ശരിയും തെറ്റും; കയ്യടി നേടി അവേ മരിയയും!- റിവ്യു
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അവേ മരിയയുടെ റിവ്യു. സുല്‍ഫ മസൂദ് എഴുതുന്നു
മനുഷ്യൻ അവനിലേക്ക് നടത്തുന്ന അന്വേഷണത്തിന്റെ കഥ പറയുകയാണ് "അവേ മരിയ". വേളാങ്കണ്ണിയുടെ പശ്ചാത്തലത്തിൽ മനുഷ്യജീവിതത്തിലെ ശരി തെറ്റുകളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. മനുഷ്യന് അവന്റെ വളർച്ചയിൽ സ്വാധീനം ചെലുത്തുന്ന സാമൂഹിക ആത്മീയ സദാചാര പരിസരത്തു നിന്നുകൊണ്ട് വളർച്ചയുടെ ഒരു ഘട്ടത്തിൽ അവൻ അനുഭവിക്കുന്ന വൈകാരികതകളെ പുതുമുഖത്തിന്റെ പതര്‍ച്ചകളില്ലാതെ ഒരുക്കാൻ സംവിധായകൻ വിപിൻ രാധാകൃഷ്‍ണന് സാധിച്ചിട്ടുണ്ട്.
വ്യത്യസ്ത സമൂഹിക ജീവിതം നയിക്കുന്ന രണ്ട് പേർ വേളാങ്കണ്ണിയിൽ വെച്ച് കണ്ടുമുട്ടി അവർ അവരിലേക്ക് നടത്തുന്ന സഞ്ചാരത്തെ മനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു; ചിത്രം. മനുഷ്യനിലെ ഇരുളും വെളിച്ചവും നിറഞ്ഞ രണ്ട് സമാന്തര മുഖങ്ങള്‍ രണ്ട് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. തുടക്കം മുതലെ നിരാശനും സെക്ഷ്വുവലി ഫ്രസ്റ്റ്ട്രേറ്റഡുമായ നായക കഥാപാത്രവും ആറു ചെറിയ ക്രിസ്റ്റൽ ഗ്ലാസ്സിൽ ഗർഭാലസത്തിനുള്ള മരുന്നുമായി, കുറ്റബോധം നിറഞ്ഞതും ആത്മവിശ്വാസം ഉറച്ചതുമായ മുഖവുമായി വേളാങ്കണ്ണിയിലെത്തുന്ന പ്രധാന കഥാപാത്രവും ശരിയുടെയും തെറ്റിന്റെയും പ്രതീകമായാണ് ചിത്രത്തിൽ വരുന്നത്.
സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് പോകുന്ന ജീവിതങ്ങളായി വരുന്ന മൂന്നു സ്ത്രീകളാണ് സിനിമയില്‍ ഉള്ളത്. പേര് പറയാത്ത രോഗവുമായി മകളെയും കൂട്ടി വേളാങ്കണ്ണിയിലെത്തി സാഹചര്യവശാൽ ലൈംഗിക വ്യാപാരത്തിലേക്കെത്തുന്ന സ്ത്രീയാണ് ചിത്രത്തിലെ തന്നെ മികച്ച കഥാപാത്രം. ജീവിക്കാൻ വേണ്ടി വേശ്യാവൃത്തിയിലും ഭിക്ഷാടനത്തിലും ഏർപ്പെടുന്ന മറ്റു രണ്ട് സ്ത്രീ കഥാപാത്രങ്ങളും തിരക്കഥയ്ക്ക് ആഴം കൂട്ടുന്നതായി തോന്നും.
കാമുകന്റെ മരണാനന്തരം ഗർഭസ്ഥ ശിശുവിനെ കൊല ചെയ്യാൻ ശ്രമിക്കുന്ന, കന്യാമറിയത്തിന്റെ പേരും രൂപവുമേറ്റുന്നതിൽ മരിയയെ അവതരിപ്പിച്ച രേഷ്മ മലയത്ത് ഒരു പരിധിവരെ ആദ്യ സിനിമയിൽ വിജയിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ സീൻ മുതൽ ആശങ്കയും നിസഹായതയും നിറയുന്ന ശരാശരി മനുഷ്യന്റെ മുഖവുമായി സ്ക്രീനിൽ വരുന്ന റെക്സെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശാന്ത് രാജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രണ്ട് സീനുകളിൽ മാത്രമുള്ള സാബുമോൻ അബ്‍ദുസമദ് ജീവൻ പകർന്ന പേരില്ലാത്ത മദ്യപാനിയുടെ കഥാപാത്രം മലയാള സിനിമകളിൽ കണ്ടുമടുത്ത വില്ലന്റേതാണെങ്കിലും വിരസമല്ലാത്തൊരു മുഖം കാണിക്കുന്നുണ്ട്.