'നൈറ്റ് ആക്‌സിഡന്‍റ്'- ഐഎഫ്എഫ്‌കെയിലെ ഒരു മാസ്റ്റര്‍ പീസ്!

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നൈറ്റ് ആക്സിഡന്റ് എന്ന സിനിമയുടെ റിവ്യു. ജോമിറ്റ് ജോസ് എഴുതുന്നു.

IFFK2018 night accident review

കാഴ്‌ചയുടെ അനുഭവമാണ് സിനിമ എന്ന് ഓരോ ഷോട്ടിലും പറഞ്ഞുവെക്കുന്ന കിര്‍ഗിസ്ഥാന്‍ ചലച്ചിത്രമാണ് ടെമിര്‍ബേക്ക് ബിര്‍ണാസരോവ് സംവിധാനം ചെയ്ത 'നൈറ്റ് ആക്‌സിഡന്‍റ് '. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെക്കാവുന്ന ഒന്നാന്തരം സര്‍ഗസൃഷ്‍ടി. കഥയിലും അവതരണത്തിലും അഭിനയത്തിലും സന്നിവേശത്തിലും അതിശയിപ്പിക്കുന്ന മികവ് കാട്ടി ഒരു സംവിധായകന്‍റെ കയ്യൊപ്പ് പതിപ്പിച്ച 'ടോട്ടല്‍ സിനിമ'.

വിദൂര ദൃശ്യത്തിന്‍റെ അകമ്പടിയില്‍ ദൈര്‍ഘ്യമേറിയ ഒരു ഷോട്ടിലാണ് ചിത്രത്തിന്‍റെ തുടക്കം. അവിടെനിന്ന് ഏകാന്തനായ ഒരു വൃദ്ധനെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. ശാന്തനെങ്കിലും അയാളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതികാരബുദ്ധിയുണ്ട്. തന്‍റെ കുടുംബം നശിപ്പിച്ചയാളെ കൊല്ലാനായി വണ്ടിയുമായി ഒരു രാത്രി വീട്ടില്‍ നിന്ന് പുറപ്പെടുന്നു. അതിവേഗത്തിലാണ് അയാളുടെ യാത്ര. ആ മിന്നല്‍ യാത്രയ്ക്കിടെ ഒരു പെണ്‍കുട്ടിയെ അബന്ധത്തില്‍ വാഹനം തട്ടുന്നു.

എന്നാല്‍ അവളെ വഴിയില്‍ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവന്ന് ശുശ്രൂഷിക്കുകയാണ് അയാള്‍. ചിത്രത്തില്‍ ഏതാണ് ഭൂരിഭാഗവും ഇവര്‍ തമ്മിലുള്ള വിനിമയങ്ങളാണ്. ഒട്ടും മുഷിപ്പിക്കാത്ത, വളരെ കുറച്ച് മാത്രമാണ് അവര്‍ ശബ്‍ദം കൊണ്ട് സംസാരിക്കുന്നത്‍‍. ഓരോ ചലനവും ചെറിയ കണ്ണിമ പോലും വലിയ സംഭാഷണങ്ങളായി മാറുന്നതാണ് കാരണം‍. എന്നാല്‍ ആ നീണ്ട നിശബ്‌ദതയ്ക്ക് ഇടയില്‍ അവരൊരു ലോകം പണിയുകയാണ്.

സുഖം പ്രാപിക്കുന്നതോടെ അവളുമായി വൃദ്ധന്‍ പ്രണയത്തിലാകുന്നു. ഒരൊറ്റ ഷോട്ടിലാണ് സംവിധായകന്‍ ആ തീവ്രാനുരാഗം പറഞ്ഞുവെക്കുന്നത്. ഒരു പ്രണയത്തെ മനുഷ്യബന്ധത്തിന്‍റെ ഔന്നത്യത്തിലേക്ക് ക്യാമറതിരിച്ച് സംവിധായകന്‍ ഞെട്ടിക്കുകയാണ്. വൃദ്ധനെയും പെണ്‍കുട്ടിയെയും മാറ്റിനിര്‍ത്തിയാല്‍ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ എല്ലാവര്‍ക്കും തങ്ങളുടെ സ്‌പേസ് നല്‍കി സംവിധായകന്‍ അരങ്ങുണര്‍ത്തുന്നു .

 

വളരെ ദൈര്‍ഘ്യമേറിയ ഷോട്ടുകളിലൂടെയും വിദൂര ദൃശ്യങ്ങളിലൂടെയുമാണ് നൈറ്റ് ആക്‌സിഡന്‍റ് കഥ പറയുന്നത്. രണ്ടിന്‍റെയും ഏറ്റവും മികച്ച സന്നിവേശം കണ്ട ചിത്രങ്ങളിലൊന്ന്. തടാകക്കരയിലുള്ള ഒരു കിര്‍ഗിസ്ഥാന്‍ ഗ്രാമത്തിന്‍റെ പ്രകൃതിയെ ഒട്ടും മുഷിപ്പിക്കാതെ ക്യാമറ ഒപ്പിയെടുക്കുകയാണ്. കണ്ണുടക്കുന്ന പ്രകൃതിയുടെ ലൈറ്റിംഗ്. അനാവശ്യം എന്ന് തോന്നുന്ന ഒരു ഷോട്ടുപോലുമില്ലാതെയാണ് ഈ ക്യാമറക്കളി.

അതിനിടയില്‍ യാത്രകളും വൈകാരിക നിമിഷങ്ങളും ഏറെ കടന്നുവരുന്നുണ്ട്. കലഹമുണ്ട്, സ്‌നേഹമുണ്ട്, വേര്‍പിരിയലുണ്ട്. എന്നാല്‍ അതിസൂക്ഷമവും ഒഴുക്കോടെയുമുള്ള കഥ പറച്ചില്‍ തടാകത്തിന് മീതെ കാറ്റുപോലെ ഒഴുകുകയാണ്. എല്ലാത്തിനും കൂട്ടായി അനുരാഗത്തിന്‍റെ തൂവല്‍ വീശുന്ന നേര്‍ത്ത ശബ്‍ദവിന്യാസങ്ങളും. ചുരുക്കം ഗാനങ്ങളാണ് സിനിമയിലുള്ളത്. എന്നാല്‍ ഇവയെല്ലാം ഒറ്റനൂലില്‍ കോര്‍ത്ത ഫ്രെയിമായാണ് അനുഭവപ്പെടുന്നത്.

സിനിമയെന്ന മാധ്യമത്തില്‍ മെയ്‌വഴക്കം വന്ന സൃഷ്‍ടാവായി ടെമിര്‍ബേക്ക് ബിര്‍ണാസരോവ് സ്വയം അവരോധിക്കുകയാണ്. കൃത്യമായി എഴുതി, കൃത്യമായി ചിത്രീകരിച്ച്, കൃത്യമായി വെട്ടിയെടുത്ത ഒരു മാസ്റ്റര്‍ പീസാണ് നൈറ്റ് ആക്‌സിഡന്‍റ്. എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ട കാറ്റിനൊടുവില്‍ ആ തടാകത്തിനെ മുറിവേല്‍പിച്ച് സിനിമ അവസാനിക്കുന്നു. ആ വൃദ്ധനും സുന്ദരിയായ പെണ്‍കുട്ടിയും ഒപ്പം സിനിമയും തിയറ്റര്‍ വിടുമ്പോള്‍ നമുക്കൊപ്പമുണ്ടാകും.

 

Latest Videos
Follow Us:
Download App:
  • android
  • ios