'എ ലാന്‍ഡ് ഇമാജിന്‍ഡ്'- കാഴ്‌ചയില്‍ നാം അപ്രത്യക്ഷമാകുന്ന അനുഭവം
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച എ ലാന്‍ഡ് ഇമാജിന്‍ഡ് എന്ന സിനിമയുടെ റിവ്യു. ജോമിറ്റ് ജോസ് എഴുതുന്നു
സിംഗപ്പൂര്‍ നവധാര സിനിമയുടെ ശക്തനായ വക്താക്കളിലൊരാളാണ് സീ ഹ്യൂ യോ. സീയുടെ ആദ്യ ചിത്രമായ 2009ല്‍ പുറത്തിറങ്ങിയ 'ഇന്‍ ദി ഹൗസ് ഓഫ് സ്‌ട്രോ' വലിയ നിരൂപകപ്രശംസയാണ് നേടിയത്. അദേഹത്തിന്‍റെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയാണ് 'എ ലാന്‍ഡ് ഇമാജിന്‍ഡ്'. ലൊക്കാര്‍ണോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലിയോപാര്‍ഡ് പുരസ്‌കാരം നേടിയാണ് സിനിമ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനെത്തിയത്.
സംഗപ്പൂരിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ കറുത്ത കാഴ്‌ചകള്‍ തുറന്നുകാട്ടുകയാണ് ചിത്രം. ഏതൊരു നഗരത്തിന്‍റെയും പോലെ കുടിയേറ്റ തൊഴിലാളികളാണ് സിംഗപ്പൂരിനെയും ഉയരത്തില്‍ കെട്ടിപ്പൊക്കുന്നത്. ഇത്തരത്തില്‍ സിംഗപ്പൂരിലേക്ക് കുടിയേറിയ ചൈനീസ് തൊഴിലാളിയായ വാങിന് ജോലിസ്ഥലത്തുണ്ടാകുന്ന അപകടവും പിന്നീടുള്ള സംഭവവികാസങ്ങളിലൂടെയുമാണ് 'എ ലാന്‍ഡ് ഇമാജിന്‍ഡി"ന്‍റെ സഞ്ചാരം. കടലില്‍ മണലിട്ട് നികത്തി നഗരം വളര്‍ത്തുന്ന ഒരു കമ്പനിയുടെ ഫാക്ടറിയില്‍ അസ്വാഭാവികതകളില്ലാതെയാണ് കഥ തുടങ്ങുന്നത്.
ഫാക്‌ടറിയില്‍ വെച്ചുണ്ടാകുന്ന ഒരു അപകടത്തിനുശേഷം ഉറങ്ങാന്‍ കഴിയാതെ സമയംകൊല്ലാന്‍ വാങ് സൈബര്‍ കഫേയില്‍ ചേക്കേറുന്നു. അവിടെവെച്ച് അയാള്‍ നിഗൂഢനായ ഒരു ഗെയിമറെ പരിചയപ്പെടുന്നതോടെ സിനിമ ഭ്രമാത്മകമാകുന്നു. വൈകാതെ വാങ് അപ്രത്യക്ഷമാകുന്നു. വാങിനെ കണ്ടെത്താന്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ എത്തുന്നു. എന്നാല്‍ അവരുടെ അന്വേഷണം വാങിന് പകരം സിംഗപ്പൂരിന്‍റെ വികസന ഉള്ളറകളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഒടുവില്‍ വാങിലേക്ക് പൊലീസ് ഉദ്യോഗസ്ഥനായ ലൊക് എത്തുന്നുണ്ടോ എന്ന സസ്‌പെന്‍സിലാണ് ചിത്രത്തിന്‍റെ പരിസമാപ്‌തി.
ഒരേസമയം യാഥാര്‍ത്ഥ്യവും മിഥ്യയും ഇടകലരുന്ന ഈ മായികസ്ഥലമാണ് 'എ ലാന്‍ഡ് ഇമാജിന്‍ഡ്'. വളരെ റയലിസ്റ്റിക്ക് എന്ന് തോന്നിക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് ആദ്യ ഭാഗത്ത് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ സൈബര്‍ കഫേയുടെ കടന്നുവരവോടെ ഫാന്‍റസി സ്വഭാവത്തിലേക്ക് കഥ പരിണമിക്കുന്നു. കഥാപാത്രങ്ങള്‍ക്ക് സ്വയം അപ്രത്യക്ഷമാകാനും മറയാനും കഴിയുന്നു. ഒരുപാട് നിഗൂഢതകളുള്ള ഈയിടത്തെ സസ്‌പെന്‍സുകള്‍ ചേരാതെ ത്രില്ലര്‍ സ്വഭാവത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ക്ലൈമാക്‌സിലുള്‍പ്പെടെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
ഏറെനേരെ രാത്രി കഥ പറയുന്ന ചിത്രം ദൃശ്യവല്‍ക്കരണത്തില്‍ ഏറെ മുന്നിലാണ്. രാത്രിയെ അതിമനോഹരമായി കഥപറച്ചിന് ഉപയോഗിച്ചിരിക്കുന്നു. നഗരരാത്രിയുടെ കറുത്ത സമയങ്ങളിലാണ് ചിത്രത്തിലെ പ്രധാന വഴിത്തിരിവുകളെല്ലാം സംഭവിക്കുന്നത്. വികസിതനഗരജീവിതത്തിന്‍റെ ശബ്‌ദാവിഷ്കാരമാകുന്ന സംഗീതത്തിനും ഈ കറുപ്പംശമുണ്ട്. മിഴിവേറിയ ദൃശ്യവും സംഗീതവും ഇങ്ങനെ ആസ്വാദകനെ മനംമയക്കുകയാണ്. മികച്ച കഥാതന്തുവില്‍ റിയലിസവും ഫാന്‍റസിയും മികവോടെ സന്നിവേശിപ്പിക്കാന്‍ സംവിധായകനായി.
സിംഗപ്പൂര്‍ പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന തൊഴിലാളികളുടെ കഥ കൂടിയാണ് ഇതെന്ന് പറയാം. ഫാക്‌ടറിയില്‍ വാങും ബംഗ്ലാദേശുകാരനായ സഹപ്രവര്‍ത്തകനും അടങ്ങുന്ന തൊഴിലാളിവര്‍ഗത്തിന്‍റെ ആത്മബന്ധങ്ങളും അവരുടെ ആശങ്കകളുമെല്ലാം കാഴ്‌ച്ചയുടെ മായികലോകത്തിന് ഇടയിലൂടെയുള്ള യാത്രയിലും സിനിമയെ മനുഷ്യപക്ഷത്ത് നിര്‍ത്തുന്നു. ആദ്യ സിനിമ പോലെ രണ്ടാം സിനിമയിലും ചലച്ചിത്രലോകത്തിന് സീ ഹ്യൂ യോ തന്‍റെ പ്രതിഭ ഉറപ്പുനല്‍കുന്നുണ്ട്.