ഹൃദയം തൊടുന്ന 'ചുസ്‌കിറ്റ്': റിവ്യൂ
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 'പോട്ട്പുരി ഇന്ത്യ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'ചുസ്‌കിറ്റ്' എന്ന സിനിമയുടെ റിവ്യൂ, നിര്‍മല്‍ സുധാകരന്‍ എഴുതുന്നു
കഥപറച്ചിലില്‍ നിഗൂഢത ഇടകലര്‍ത്തുന്ന ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് ചിത്രങ്ങളുടെ പതിവുകള്‍ക്ക് പുറത്തുനില്‍ക്കുന്ന ചില സിനിമകളുണ്ട്. പറയാനുള്ള ലളിതമായൊരു കഥ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളില്‍ എളുപ്പത്തില്‍ ഇടംപിടിക്കാറുമുണ്ട് അത്തരം ചിത്രങ്ങള്‍. 'പോട്ട്പുരി ഇന്ത്യ' എന്ന പാക്കേജില്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനം നടന്ന ലഡാക്കി ചിത്രം 'ചുസ്‌കിറ്റി'നെ ഈ ഗണത്തില്‍ പെടുത്താം.
സ്‌കൂളില്‍ പോകുന്ന ദിവസം സ്വപ്‌നം കാണുന്ന ലഡാക്കി പെണ്‍കുട്ടിയാണ് ചുസ്‌കിറ്റ്. എന്നാല്‍ തടാകതീരത്തെ കളിക്കിടെ, ഒരിക്കല്‍ അപ്രതീക്ഷിതമായുണ്ടാവുന്ന അപകടത്തില്‍ അരയ്ക്ക് താഴേയ്ക്കുള്ള അവളുടെ ചലനശേഷി നഷ്ടപ്പെടുന്നു. കൂട്ടുകാരെല്ലാം സ്‌കൂളില്‍ പോകുന്നത്, സ്വന്തം മുറിയിലെ ജനാലയിലൂടെ നോക്കി നെടുവീര്‍പ്പിടുകയാണ് അവള്‍. അച്ഛനമ്മമാരും പഠനത്തില്‍ മിടുക്കനായ സഹോദരനും അവളുടെ ഉള്ളറിയുന്നുണ്ട്. എന്നാല്‍ മതവിശ്വാസിയും പാരമ്പര്യവാദിയുമായ മുത്തച്ഛന്റേതാണ് കുടുംബത്തിലെ അന്തിമവാക്ക്. ചുസ്‌കിറ്റിന് ഇനി ഔപചാരിക വിദ്യാഭ്യാസം സാധ്യമല്ലെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.
എന്നാല്‍ പിന്തിരിയാന്‍ തയ്യാറല്ല ചുസ്‌കിറ്റ്. നഗരത്തില്‍ പ്രാക്ടീസ് ചെയ്യുന്ന അഹമ്മദ് എന്ന ഡോക്ടറും സഹോദരനുമടക്കമുള്ളവരുടെ പിന്തുണ സ്വന്തം സ്വപ്‌നസാഫല്യത്തിനായി ഉപയോഗിക്കാന്‍ ഉറപ്പിച്ചിരിക്കുകയാണ് അവള്‍. അവസാനം കടുംപിടുത്തക്കാരനായ മുത്തച്ഛനും ചെറുമകളുടെ ആഗ്രഹത്തിന് വഴങ്ങേണ്ടിവരുന്നു. അപ്രതീക്ഷിതസാഹചര്യങ്ങളാല്‍ വിഭിന്നശേഷി കൈവന്ന ഒരു പെണ്‍കുട്ടി തനിക്ക് പ്രിയപ്പെട്ട ജീവിതം എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഹൃദയം കൊടുന്ന കാഴ്ചയാണ് ഈ കൊച്ചുചിത്രം.
ചുസ്‌കിറ്റിന്റെ കഥയ്‌ക്കൊപ്പം ലഡാക്കി നിത്യജീവിതവും പശ്ചാത്തലമാവുന്ന ശാന്തമായ ഹിമാലയന്‍ ഗ്രാമപ്രകൃതിയുമൊക്കെ ചേര്‍ന്ന് ഒരു ഫീല്‍ഗുഡ് കാഴ്ചാനുഭവമാകുന്നുണ്ട് ചിത്രം. ജിഗ്‌മെറ്റ് ദേവ ലാമോ എന്ന കുട്ടി നടിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ആരംഭിച്ച് ഏറെ വൈകുംമുന്‍പേ സ്വാഭാവിക പ്രകടനത്തിലൂടെ കാണികളെ തന്റെ പക്ഷത്തേക്ക് കൂട്ടുന്നുണ്ട് ജിഗ്‌മെറ്റ്. കാണികള്‍ക്ക് ആ കഥാപാത്രത്തിനോട് തോന്നുന്ന അടുപ്പത്തിന്റെ തെളിവായിരുന്നു, ചുസ്‌കിറ്റ് അപകടത്തില്‍ പെടുമ്പോള്‍ തീയേറ്ററില്‍ നിന്ന് ഒരുമിച്ചുയര്‍ന്ന സ്വരം.
നാഷണല്‍ ജ്യോഗ്രഫിക്ക്, ഡിസ്‌കവറി അടക്കമുള്ള ചാനലുകള്‍ക്കായി ഏറെക്കാലമായി ഡോക്യുമെന്ററികള്‍ ഒരുക്കുന്ന പ്രിയ രാമസുബ്ബന്റെ ഫീച്ചര്‍ അരങ്ങേറ്റമാണ് ചുസ്‌കിറ്റ്. വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന, പാജിറിന്റെ (പീപ്പിള്‍സ് ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ക്ലൂഷന്‍ ആന്റ് റൈറ്റ്‌സ്) സഹസ്ഥാപകയായ സഹോദരി വിദ്യ പറഞ്ഞ ഒരു യഥാര്‍ഥ സംഭവകഥയില്‍ നിന്നാണ് പ്രിയ സിനിമ ഒരുക്കിയിരിക്കുന്നത്. സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഒന്‍പത് വയസ്സുകാരി സോനം സ്പാല്‍സെസിന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചുസ്‌കിറ്റ് എന്ന സിനിമ. മുഖ്യധാരയില്‍ നിന്നകന്ന് ഇന്ത്യന്‍ പ്രാദേശിക സിനിമയില്‍ സംഭവിക്കുന്ന പരീക്ഷണങ്ങളുടെ പാക്കേജാണ് പോട്ട്പുരി ഇന്ത്യ. കൗതുകകരമായ ഈ പാക്കേജില്‍ നിന്നുള്ള കൊള്ളാവുന്ന തെരഞ്ഞെടുപ്പാവും ചുസ്‌കിറ്റ്.