വീണ്ടും ബുദ്ധനാവുന്ന കിം കി ഡുക്ക്: 'ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈം ആന്റ് ഹ്യൂമന്‍' റിവ്യൂ

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം 'ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈം ആന്റ് ഹ്യൂമന്റെ' റിവ്യൂ. നിര്‍മല്‍ സുധാകരന്‍ എഴുതുന്നു

human space time and human review iffk 2018

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ ഏറ്റവും ജനപ്രീതി നേടിയ അന്തര്‍ദേശീയ സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ. സിനിമ കൊണ്ടും ജീവിതം കൊണ്ടും പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക്. 2005 ഐഎഫ്എഫ്‌കെയിലെ റെട്രോസ്‌പെക്ടീവ് വഴി മലയാളികളായ സിനിമാപ്രേമികള്‍ക്കിടയിലേക്ക് ഒരു ക്രാഷ് ലാന്‍ഡിംഗ് തന്നെ നടത്തിയ കിമ്മിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈം ആന്റ് ഹ്യൂമന്‍. മനുഷ്യന്റെ ഹിംസാത്മകതയിലേക്ക് ക്യാമറ തിരിച്ചുവെച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയില്‍ കൂടുതലും. ഹിംസാലുവായ 'ആ മനുഷ്യനെ' ബൗദ്ധമായ കാരുണ്യത്തോടെ നോക്കുന്ന കിമ്മിനെ സ്പ്രിംഗ്, സമ്മര്‍, ഫോള്‍, വിന്റര്‍ ആന്റ് സ്പ്രിംഗ് തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ കണ്ടു. തന്റെ കലാലോകത്തില്‍ പ്രസരിച്ച് കിടക്കുന്ന ഈ വിരുദ്ധ ധ്രുവങ്ങള്‍ സംഗമിക്കുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയില്‍. ഘടനയില്‍ സ്പ്രിംഗ് സമ്മറുമായി സാദൃശ്യമുള്ള സിനിമയാണ് ഹ്യൂമന്‍, സ്‌പെയ്‌സ്.. അത് രചിച്ചിരിക്കുന്നത് വയലന്‍സിന്റെ രക്തവര്‍ണ്ണത്തിലാണെങ്കിലും കിമ്മിന്റെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് ഹിംസ ഇവിടെ ഒരു മെറ്റഫര്‍ ആയാണ് അനുഭവപ്പെടുക.

രണ്ടാംലോക മഹായുദ്ധകാലത്തെ ഒരു യുദ്ധക്കപ്പലില്‍ നിന്ന് രൂപീകരിച്ചെടുത്ത 'ക്രൂയിസ് ഷിപ്പി'ല്‍ യാത്ര പുറപ്പെടുകയാണ് വിഭിന്ന തരക്കാരായ ഒരു കൂട്ടം മനുഷ്യര്‍. അക്കൂട്ടത്തില്‍ ഒരു സെനറ്റര്‍ ഉണ്ട്, മധുവിധു ആഘോഷിക്കാനെത്തിയ ദമ്പതികളുണ്ട്, അങ്ങനെ പലരും. കപ്പലില്‍ യാത്ര പുറപ്പെടുന്ന പല കഥാപാത്രങ്ങളെയും സൂക്ഷിച്ച് നോക്കിയാല്‍ കിമ്മിന്റെ തന്നെ മുന്‍കാല ശ്രദ്ധേയ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളുടെ പ്രകടമായ ഛായകള്‍ കാണാം. ഉദാഹരണത്തിന് ബാഡ് ഗൈ എന്ന ചിത്രത്തിലെ നായകനോട് സാദൃശ്യമുള്ള ഒരു ഗ്യാങ്സ്റ്ററും അയാളുടെ എന്തിനുംപോന്ന സംഘാംഗങ്ങളുമുണ്ട് കപ്പലില്‍. എന്തിന്, സ്പ്രിംഗ് സമ്മറിലെ ബുദ്ധ സന്യാസിയുടെ പ്രതിരൂപം പോലെ തോന്നുന്ന ഒരു 'മുനി' പോലുമുണ്ട് അക്കൂട്ടത്തില്‍. ഒരു ഫാന്റസി ത്രില്ലര്‍ ചിത്രവും അതേസമയം മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യവുമാണ് ചിത്രം, കടും നിറങ്ങളില്‍ രചിക്കപ്പെട്ട ഒന്ന്.

