മുറിച്ചുണ്ടും മുറിയണ്ണാക്കും: ആധുനിക ചികിത്സയെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു...

മുറിച്ചുണ്ടും മുറിയണ്ണാക്കും മികച്ച ചികിത്സയിലൂടെ ഭേദമാക്കാം എന്നാണ് ഡോ. നിഖില്‍ ഗോവിന്ദന്‍  പറയുന്നത്. 

cleft lip know about the advanced treatment

മുഖത്തെയും വായയെയും ബാധിക്കുന്ന ജന്മനായുള്ള വൈകല്യങ്ങളാണ് മുറിച്ചുണ്ടും മുറിയണ്ണാക്കും. വെല്ലുവിളികള്‍ ഉണ്ടെങ്കിലും, മികച്ച ചികിത്സയിലൂടെ ഭേദമാക്കാവുന്ന അവസ്ഥയാണ് ഇത്. മുറിച്ചുണ്ടും മുറിയണ്ണാക്കും ബാധിച്ച കുട്ടികള്‍ക്ക് മികച്ച ഫലങ്ങള്‍ നേടിയെടുക്കാന്‍ ഇന്ന് സാധ്യമാണ്. ജനിച്ച ആദ്യ ആഴ്ച മുതല്‍ 18 വയസ്സുവരെ നീണ്ടു നില്‍ക്കുന്നതാണ് ഇവര്‍ക്കുള്ള ചികിത്സ. കുഞ്ഞിന്റെ മുഖരൂപീകരണ സമയത്ത് ആവശ്യമായ ഘടകങ്ങള്‍ പൂര്‍ണ്ണമായി സംയോജിക്കാതെ വരുന്ന സാഹചര്യമാണ് ഈ അവസ്ഥയിലേക്ക് എത്തുന്നത്. ഇതിന്റെ ഫലമായി മുകളിലെ ചുണ്ടില്‍ (മുറിച്ചുണ്ട്) അല്ലെങ്കില്‍ വായുടെ മുകള്‍ ഭാഗമായ അണ്ണാക്കില്‍ (മുറിയണ്ണാക്ക്) വിടവ് ഉണ്ടാകുന്നു. 

ആധുനിക വൈദ്യശാസ്ത്രം മുറിച്ചുണ്ടും മുറിയണ്ണാക്കും ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ശസ്ത്രക്രിയാ വിദഗ്ധര്‍, ശിശുരോഗവിദഗ്ധര്‍, ഓര്‍ത്തഡോണ്ടിസ്റ്റുകള്‍, ഡന്റല്‍ സര്‍ജന്‍മാര്‍, അനസ്‌തെറ്റിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ന്യൂട്രീഷനിസ്റ്റ്, മറ്റ് വിദഗ്ധര്‍ എന്നിവര്‍ അടങ്ങുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ടീം ഏകോപിച്ചു നല്‍കുന്ന ചികിത്സയിലൂടെ ഈ രോഗാവസ്ഥയ്ക്ക് മികച്ച ചികിത്സ ഇപ്പോള്‍ ലഭ്യമാണ്. വ്യത്യസ്ത തരത്തിലുള്ള മുറിച്ചുണ്ടും മുറിയണ്ണാക്കും ഉള്ളതുകൊണ്ട്, അവസ്ഥകള്‍ക്കനുസരിച്ച് വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായ ചികിത്സകളാണ് കൈക്കൊള്ളുക. ചെറിയ ശസ്ത്രക്രിയാ നടപടിക്രമങ്ങളിലൂടെ തന്നെ ഇവരുടെ പ്രയാസങ്ങള്‍ വലിയതോതില്‍ മാറ്റിയെടുക്കാനാകും.

മുകളിലെ ചുണ്ടില്‍ ഉണ്ടാകുന്ന വിടവാണ് മുറിച്ചുണ്ട്. ഇത് ചുണ്ടിന്റെ വക്കില്‍ നിന്ന് മൂക്കിലേക്ക് വരെ വിവിധ തീവ്രതയില്‍ കാണപ്പെടാം. ഇത് ഒരു വശത്തോ (ഒരുഭാഗത്തുള്ള മുറിച്ചുണ്ട്) അല്ലെങ്കില്‍ ഇരു വശങ്ങളിലോ (ഇരുഭാഗത്തുള്ള മുറിച്ചുണ്ട്) ഉണ്ടാകാം. മുറിയണ്ണാക്കില്‍ വായുടെ മേല്‍ഭാഗത്ത് അണ്ണാക്കില്‍ വിടവ് ഉണ്ടാകും. ഇത് സംസാരത്തെയും ഭക്ഷണത്തെയും കേള്‍വിയെയും ഗണ്യമായി ബാധിക്കും.

