എഴുതപ്പെടാത്തവരുടെ ചരിത്രം; 'ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' റിവ്യൂ
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' എന്ന ചിത്രത്തിന്‍റെ റിവ്യൂ, നിര്‍മല്‍ സുധാകരന്‍ എഴുതുന്നു
ആദ്യകാഴ്ചയില്‍ പേര് പോലെതന്നെ ഒരു അസംബന്ധ ആഖ്യാനമായി തോന്നുന്ന ചിത്രമാണ് ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഇപ്പോഴത്തെ മിനിസ്ക്രീന്‍ നിലവാരത്തിനും താഴെ നില്‍ക്കുന്ന ഗ്രാഫിക്സും, ഡോക്യുമെന്‍ററിക്കും സാമൂഹിക ആക്ഷേപഹാസ്യത്തിനുമിടയില്‍ നിന്നുതിരിയുന്ന നരേഷനുമൊക്കെയായി ഈ ചിത്രം മത്സരവിഭാഗത്തില്‍ എന്തിനെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. പക്ഷേ അതൊക്കെ ആദ്യത്തെ അര മണിക്കൂറിലെ കഥയാണ്. ചിത്രം പുരോഗമിക്കുമ്പോഴാണ് ഈ ശൈലി സംവിധായിക ബോധപൂര്‍വ്വം ചമച്ചിരിക്കുന്ന ഒരു ആഖ്യാനകൗശലമാണെന്ന് മനസിലാക്കാനാവുക. ആ അര്‍ഥത്തില്‍ അതിന്‍റേതായ സവിശേഷ വ്യക്തിത്വമുള്ള ചിത്രമാണ് ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്.
നാല് പതിറ്റാണ്ടോളം നാടകവേദിയില്‍ പ്രവര്‍ത്തിച്ച അനാമിക ഹക്സര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ചരിത്രമുറങ്ങുന്ന പുരാതന ദില്ലിയിലെ ഇടുങ്ങിയ ഗലികളിലെ ജീവിതങ്ങളിലേക്കാണ് അവര്‍ ക്യാമറ തിരിയ്ക്കുന്നത്. വികസനമിരിക്കുന്നത് ആകാശം മുട്ടുന്ന കെട്ടിടങ്ങളില്‍ മാത്രമാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെ നോട്ടത്തിന് കീഴെ, ഏത് നിമിഷവും കിടപ്പാട്ടം നഷ്ടപ്പെട്ടേക്കാവുന്ന മനുഷ്യരാണ് ചിത്രത്തിലേത്. അധികാരത്തിന്‍റെ പല തട്ടുകളില്‍ നിന്നായി എപ്പോഴും വേട്ടയാടപ്പെടുന്ന അഴുക്ക് പുരണ്ട അവരെ ചൂണ്ടിക്കാട്ടി സ്വതന്ത്ര ഇന്ത്യ പിന്നിട്ട ഏഴ് പതിറ്റാണ്ടുകളെ കണക്കിന് പരിഹസിക്കുകയാണ് സംവിധായിക.
നാല് പ്രധാന കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. എല്ലാവരും പലകാലങ്ങളിലായി ഓള്‍ഡ് ദില്ലിയിലേക്ക് കുടിയേറിയവര്‍, അല്ലെങ്കില്‍ സാഹചര്യങ്ങളാല്‍ അവിടെ എത്തപ്പെട്ടവര്‍. അലിഗഡില്‍ നിന്നെത്തിയ ഒരു പോക്കറ്റടിക്കാരന്‍, യുപിയില്‍ നിന്നുള്ള ഒരു കച്ചവടക്കാരന്‍, കേരളത്തില്‍ നിന്ന് ദുബൈയിലേക്ക് പോകാനിറങ്ങി ഇവിടെ അടിഞ്ഞുപോയ ഒരു ലോഡിംഗ് തൊഴിലാളി, ടൂറിസ്റ്റുകളെ പുരാതന ദില്ലി പരിചയപ്പെടുത്തി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഒരാള്‍. എല്ലാവരും അതിജീവനത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നന്നേ കഷ്ടപ്പെടുന്നവര്‍. ഒരു ചരിത്രപുസ്തകത്തിലും ഇടംപിടിക്കാതിരുന്നവരുടെ പിന്‍തലമുറ.
