ഹൃദ്രോഗികൾക്കായി അതിനൂതന എക്സിമർ ലേസർ ആഞ്ചിയോപ്ലാസ്റ്റിയുമായി ആസ്റ്റർ മെഡ്‌സിറ്റി
നിരവധി ചികിത്സാസൗകര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ലേസർ സംവിധാനമാണ് പിഎൽഎസ് എക്സിമർ ലേസർ സിസ്റ്റം
ഹൃദ്രോഗചികിത്സയിലെ നൂതനസംവിധാനമായ എക്സിമർ ലേസർ ആഞ്ചിയോപ്ലാസ്റ്റി സജ്ജമാക്കി ആസ്റ്റർ മെഡ്‌സിറ്റി. ഹൃദയധമനികളിലും അനുബന്ധ രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന രക്തക്കട്ടകളെ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും സമഗ്രവും വിപ്ലവകരവുമായ സാങ്കേതികവിദ്യയാണ് പി.എൽ.എസ് എക്സിമർ ലേസർ സിസ്റ്റത്തിന്റേത്. സങ്കീർണമായ ഹൃദ്രോഗങ്ങൾ നേരിടുന്നവർക്ക് ഉപകാരപ്രദമായിരിക്കും ഈ സംവിധാനം.
നിരവധി ചികിത്സാസൗകര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ലേസർ സംവിധാനമാണ് പിഎൽഎസ് എക്സിമർ ലേസർ സിസ്റ്റം. പ്രത്യേകം രൂപവത്കരിച്ചിട്ടുള്ള ഇ.എൽ.സി.എ കത്തീറ്റർ ഉപയോഗിച്ച് രക്തപ്രവാഹം തടസപ്പെടുന്നത് എവിടെയെന്ന് കണ്ടെത്താനും, ശേഷം അടഞ്ഞുകിടക്കുന്ന രക്തക്കുഴലുകൾ തുറക്കാനും, ഉള്ളിൽ പരിക്കുകൾ ഉണ്ടെങ്കിൽ ആ ഭാഗത്ത് ആവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്താനും ഈ സംവിധാനത്തിന് കഴിയും. രക്തക്കുഴലിൽ തടസങ്ങൾ നീക്കുന്നതിന് തീർത്തും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ക്ലിനിക്കൽ തെളിവുകൾ സഹിതം തെളിയിക്കപ്പെട്ടിട്ടുള്ള മാർഗമാണിത്.
ഗുരുതരമായ രക്തക്കട്ടകൾ, ക്ഷതങ്ങൾ എന്നിവ പരിഹരിക്കുന്നതിന് മികച്ച ഫലപ്രാപ്തി നൽകുന്ന സംവിധാനമാണ് എക്സിമർ ലേസർ തെറാപ്പിയെന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടന്റ്, കാർഡിയോളജിസ്റ്- ഡോ. അനിൽ കുമാർ ആർ പറഞ്ഞു. ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്ന സമയത്ത് ഉള്ളിൽ കടത്തിവിടുന്ന ബലൂൺ വീർക്കാതെ വരുന്ന ഘട്ടങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കീർണമായ സാഹചര്യങ്ങളിൽപ്പോലും മികച്ച വിജയസാധ്യത നൽകുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടെ സവിശേഷത. വലിപ്പമേറിയ രക്തക്കട്ടകൾ പോലും നീക്കി മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ രക്തയോട്ടം പൂർണമായും പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കുന്നു. ഒരിക്കൽ സ്റ്റെന്റ് ഇട്ട ഭാഗം വീണ്ടും ചുരുങ്ങുന്നത് തടയുന്നു. അങ്ങനെ വീണ്ടും സ്റ്റെന്റ് ഇടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നു.