human space time and human review iffk 2018

ഹ്യൂമന്‍ എന്ന് പേരിട്ട ആദ്യഭാഗം മുതല്‍ വയലന്‍സ് സ്‌ക്രീനില്‍ നിറയുകയാണ്. മധുവിധു ആഘോഷിക്കാന്‍ പുറപ്പെട്ട നവവരന്‍ കൊല്ലപ്പെടുന്നു, വധു കൂട്ടബലാല്‍സംഗത്തിന് ഇരയാവുന്നു. പേര് സൂചിപ്പിക്കുന്നതുപോലെയാണ് രണ്ടാംഭാഗമായ സ്‌പെയ്‌സ്. ഒരു പ്രഭാതത്തില്‍ യാത്രികര്‍ നോക്കുമ്പോള്‍ താഴെ കടല്‍ ഇല്ല! കപ്പല്‍ ആകാശത്ത്! ക്ഷാമകാലത്തെ ഒരു രാജ്യമോ ലോകമോ തന്നെയായി രൂപാന്തരപ്പെടുകയാണ് കപ്പല്‍ പിന്നീട്. ഭക്ഷണത്തിന് ക്ഷാമം നേരിടുന്നു, അധികാരമുള്ളവര്‍ മൃഷ്ടാന്നം ഉണ്ണുമ്പോള്‍ സാധാരണ യാത്രികര്‍ക്ക് റേഷനിംഗ് നടപ്പാക്കുന്നു. 'സമയം' മുന്നോട്ടുപോകവെ ക്ഷാമം കനക്കുന്നു, അധികാരത്തര്‍ക്കവും അസ്വസ്ഥതയും പെരുകുന്നു. സഹജീവിയുടെ മാംസം ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തേണ്ട ഗതികേടിലേക്ക് എടുത്തെറിയപ്പെടുകയാണ് കപ്പലില്‍ കൊല്ലപ്പെടാതെ അവശേഷിക്കുന്നവര്‍.

രണ്ട് മണിക്കൂര്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം അടിമുടി എന്‍ഗേജിംഗ് ആണ്. വിഭിന്ന തരക്കാരായ കഥാപാത്രങ്ങള്‍ നേരിടുന്ന അപ്രതീക്ഷിത പ്രതിസന്ധിയും അതിനെ അവര്‍ ഓരോരുത്തരും വ്യക്തിപരമായി നേരിടുന്ന വിധവുമൊക്കെ സൂക്ഷ്മതയോടെ പകര്‍ത്തിയിട്ടുണ്ട് കിം. സിനിമ കൗതുകപൂര്‍വ്വം കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ആ നാടകീയതകള്‍ക്കൊക്കെയും കറുത്ത ഹാസ്യത്തിന്റെ പരിവേഷമുണ്ട്. 

human space time and human review iffk 2018

2011ല്‍ വന്ന അരിരംഗിന് ശേഷം കിം കി ഡുക്കിന്റേതായി പുറത്തെത്തിയതില്‍ ഏറ്റവും ഒറിജിനാലിറ്റി തോന്നിയ ചിത്രമെന്നാണ് ഹ്യൂമന്‍, സ്‌പെയ്‌സിന്റെ കാഴ്ചാനുഭവം. മനുഷ്യന്റെ ഹിംസ എന്ന് കിം മുന്‍ ചിത്രങ്ങളില്‍ പറഞ്ഞിട്ടുള്ളത് 'പുരുഷന്റെ ഹിംസ'യെന്ന് സ്‌പെസിഫിക് ആവുന്നുണ്ട് ഇവിടെ. ആര്‍ത്തികള്‍ക്ക് പിന്നാലെ പരക്കംപായുന്ന പുരുഷന്‍ ഏര്‍പ്പെടുന്ന യുദ്ധങ്ങളില്‍ പ്രകൃതി എത്രത്തോളം പരീക്ഷിക്കപ്പെടുന്നുണ്ടെന്നും അതിജീവനം എത്രത്തോളം അപകടത്തിലാണെന്നും സംവിധായകന്‍ നിരീക്ഷിക്കുന്നുണ്ട്. തീയേറ്റര്‍ വിട്ടാലും മനസില്‍ തങ്ങുന്ന ഇമേജുകളിലൊന്ന് അതിലെ പ്രധാന സ്ത്രീകഥാപാത്രത്തിന്റേതാണ്. കപ്പലിലെ മറ്റ് ജീവനുകളെല്ലാം പൊലിഞ്ഞുപോയതിന് ശേഷവും അവശേഷിക്കുന്നത്, മുന്‍പ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ സ്ത്രീ മാത്രമാണ്. മുന്‍പ് യുദ്ധക്കപ്പലായിരുന്ന യാനത്തിന്റെ മുകളില്‍ നിലനിര്‍ത്തിയിരിക്കുന്ന പീരങ്കിയില്‍ അവര്‍ ഇരിക്കുന്ന ഒരു ഇരിപ്പുണ്ട്, ഒരു വിജയിയെപ്പോലെ. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന സമീപകാലചിത്രങ്ങളുടെ കാഴ്ചാനുഭവത്തിലൂടെ തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള കിമ്മിന്റെ അസ്സല്‍ മറുപടിയാണ് ഹ്യൂമന്‍, സ്‌പെയ്‌സ്.. ഒരു കിം കി ഡുക്ക് ആരാധകനും വിട്ടുപോകരുതാത്ത ഒന്ന്.

Latest Videos
Follow Us:
Download App:
  • android
  • ios