നാല് കഥാപാത്രങ്ങളും സ്വപ്നം കാണുന്നവരാണ്. ചിലപ്പോഴൊക്കെ ഉണര്‍ന്നിരിക്കുമ്പോഴും. ആ സ്വപ്നങ്ങള്‍ക്കും അവരുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കുമിടയിലുള്ള പരസ്പരബന്ധമില്ലായ്മയിലാണ് ചിത്രത്തിന്‍റെ ഫോക്കസ്. പൂര്‍ത്തീകരിക്കപ്പെടാന്‍ ഒരിക്കലും സാധ്യതയില്ലാത്ത, കാണുന്നവര്‍ക്കും അതേക്കുറിച്ച് അറിയാവുന്ന സ്വപ്നങ്ങളാണ് സംവിധായിക, നേരത്തേ പറഞ്ഞത് പ്രകാരം അമച്വര്‍ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഇടംപിടിക്കാതിരുന്ന ഭൂരിപക്ഷത്തിന്‍റെ പിന്‍മുറക്കാര്‍ക്ക് കാലം കാത്തുവച്ചിരുന്നത് സുഗന്ധമില്ലാത്ത 'കടലാസ് പൂക്കള്‍' മാത്രമാണെന്ന് ഇതിലൂടെ പറയുന്നുണ്ട് അനാമിക ഹക്സര്‍. ദൃശ്യവല്‍ക്കരിച്ച സ്വപ്നങ്ങളെല്ലാം ഫിക്ഷന്‍ അല്ലെന്നും അവയെല്ലാം പുരാതന ദില്ലിയിലുള്ളവരോട് ചോദിച്ചറിഞ്ഞതാണെന്നും എന്‍ഡ് ടൈറ്റില്‍സിനൊപ്പം സംവിധായിക പറയുന്നുണ്ട്.
മലയാളിയായ നാടക കലാകാരന്‍ ഗോപാലനാണ് കേരളത്തില്‍ നിന്നുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവരായി ഓരം ചേര്‍ക്കപ്പെട്ടിട്ടും നിരാശയുടെ പടുകുഴിയില്‍ വീണവരോ കാരുണ്യം അഭ്യര്‍ഥിക്കുന്നവരോ അല്ല ടേക്കിംഗ് ഹോഴ്സിലെ കഥാപാത്രങ്ങള്‍. മറിച്ച് യാഥാര്‍ഥ്യം മനസ്സിലായിട്ടും വീണുപോകാതെ, അതിജീവനത്തിനായി പോരാടുന്നവരാണ്. താഴേത്തട്ടിനോട് സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് മാത്രം കാരുണ്യം ഭാവിക്കുന്ന മധ്യവര്‍ഗ്ഗ മനോഭാവത്തെയടക്കം പരിഹസിക്കുന്നുണ്ട് ചിത്രം. സാങ്കേതികതയടക്കം, ഒരു ഫീച്ചര്‍ഫിലിമിനെ വിലയിരുത്താനുള്ള സാധാരണ മാനദണ്ഡങ്ങളാല്‍ നോക്കി, തള്ളിക്കളയേണ്ട ചിത്രമല്ല ടേക്കിംഗ് ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. 'അസംബന്ധ സ്വഭാവ'മുള്ള ആഖ്യാനമടക്കം സംവിധായിക ഉന്നം വച്ചത് പൂര്‍ണതയില്‍ എത്താതെ പലപ്പോഴും ഏച്ചുകെട്ടല്‍ അനുഭവപ്പെടുത്തുന്നുണ്ട്. എങ്കിലും നരേഷനില്‍ ഒരു വിചിത്രാനുഭവമുണ്ടാക്കുന്നുണ്ട് ചിത്രം, കനപ്പെട്ട രാഷ്ട്രീയം പറഞ്ഞുകൊണ്ട്.