മുറിച്ചുണ്ടും മുറിയണ്ണാക്കും ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനിതക കാരണങ്ങളും പരിസ്ഥിതി ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും, ഈ അവസ്ഥയുടെ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ആധുനിക ചികിത്സാ രീതികള്‍ ഇന്ന് ലഭ്യമാണ്. ആധുനിക ശസ്ത്രക്രിയാ രീതികള്‍ മുന്‍കൂട്ടി രോഗാവസ്ഥയ്ക്ക് നല്‍കുന്ന ചികിത്സാ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നു. കുഞ്ഞിന്റെ ശൈശവ ദശയില്‍ തുടങ്ങി ഘട്ടം ഘട്ടമായുള്ള ചികിത്സയാണ് നടത്തുന്നത്. വിടവ് അടയ്ക്കുക, മുഖത്തിന്റെ ആകാരഭംഗി, സംസാരശേഷി, ഭക്ഷണം കഴിക്കാനുള്ള ശേഷി, കേള്‍വി തുടങ്ങിയവ ഉറപ്പുവരുത്താനാവശ്യമായ മറ്റു നടപടിക്രമങ്ങള്‍ എന്നിവയ്ക്കാണ് ചികിത്സാ സംഘം പ്രാധാന്യം നല്‍കുക. മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയാ രീതികളിലൂടെ മൂക്കിന്റെ അഗ്രഭാഗം ശരിപ്പെടുത്തുന്ന നേസല്‍ ടിപ്പ് ഷേപ്പിംഗ്, മോണയില്‍ ചെയ്യുന്ന ആല്‍വിയോളാര്‍ ബോണ്‍ ഗ്രാഫ്റ്റിംഗ്, പല്ലുകള്‍ മുളയ്ക്കുന്നതിനും ഭാവിയില്‍ ആവശ്യമെങ്കില്‍ ഓര്‍ത്തഡോണ്ടിക് ചികിത്സകള്‍ നടത്തുന്നതിനും സാധിക്കും. 

ശസ്ത്രക്രിയക്കപ്പുറം, മുറിച്ചുണ്ടും മുറിയണ്ണാക്കും ബാധിച്ച വ്യക്തികളുടെ സമഗ്ര ചികിത്സയില്‍ ജീവിതകാലം മുഴുവന്‍ ചികിത്സകരുടെ സപ്പോര്‍ട്ട് അനിവാര്യമാണ്. വ്യക്തമായ സംസാര രീതികള്‍ വികസിപ്പിക്കുന്നതിന് സ്പീച്ച് തെറാപ്പി സഹായിക്കുന്നു. പല്ലുകള്‍ കടിച്ചു മുറിക്കാന്‍ പാകത്തിലും സൗന്ദര്യാത്മകമായും നിരയായി നിര്‍ത്താന്‍ ഓര്‍ത്തഡോണ്ടിക് ചികിത്സ സഹായിക്കുന്നു. ഇത്തരം അവസ്ഥകള്‍ സൃഷ്ടിക്കുന്ന മാനസിക, വൈകാരിക വെല്ലുവിളികളെ നേരിടാന്‍ മനഃശാസ്ത്രപരമായ പിന്തുണയും ഇവര്‍ക്ക് നല്‍കേണ്ടതുണ്ട്.

നേരത്തെ കണ്ടെത്തി, ചികിത്സ ആരംഭിക്കുകയും വിദഗ്ധ സംഘത്തിന്റെ ചികിത്സയും ആധുനിക സാങ്കേതിക സംവിധാനങ്ങളും ഒത്തുചേരുമ്പോള്‍ മുറിച്ചുണ്ടും മുറിയണ്ണാക്കുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്ല പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇത്തരം ചികിത്സകളുടെ ചിലവ് താങ്ങാനാകാത്തതാണ് പലപ്പോഴും അര്‍ഹരായവരിലേക്ക് ആധുനിക ചികിത്സകള്‍ എത്താതിരിക്കാന്‍ കാരണം. എന്നാല്‍ 'സ്‌മൈല്‍ ട്രെയിനി' - ന്റെ സഹകരണത്തോടെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ ഈ ചികിത്സ സൗജന്യമാണ്.

എഴുതിയത്: 

ഡോ. നിഖില്‍ ഗോവിന്ദന്‍,
ക്ലെഫ്റ്റ് ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍, 
സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

Latest Videos
Follow Us:
Download App:
  • android
  • ios