Omicron : ബൂസ്റ്റർ ഡോസ് എടുത്ത രണ്ട് പേർക്ക് 'ഒമിക്രോൺ' വകഭേദം കണ്ടെത്തി
ഒമിക്രോണ്‍ വകഭേദം വേഗത്തിൽ പടരുന്നതിനാൽ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
സിംഗപ്പൂരിൽ കൊവിഡ് 19 വാക്സീന്റെ ബൂസ്റ്റർ ഡോസ് (Booster Dose) എടുത്തവർക്കും ഒമിക്രോൺ (Omicron) വകഭേദം കണ്ടെത്തി.ബൂസ്റ്റർ ഡോസ് എടുത്ത രണ്ട് പേർക്കാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുള്ളത്. 24 കാരിയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് ജീവനക്കാരിയാണ് ഇവർ.
ജർമനിയിൽ നിന്ന് ഡിസംബർ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച രണ്ടാമത്തെ വ്യക്തി. വാക്‌സിനെടുത്തവർ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാൾ നാട്ടിലെത്തിയത്. ഇരുവർക്കും വാക്സിനുകളുടെ മൂന്നാം ഡോസ് ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം വേഗത്തിൽ പടരുന്നതിനാൽ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഇരുവരും സുഖം പ്രാപിച്ചുവരികയാണെന്നും ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളെ 10 ദിവസത്തെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസ് എടുത്താൽ മാത്രം കൊവിഡിനെ നിയന്ത്രിക്കാനാകില്ലെന്നും അതിനാൽ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നും ഫൈസർ, ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു. ബൂസ്റ്റർ ഡോസ് എടുത്തവർക്കും വൈറസ് ബാധിക്കുന്നത് കൂടുതൽ ആശങ്ക പടർത്തുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ഒമിക്രോൺ വ്യാപനം വാക്സീൻ പൂഴ്ത്തിവെപ്പിന് വഴിവെക്കുമോ എന്ന ആശങ്കയിൽ ലോകാരോഗ്യസംഘടന