ഒരു വീടിന്‍റെ വൈകാരികത; ഒരു പൊളിച്ചെഴുത്ത് - 'ദ ബെഡ്' റിവ്യൂ
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ദ ബെഡ് എന്ന ചിത്രത്തിന്റെ റിവ്യു. ജോമിറ്റ് ജോസ് എഴുതുന്നു
പതിറ്റാണ്ടുകളോളം ഒരുമിച്ച് താമസിച്ച വീടിനോട് വിടപറയുമ്പോള്‍ വൈകാരികമായിരിക്കും രംഗങ്ങള്‍. അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസ് നഗരത്തില്‍ തങ്ങളുടെ വീട് ഉപേക്ഷിക്കും മുന്‍പ് അവസാന 24 മണിക്കൂര്‍ ആസ്വദിക്കുകയാണ് അറുപത് പിന്നിട്ട ജോര്‍ജും മേബലും. അവരുടെ അവസാന ദിനത്തെ വീടിനുള്ളില്‍ വൈകാരികത കൊണ്ട് തളച്ചിടുകയാണ് 'ദ് ബെഡ്'. ആ വീട്ടില്‍ വെച്ച് അവസാനമായി രതിയില്‍ ഏര്‍പ്പെടാനുള്ള അവരുടെ ശ്രമം വിഫലമാകുന്നിടത്താണ് ചിത്രത്തിന്‍റെ തുടക്കം. ദൈര്‍ഘ്യമേറിയ ഒരു ഷോട്ടിലാണ് സംവിധായിക ഇത് അവതരിപ്പിക്കുന്നത്. തന്‍റെ ആദ്യ ഫീച്ചര്‍ സിനിമയായ 'ദ് ബെഡ്' എന്ന ചിത്രത്തിലൂടെ അര്‍ജന്‍റീനന്‍ സംവിധായിക മോണിക്ക ലെയ്‌റാന നാം കണ്ടുപരിചരിച്ച ഇമോഷണല്‍ ഡ്രാമയുടെ നിര്‍വചനങ്ങള്‍ മാറ്റിയെഴുതുകയാണ്.
രതിശ്രമം വിഫലമായതോടെ ജോര്‍ജും മേബലും വിങ്ങിപ്പൊട്ടുന്നു. പിന്നീട് ഉറങ്ങിയും വീട്ടിലെ വസ്തുക്കളെല്ലാം അടുക്കിപെറുക്കിയും പാക്ക് ചെയ്തും ഒന്നിച്ച് കുളിച്ചും നായയെ താലോലിച്ചുമെല്ലാം അവര്‍ സമയം ചിലവിടുന്നു. പഴയ വസ്ത്രങ്ങള്‍ ഓരോന്നായി എടുത്തുനോക്കിയും അണിഞ്ഞും പിന്നിട്ട കാലത്തെ വീണ്ടെടുക്കുന്നു. എല്ലാ ദിനവും പോലെ ഭക്ഷണം തയ്യാറാക്കിയും കഴിച്ചും അന്നും അവര്‍ കഴിച്ചുകൂട്ടുകയാണ്. മറ്റൊരു വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് ഈ വീടിനകത്തുള്ള അവരുടെ തയ്യാറെടുപ്പുകളും വൈകാരിക സംവേദനങ്ങളുമാണ് ദ് ബെഡ് പറയുന്നത്. ഒടുവില്‍ വൈകാരികമൂര്‍ച്ചയില്‍ കണ്ണീരോടെ അവരുടെ വിടപറച്ചിലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ചിത്രം.
തൊണ്ണൂറ്റിയഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ രണ്ടോ മൂന്നോ സീനുകള്‍ മാത്രമാണ് വീടിന് മുറ്റത്തേക്ക് വളരുന്നത്. ബാക്കി നേരമത്രയും സിനിമ ആ വീടിനുള്ളില്‍ രണ്ട് കഥാപാത്രങ്ങളിലേക്ക് ചുരുങ്ങുകയാണ്. അവരുടെ മാനസികവ്യാപാരങ്ങള്‍ മാത്രമാണ് കഥാപുരോഗതിയെ നയിക്കുന്നത്. പുറംലോകത്തുനിന്ന് മറ്റൊരു ഇടപെടലും അവരിലേക്ക് കടന്നുവരുന്നില്ല. എന്നാല്‍ അവരുടെ മനസിനെ വിശാലലോകവുമായി ബന്ധിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ആദ്യ ഷോട്ട് മുതല്‍ ഇവര്‍ക്കിടയിലെ വിശാല അര്‍ത്ഥത്തെ വെളിപ്പെടുത്തുന്നുണ്ട് ഫ്ലാവിയോ ഡ്രാഗോസെറ്റിന്‍റെ ഛായാഗ്രഹണം.
അകലുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുമ്പോഴും വൈകാരികമായി ഇവര്‍ തമ്മിലുള്ള അടുപ്പം വ്യക്തമാക്കിയാണ് കഥാപാത്ര സൃഷ്‍ടി. വൃദ്ധരായി സാന്ദ്രയും അലഹോയും ആ പ്രായത്തിലും വലിയ അഭിനയശേഷി കാട്ടിയിട്ടുണ്ട്. രതിരംഗങ്ങളില്‍ പോലും വൈകാരികവും ലോംഗ് ടേക്കിന്‍റെ സങ്കീര്‍ണതകളില്ലാതെയുമാണ് അഭിനയിച്ച് തകര്‍ത്തിരിക്കുന്നത്. നാടകീയമായ കഥപറച്ചിലിനിടയിലും ചിത്രസന്നിവേശത്തില്‍ ഒട്ടും ഇഴച്ചില്‍ തോന്നുന്നില്ല. തന്‍റെ ആദ്യ ചിത്രം ഒരു ഇമോഷണല്‍ ഡ്രാമയായി നന്നായി അവതരിപ്പിക്കാന്‍ മോണിക്ക ലെയ്‌റാനക്കായിട്ടുണ്ട്.