മാതാപിതാക്കള്‍ അറിയാന്‍; കുട്ടികളെ ബാധിക്കുന്ന അഞ്ച് മാനസികപ്രശ്‌നങ്ങളും ലക്ഷണങ്ങളും
ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ പോകുന്നതും കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഉദാഹരണത്തിന് കൊവിഡ് കാലത്തെ ലോക്ഡൗണ്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത, കൂട്ടുകാരെ കാണാന്‍ സാധിക്കാത്ത, കളിക്കളങ്ങളില്ലാത്ത അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വന്നേക്കാം
കുട്ടിയായിരിക്കുമ്പോള്‍ നാം കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം വലിയ പരിധി വരെ തുടര്‍ന്നുള്ള ജീവിതത്തില്‍ നമ്മെ സ്വാധീനിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് തന്നെ കുട്ടിക്കാലമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ കുട്ടികളിലും അവരവരുടെ രീതിയിലുള്ള മാനസികപ്രശ്‌നങ്ങള്‍ കാണാറുണ്ട്. മിക്കവാറും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാറ്. അത്തരത്തില്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട, കുട്ടികളെ ബാധിക്കുന്ന അഞ്ച് മാനസിക പ്രശ്‌നങ്ങളും അവയുടെ ലക്ഷണങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഭൗതികമായ ചുറ്റുപാടുകള്‍ പ്രതികൂലമായി മാറുമ്പോള്‍ ചില കുട്ടികളില്‍ സ്വഭാവവൈകല്യങ്ങളുണ്ടാകാറുണ്ട്. സമപ്രായക്കാരില്‍ നിന്നോ, വീട്ടിനകത്ത് നിന്നോ, മാതാപിതാക്കളില്‍ നിന്നോ പോലുമാകാം ഇത്തരത്തില്‍ പ്രതികൂലമായ കാര്യങ്ങള്‍ കുട്ടികളെ തേടിയെത്തുന്നത്. പെട്ടെന്ന് ദേഷ്യപ്പെടുക, സ്വയമോ മറ്റുള്ളവരെയോ ഉപദ്രവിക്കുക, ഉള്‍വലിഞ്ഞ് പോവുക, അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക, ഉറക്ക ക്രമം തെറ്റുക, ഫോണ്‍ പോലുള്ള ഗാഡ്‌ഗെറ്റുകളില്‍ ഏധിക സമയം ചെലവിടുക എന്നിവയെല്ലാം സ്വഭാവ വൈകല്യത്തിന്റെ ലക്ഷണങ്ങളാകാം.
ഇത് സമയബന്ധിതമായി തന്നെ മാതാപിതാക്കള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വളര്‍ന്നുവരുമ്പോഴും കുട്ടിയുടെ മനസില്‍ ഇതിന്റെ അവശേഷിപ്പുകള്‍ കിടക്കും.
തീര്‍ത്തും അപ്രതീക്ഷിതമായ രീതിയില്‍ പെരുമാറാനും കുറ്റകൃത്യങ്ങളിലേക്ക് തിരിയാനുമെല്ലാം ഇത് കാരണമായേക്കും.
രണ്ട്...
വൈകാരികമായി ഒരു വ്യക്തി എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്നത് വളരെ പ്രധാനമാണ്. 'സെന്‍സിറ്റീവ്' ആയ വ്യക്തിത്വങ്ങളും അങ്ങനെയല്ലാത്ത വ്യക്തിത്വങ്ങളുമുണ്ട്. എന്നാല്‍ വൈകാരികമായി ഒട്ടും സ്ഥിരത പാലിക്കാന്‍ സാധിക്കാതെ വരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. ഈ പ്രശ്‌നം കുട്ടികളിലും കാണാം. കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ സാധ്യമാകാത്തതിനാല്‍ തന്നെ ഇവ, പിന്നീട് മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും നയിക്കാം.
ലൈംഗിക പീഡനം തുടങ്ങി വിവിധ തരത്തിലുള്ള ശാരീരിക- മാനസിക പീഡനങ്ങളാണ് പ്രധാനമായും കുട്ടികളെ ഈ അവസ്ഥയിലെത്തിക്കുന്നത്. മൂന്ന് മുതല്‍ ആറ് ആഴ്ച വരെ നിരന്തരം ദുഖത്തില്‍ തുടരുക, ഇടവിട്ട് കരയുക, ഉത്കണ്ഠ പ്രകടിപ്പിക്കുക, അമിതമായ പേടി പ്രകടിപ്പിക്കുക, ദേഷ്യം വരിക, വിഷാദത്തില്‍ ഇരിക്കുക, ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുക എന്നിവയെല്ലാം കുട്ടികളിലെ വൈകാരിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാകാം.
മൂന്ന്...
പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന സമ്മര്‍ദ്ദങ്ങളും കുട്ടികളെ മാനസികമായി ബാധിച്ചേക്കാം. ധാരാളം കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, ഒന്നിനെയും വ്യാപ്തിയോടെ സമീപിക്കാനാകാത്ത അവസ്ഥ, പഠിക്കാന്‍ സാധിക്കാതിരിക്കുക, പാഠ്യവിഷയങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി അല്ലെങ്കില്‍ പിന്നാക്കം പോവുക, പതിവായി ക്ലാസില്‍ കയറാതിരിക്കുക എന്നിവയെല്ലാം പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ ലക്ഷണങ്ങളാണ്.
നാല്...
സമപ്രായക്കരുടെയോ മാതാപിതാക്കളുടെയോ വീട്ടുകാരുടെയോ അധ്യാപകരുടെയോ ഒക്കെ ഇടപെടലുകള്‍ മൂലം സ്വന്തം വ്യക്തിത്വത്തെ നിരാകരിച്ചുകൊണ്ട്, മറ്റൊരു വ്യക്തിത്വത്തെ അന്ധമായി സൃഷ്ടിക്കേണ്ട അവസ്ഥ ചില കുട്ടികള്‍ക്ക് ഉണ്ടാകാറുണ്ട്. നല്ലത് ചെയ്യുക, നല്ലതിനെ അറിയുക എന്ന ഉദ്ദേശത്തില്‍ കുട്ടികളിലേക്ക് പലതിനെയും അടിച്ചേല്‍പിക്കുമ്പോഴാണ് അധികവും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്.
ഇത് കുട്ടിയില്‍ സ്വത്വപരമായ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എപ്പോഴും സ്വയം സംശയത്തോടെ കാണുക, സ്വന്തം തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും സംശയം പ്രകടിപ്പിക്കുക, മറ്റുള്ളവരെ വച്ച് എപ്പോഴും സ്വയം താരതമ്യപ്പെടുത്തുക, അപകര്‍ഷതാബോധം കാണിക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം.
അഞ്ച്...
ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ പോകുന്നതും കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഉദാഹരണത്തിന് കൊവിഡ് കാലത്തെ ലോക്ഡൗണ്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത, കൂട്ടുകാരെ കാണാന്‍ സാധിക്കാത്ത, കളിക്കളങ്ങളില്ലാത്ത അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വന്നേക്കാം.
അനുസരണക്കേട്, ഒട്ടും ചിട്ടയില്ലാത്ത രീതികള്‍, വാശി, സമയം കൈകാര്യം ചെയ്യാന്‍ അറിയായ്ക, ഗാഡ്‌ഗെറ്റുകളുടെ അമിതോപയോഗം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരാം.
Also Read:- കുട്ടികളിലെ കൊവിഡ്; ജാഗ്രതവേണമെന്ന് നീതി ആയോഗ്...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona