അപകടത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട യുവാവിന് പുതിയ കൈകള്‍; അപൂര്‍വ ശസ്ത്രക്രിയ നീണ്ടത് 13 മണിക്കൂര്‍
ഒന്നര വര്‍ഷം മുമ്പാണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ദാരുണമായ അപകടത്തില്‍ പെടുന്നത്. അപകടം നടന്ന് വൈകാതെ തന്നെ അണുബാധയെ തുടര്‍ന്ന് കൈകളും കാല്‍പാദവും മുറിച്ചുമാറ്റേണ്ടി വന്നിരുന്നു
അപകടങ്ങളില്‍ പെട്ട് കൈകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മസ്തിഷ്‌ക മരണം ( Brain Death ) ഉറപ്പാക്കിയവരില്‍ നിന്ന് കൈകള്‍ സ്വീകരിച്ച് നടത്തുന്ന ശസ്ത്രക്രിയയാണ് 'ബാലൈറ്ററല്‍ ഹാന്‍ഡ് ട്രാന്‍സ്പ്ലാന്റ്' ( Bilateral hand transplant surgery ) എന്നറിയപ്പെടുന്നത്. ഇന്ത്യയില്‍ അടുത്ത കാലങ്ങളിലായാണ് ഇത്തരം ശസ്ത്രക്രിയകള്‍ കാര്യമായി നടക്കുന്നത്.
ധാരാളം വെല്ലുവിളികളുള്ളൊരു മേഖലയാണിത്. എങ്കില്‍ക്കൂടിയും വിജയകരമായ ശസ്ത്രക്രിയകള്‍ രാജ്യത്ത് നടക്കുന്നുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. അത്തരമൊരു ശസ്ത്രക്രിയയുടെ വിശദാംശങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
വളരെ ഗുരുതരമായ ഇലക്ട്രിക്കല്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന ഇരുപത്തിരണ്ടുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്ന് കൈകള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി മുംബൈയില്‍ പൂര്‍ത്തിയായിരിക്കുന്നു.
ഒന്നര വര്‍ഷം മുമ്പാണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ദാരുണമായ അപകടത്തില്‍ പെടുന്നത്. അപകടം നടന്ന് വൈകാതെ തന്നെ അണുബാധയെ തുടര്‍ന്ന് കൈകളും കാല്‍പാദവും മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
'രണ്ട് കൈകളും കാല്‍പാദവും മുറിച്ചുമാറ്റേണ്ടി വരികയെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു കേസാണ്. ഒരു കൈ മുട്ടിന് താഴെ വച്ചും മറ്റേ കൈ മുട്ടിന് മുകളില്‍ വച്ചുമാണ് മുറിച്ചുമാറ്റിയിരുന്നത്. ഇതെല്ലാം ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ വെല്ലുവിളികളുയര്‍ത്തി..'- ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. നിലേഷ് സത്ബായ് പറയുന്നു.
പതിമൂന്ന് മണിക്കൂര്‍ എടുത്താണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇനി മാസങ്ങളോളം രോഗി ചികിത്സയില്‍ തുടരേണ്ടതുണ്ട്. മരുന്നുകളും ഫിസിയോതെറാപ്പിയും തുടരും. പുതിയ ശരീരവുമായി കൈകള്‍ ഇണങ്ങിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങണം. ഒപ്പം അണുബാധയെന്ന ഭീഷണിയെ മറികടക്കുകയും വേണം.
തീവണ്ടിയപകടത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ട മോണിക്ക മൂര്‍ എന്ന പെണ്‍കുട്ടിക്ക് 2020ല്‍ സമാനമായി രണ്ട് കൈകള്‍ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതും ഡോ. നിലേഷ് സത്ബായ് ആണ്.
Also Read:- സാനിറ്റൈസര്‍ കുടിച്ച് അന്നനാളം പൊള്ളിനശിച്ചു; സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയരായി