്നെയുണ്ടായിരുന്നു. എട്ട് ഗ്രാമിന്റെ ഒരു മോതിരം ഭർത്താവിന് കൊടുത്തതും കണ്ടെടുത്തു. ബാക്കിയുള്ള ആഭരണങ്ങൾ ആർബിഐ ലേഔട്ടിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റിരുന്നു. സ്വന്തം ആഭരണങ്ങളാണെന്നും പണത്തിന് അത്യാവശ്യമുള്ളത് കൊണ്ട് വിൽക്കുന്നുവെന്നുമാണ് അവരോട് പറഞ്ഞതെന്ന് ജീവനക്കാർ പറയുന്നു. ഇതും പിടിച്ചെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം