അനുതാപത്തിന്റെ കടങ്ങള്‍: 'ഡെബ്റ്റ്' റിവ്യൂ
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡെബ്റ്റ് എന്ന ചിത്രത്തിന്റെ റിവ്യു. നിര്‍മല്‍ സുധാകരൻ എഴുതുന്നു.
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എപ്പോഴും ശ്രദ്ധ കിട്ടുന്നവയാണ് തുര്‍ക്കിയില്‍ നിന്നുള്ള സിനിമകള്‍. നൂറി ബില്‍ഗെ ജെയ്‌ലാനും സെമി കപ്ലാനെഗ്ലുവുമൊക്കെ അവരുടെ സിനിമകളുടെ ആദ്യപ്രദര്‍ശനങ്ങളില്‍ നിന്നുതന്നെ ഇവിടെ ആരാധകരെ നേടിയിട്ടുണ്ട്. ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ ഇത്തവണ തുര്‍ക്കിയില്‍ നിന്നുള്ള ഏക എന്‍ട്രിയാണ് 'ഡെബ്റ്റ്'. മുപ്പത്തഞ്ചുകാരി സംവിധായിക വുസ്‌ലത് സരകോഗ്ലുവിന്റെ അരങ്ങേറ്റചിത്രമാണ് ഇത്.
തുര്‍ക്കിയിലെ ഒരു ചെറുപട്ടണത്തില്‍ ഭാര്യയ്ക്കും ചെറിയ മകള്‍ക്കുമൊപ്പം താമസിക്കുന്ന തുഫാന്‍ എന്ന മനുഷ്യനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഒരു പ്രിന്റ് ഷോപ്പില്‍ ജോലി ചെയ്യുന്ന അയാള്‍ സാമ്പത്തികപ്രതിസന്ധികളാല്‍ തന്റെ മധ്യവര്‍ഗ്ഗ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപോക്കെങ്കിലും ജീവിതത്തിലെ നൈമിഷികമായ സന്തോഷങ്ങളിലേക്ക് തന്നെത്തന്നെ വിട്ടുകൊടുക്കുന്ന സ്വഭാവമുള്ളയാളാണ് തുഫാന്‍. ഒപ്പമുള്ളവരിലേക്ക് ആ സന്തോഷം പകരുന്നയാളും. ഹുറിയേ എന്ന, ഒറ്റയ്ക്ക് താമസിക്കുന്ന അയല്‍വാസിയായ മുതിര്‍ന്ന സ്ത്രീ കടുത്ത ആസ്ത്മയെത്തുടര്‍ന്ന് ഒരു രാത്രി തുഫാന്‍ കുടുംബത്തിന്റെ സഹായം അഭ്യര്‍ഥിച്ച് വാതിലില്‍ മുട്ടുകയാണ്. നിലവില്‍ തനിക്കുള്ള പ്രതിസന്ധികളൊന്നും വകവെക്കാതെ ഹുറിയേയെ താല്‍ക്കാലികമായി ഏറ്റെടുക്കുന്നതിന് ശേഷം കുടുംബജീവിതത്തിലടക്കം തുഫാന്‍ നേരിടുന്ന അസ്വസ്ഥതകളെ പിന്തുടരുകയാണ് സംവിധായിക. അതുവഴി മനുഷ്യര്‍ പ്രകടിപ്പിക്കാറുള്ള സ്‌നേഹത്തിന്റെയും അനുതാപത്തിന്റെയുമൊക്കെ ആഴം പരിശോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ പേരിലെ 'കടം' തുഫാന്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കപ്പുറത്ത് സ്‌നേഹത്തിന്റേതും കൂടിയാണ്.
ഒട്ടേറെ ചലച്ചിത്രകാരന്മാര്‍ തങ്ങളുടേതായ നരേറ്റീവുകളില്‍ അന്വേഷണം നടത്തിയിട്ടുള്ള സമാന വിഷയത്തില്‍ തന്റേതായ എന്തെങ്കിലും അത്ഭുതം കാത്തുവെച്ചിട്ടില്ല വുസ്‌ലത് സരകോഗ്ലു എന്ന നവാഗത സംവിധായിക. നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കുമപ്പുറം സ്വതവേ സംഭവരഹിതമായ തുഫാന്റെ ദൈനംദിന ജീവിതത്തെ അലസമായി പിന്തുടരുന്ന മട്ടിലാണ് ചിത്രത്തിന്റെ നരേഷന്‍. ചുരുക്കം കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ശേഷം മെല്ലെ മുന്നോട്ട് നീങ്ങുന്ന കഥപറച്ചില്‍ ഒരുവേള കാഴ്ചയും അലസമാക്കുന്നുണ്ട്.
ചില കാര്യങ്ങള്‍ എസ്റ്റാബ്ലിഷ് ചെയ്‌തെടുക്കാന്‍ ആര്‍ട്ട്ഹൗസ് സിനിമകള്‍ പലപ്പോഴും സ്വീകരിക്കാറുള്ള ക്ലീഷേ കുറുക്കുവഴികളില്‍ ഒന്ന് ഡെബ്റ്റിലും കണ്ടു. സാമ്പത്തികമായ കാരണങ്ങളാല്‍ പരിക്ഷീണനായ തുഫാന്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഒരു കാക്കക്കുഞ്ഞ് പരുക്കേറ്റ് വീണുകിടക്കുന്നത് കാണുന്നു. അനുതാപത്തോടെ അതിനെ വാരിയെടുക്കുന്ന അയാള്‍ വേണ്ട ശുശ്രൂഷ നല്‍കി പിന്നീട് വീട്ടില്‍ പരിപാലിക്കുന്നു. ആ കഥാപാത്രം അങ്ങനെ ചെയ്തുകൂടാ എന്നല്ല, മറിച്ച് കാഴ്ചയില്‍ ആഖ്യാതാവിന്റെ എളുപ്പത്തിനുവേണ്ടിയുള്ള ഏച്ചുകെട്ടലായാണ് അനുഭവപ്പെടുന്നത്.
ടര്‍ക്കിഷ് നവസിനിമയുടെ ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഒപ്പമെത്തുന്ന ചിത്രമല്ല ഡെബ്റ്റ്. അത്തരം ആലോനകള്‍ക്കപ്പുറത്ത്, മേളയിലെ മത്സരവിഭാഗം ചിത്രമെന്ന നിലയില്‍ ഒഴിവാക്കേണ്ട ചിത്രവുമല്ല വുസ്‌ലത് സരകോഗ്ലുവിന്റെ അരങ്ങേറ്റസിനിമ.