ഗുരുതരമാംവിധം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന ഘട്ടങ്ങളിലും ഹൃദയാഘാതത്തിന്റെ മറ്റ് സാഹചര്യങ്ങളിലും നിർണായകമായ ജീവൻരക്ഷാ ഉപാധിയായി മാറാൻ ഈ സംവിധാനത്തിന് കഴിയും. ഓപ്പറേഷന് പകരം ഞരമ്പുകളിലൂടെ കുഴൽകടത്തിവിട്ട് കൃത്യമായ ഇടത്ത് സ്റ്റെന്റുകൾ സ്ഥാപിക്കാനും ലേസർ ആഞ്ചിയോപ്ലാസ്റ്റി പ്രയോജനപ്പെടുത്താം. സ്റ്റെന്റുകൾ വേണ്ടവിധം വീർത്തുവരാത്ത ഘട്ടങ്ങളിലും കാൽസ്യം അടിഞ്ഞ് തടസങ്ങൾ രൂപപ്പെടുമ്പോഴും ഞരമ്പുകളിൽ കാര്യമായ ക്ഷതമേൽക്കാറുണ്ട്. ഇത്തരം വെല്ലുവിളികൾ ഉണ്ടാകുമ്പോൾ ധമനികൾക്കുള്ളിൽ വയറുകൾ കടത്തിവിട്ടുള്ള ചികിത്സ അത്ര നല്ലതല്ല. എന്നാൽ ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് അവയെ തരണം ചെയ്യാനാകും. ഹൃദയധമനികൾക്ക് പുറമെ മറ്റ് അനുബന്ധഞരമ്പുകളിലെ തടസങ്ങൾ നീക്കാനും ഈ രീതി ഉപയോഗിക്കാം. മുൻപ് സ്ഥാപിച്ചിട്ടുള്ള പെയ്‌സ്‌മേക്കർ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ലേസർ സാങ്കേതികത സഹായിക്കും.
308 നാനോമീറ്റർ തരംഗദൈർഘ്യമുള്ള കിരണങ്ങങ്ങളാണ് എക്സിമർ ലേസർ കടത്തിവിടുന്നത്. ഇതുപയോഗിച്ച് ഹൃദയധമനികളിലെ തടസ്സങ്ങളെ തകർക്കാനും ഉരുക്കിക്കളയാനും നീക്കം ചെയ്യാനും കഴിയും. സമീപത്തുള്ള മറ്റ് കോശങ്ങൾക്ക് ഉണ്ടായേക്കാവുന്ന തകരാർ പരമാവധി കുറച്ച്, കൂടുതൽ ഫലപ്രാപ്തി ഉറപ്പുനൽകുന്നു. ധമനിക്കുള്ളിലേക്ക് കടത്തിവിടുന്ന കത്തീറ്ററിൽ നിന്നാണ് ശക്തിയേറിയ ലേസർ കിരണങ്ങൾ ഉണ്ടാക്കുന്നത്. ഈ കിരണങ്ങൾ അത് കടന്നുപോകുന്ന വഴിയിലുള്ള തടസ്സങ്ങളെ നീക്കുന്നു. സാധാരണഗതിയിൽ ഇതിന് ഹൃദയംതുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്. എന്നാൽ ലേസർ സാങ്കേതികവിദ്യ മിക്ക രോഗികളിലും അത്തരം വെല്ലുവിളികൾ ഒഴിവാക്കുന്നു. അങ്ങനെ രോഗിയുടെ ജീവിതനിലവാരം ഉയർത്തിപ്പിടിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയായാൽ 24 മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നു.
എക്സിമർ ലേസർ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ആസ്റ്റർ മെഡ്സിറ്റിയിൽ സ്ഥാപിച്ചിട്ടുള്ളതെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടന്റ്, കാർഡിയോളജിസ്റ്- ഡോ. രാജശേഖർ വർമ്മ പറയുന്നു. ഉപകരണത്തിന്റെ വലിപ്പം വളരെ കുറവാണ്. പ്രവർത്തിച്ചുതുടങ്ങിയാൽ 30 സെക്കൻഡുകൾക്കുള്ളിൽ പൂർണസജ്ജമാകുകയും ചെയ്യും. സുഗമമായ ഉപയോഗത്തിന് ടച്ച് സ്ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളിൽ കൃത്യതയോടെ വേഗത്തിൽ ചികിത്സ നല്കാൻ ഇത് സഹായിക്കുമെന്ന് ഡോ. രാജശേഖർ വർമ്മ പറഞ്ഞു.
കൃത്യമായ ചികിത്സയ്‌ക്കൊപ്പം ഉടൻ തന്നെ ആശുപത്രി വിടാനുള്ള അവസരവും ഈ സംവിധാനം രോഗികൾക്ക് നൽകുന്നുണ്ടെന്ന് സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ് - ഡോ. രാജീവ് സി വ്യക്തമാക്കി. രോഗികളുടെ ജീവിതനിലവാരം കൂടുതൽ ഉയർത്താൻ ഇത് സഹായിക്കുന്നു.
ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി ഹൃദ്രോഗവിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർമാരായ ഡോ. അനിൽ കുമാർ, ഡോ. രാജീവ് സി, ഡോ. രാജശേഖർ വർമ്മ, കൺസൾട്ടന്റ് ഡോ. സന്ദീപ് ആർ എന്നിവർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.