കണ്ണീരില്‍ നിര്‍മ്മിച്ച സിനിമ- 'ദ ഗ്രേവ്‌ലസ്' റിവ്യൂ
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഗ്രേവ്‌ലസ് എന്ന ചിത്രത്തിന്റെ റിവ്യു. ജോമിറ്റ് ജോസ് എഴുതുന്നു.
ലോകമെമ്പാടും സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചൈനീസ് ചലച്ചിത്രമാണ് സാങ് യാങ് സംവിധാനം ചെയ്ത 'ഗെറ്റിംഗ് ഹോം'. ലിയു എന്ന് പേരുള്ള സഹപ്രവര്‍ത്തകന്‍റെ മൃതദേഹം അയാളുടെ ആഗ്രഹപ്രകാരം വീട്ടിലെത്തിക്കാനായി സാവോ എന്ന സുഹൃത്ത് മലകള്‍ താണ്ടിനടത്തുന്ന യാത്രയായിരുന്നു ഇതിവൃത്തം. കറുത്ത ഹാസ്യത്തിന്‍റെ അകമ്പടിയില്‍ ഒരു റോഡ് മൂവിയായാണ് ഈ ചിത്രം അവതരിക്കപ്പെട്ടത്. എന്നാല്‍ കറുത്ത ഹാസ്യത്തിനിടയിലും പ്രേക്ഷകന്‍റെ കണ്ണീരുതിര്‍ത്താണ് സിനിമ അവസാനിച്ചത്.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇറാനിയന്‍ സംവിധായകന്‍ മുസ്‌തഫ സയാരി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദ് ഗ്രേവ്‌ലസ്' എന്ന ചിത്രവും ഒരു മൃതദേഹവും വഹിച്ചുള്ള യാത്രയാണ്. ഇവിടെ പിതാവിന്‍റെ മൃതദേഹവുമായി മൂന്ന് ആണ്‍മക്കളും ഒരു മകളും രണ്ട് കാറിലായി യാത്ര തിരിക്കുന്നു. എന്നാല്‍ കറുത്ത ഹാസ്യത്തിനും കണ്ണ് കയ്യേറുന്ന ദൃശ്യങ്ങള്‍ക്കും പകരം തുടക്കം മുതല്‍ ഒടുക്കംവരെ കണ്ണീരുകൊണ്ട് സഞ്ചരിക്കുന്ന സിനിമയായാണ് ദ് ഗ്രേവ്‌ലസ് അനുഭവപ്പെടുന്നത്.
നാല് മക്കളുടെ പിതാവായ വൃദ്ധന്‍ മരിച്ചതിന് ശേഷം ആ വീട്ടിലെ ദൃശ്യങ്ങളോടെയാണ് സിനിമ ആരംഭിക്കുന്നത്. ഏറെക്കാലം പിതാവിനെ പരിചരിച്ച ഇളയ മകനെ പരിശോധിക്കാനെത്തുന്ന ഡോക്‌ടര്‍ മരണ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു. മരണകാരണം ദുരൂഹമാക്കിയാണ് ഈ എന്‍ട്രി. പിന്നാലെ പിതാവിന്‍റെ മൃതദേഹവുമായി മക്കള്‍ നാലുപേരും ചേര്‍ന്ന് രണ്ട് കാറിലായി യാത്രപുറപ്പെടുകയാണ്. പിതാവിന്‍റെ അന്ത്യാഭിലാഷപ്രകാരം ദൂരെയുള്ള ഒരു സ്ഥലത്ത് മൃതദേഹം അടക്കം ചെയ്യാനാണ് ഈ യാത്ര.
എന്നാല്‍ ദൈര്‍ഘ്യമേറിയ യാത്രയും പഴക്കവും മൂലം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങുന്നു. ഇതിനിടയില്‍ പിതാവിന്‍റെ മരണത്തെ ചൊല്ലി മക്കള്‍ക്കിടയില്‍ വാഗ്‌വാദവും കയ്യാങ്കളിയും ഉടലെടുക്കുന്നുണ്ട്. ഇളയ സഹോദരനോട് പകവീട്ടാനുള്ള അവസരമായാണ് മൂത്തമകന്‍ ഈ സമയം ഉപയോഗിക്കുന്നത്. എന്നാല്‍ ഏറെ പ്രതിസന്ധികള്‍ക്കും നീണ്ട യാത്രയ്ക്കൊടുവില്‍ അവര്‍ തേടിയിറങ്ങിയ സ്ഥലത്ത് എത്തുന്നുണ്ടെങ്കിലും ചില സസ്‌പെന്‍സുകളും ചോദ്യങ്ങളും ബാക്കിയാക്കി ചിത്രം അവസാനിക്കുകയാണ്.
എങ്ങനെയാണ് അയാള്‍ മരിച്ചുവെന്ന ദുരൂഹതകള്‍ തുടക്കം മുതല്‍ അവസാനംവരെ ബാക്കിവെച്ചാണ് ചിത്രത്തിന്‍റെ യാത്ര. വെറും 74 മിനുറ്റ് ദൈര്‍ഘ്യത്തിലാണ് സംവിധായകന്‍ കഥ പറയുന്നത്. എന്നാല്‍ വൈകാരികത ഒട്ടും ചോരാതെ കണ്ണീരുകൊണ്ടാണ് കഥപറച്ചില്‍. മൃതദേഹവും യാത്രയും കാണികളെ വേദനയുടെ പാരമ്യതയിലേക്കാണ് നയിക്കുന്നത്. ഏറെ ചിരിപ്പിച്ച 'ഗെറ്റിംഗ് ഹോം'മില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനെ ചുണ്ടുകള്‍ കടിച്ചമര്‍ത്തി ശ്വാസംപിടിച്ച് കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചിത്രം.
വൈകാരിക കഥപറച്ചിലിനിടയിലും സാങ്കേതികതയില്‍ വിട്ടുവീഴ്ച്ചയ്ക്ക് സംവിധായകന്‍ മുസ്‌തഫ സയാരി മുതിര്‍ന്നിട്ടില്ല. ഹമീദ് ഹെസേനിയുടെ ക്യാമറ മികച്ച ദൃശ്യവല്‍ക്കരണം സാധ്യമാക്കി. വൈകാരികമായ ദൃശ്യങ്ങള്‍ക്ക് തീവ്രത പകരാന്‍ പശ്ചാത്തലസംഗീതത്തിനുമായി. ഹയേദ് സഫിയാരിയുടെ എഡിറ്റിംഗ് ഇതിനെ നന്നായി തുന്നിച്ചേര്‍ത്തിട്ടുമുണ്ട്. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നദീര്‍ ഫല്ലാ, എല്‍ഹാം കോര്‍ദ, മജീദ് അഗാകരീമി, വഹീദ് രാദ്, മുഹമ്മദ് റബാനി എന്നിവര്‍ സ്‌ക്രീനിലും അവിസ്‌മരണീയമായി.
വേഗം അവസാനിച്ചു എന്ന് തോന്നിപ്പിക്കാതെയും അനാവശ്യ ട്വിസ്റ്റുകളുമില്ലാതെയാണ് 'ദ് ഗ്രേവ്‌ലസ്' വിസ്‌മയിപ്പിക്കുന്നത്. അത്രത്തോളം ആഴത്തില്‍ സ്‌പര്‍ശിക്കാന്‍ കഴിയുന്ന ആത്മാവ് ഈ സിനിമയ്ക്കുണ്ട്. അതാണ് 'ദ് ഗ്രേവ്‌ലസ്' എന്ന സിനിമ കാഴ്‌ചക്കാരന് ഉറപ്പുനല്‍കുന്നത്.