'ഇത് കണ്ടാല്‍ തകരുമോ മലയാളിയുടെ സദാചാരം ?' വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് കാണാം
സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്‍റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഫോട്ടോഗ്രഫി ജോലികളും ചെയ്തത് വെഡ്ഡിങ്ങ് സ്റ്റോറീസ് ആണ്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്‍റുകളും വരുന്നതെന്ന് അഖില്‍ പറഞ്ഞു. ഋഷി കാര്‍ത്തികും ലക്ഷ്മി ഋഷിക്കും ഇത്തരം വിവാദങ്ങളില്‍ താല്പര്യമില്ലെന്നും അവരതിനെ ഗൌരവമായി എടുക്കുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ അഖില്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത് കല്ല്യാണത്തിന് മുമ്പെടുത്തതല്ലെന്നും വിവാഹാനന്തര ഫോട്ടോഗ്രഫിയായിരുന്നെന്നും അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് 19 ന്‍റെ വ്യാപനത്തോടെ വിവാഹം നീണ്ടുപോകുമോയെന്ന് ഭയന്ന സമയത്താണ് ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്. അതുകൊണ്ട് കൂടുതല്‍ വിപുലമായ വിവാഹം നടത്താന്‍ കഴിഞ്ഞില്ല. കവിഞ്ഞ സെപ്തംബര്‍ 16 നാണ് വിവാഹം കഴിഞ്ഞെങ്കിലും കാലാവസ്ഥയും കൊവിഡും പ്രശ്നങ്ങള്‍ സൃഷ്ടിചെന്നും ഋഷി പറഞ്ഞു.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫോട്ടോഷൂട്ടിന് സൌകര്യമൊരുങ്ങിയത്. അങ്ങനെയാണ് കുടുംബസുഹൃത്തായ അഖിലുമൊത്ത് വിവാഹാനന്തര ഫോട്ടോഷൂട്ട് പദ്ധതിയിട്ടതെന്ന് ഋഷി കാര്‍ത്തിക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വാഗമണിലെ റിസോര്‍ട്ടില്‍ വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. കൊവിഡിനെ തുടര്‍ന്ന് വിവാഹത്തിന്‍റെ കൂടുതല്‍ ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് വിവാഹാനന്തര ഫോട്ടോഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചത്.
ഫോട്ടോഷൂട്ടിനുള്ള ഐഡിയ ഞാന്‍ തന്നെയാണ് അഖിലിനോട് പറഞ്ഞതെന്നും ഋഷി പറഞ്ഞു. അഖിലാണ് വാഗമണിലേ തെയിലത്തോട്ടത്തില്‍ വച്ച് ഫോട്ടോഷൂട്ട് ചെയ്യാമെന്ന് പറഞ്ഞത്.
വിവാഹത്തോടനുബന്ധിച്ചുള്ള പല ചിത്രങ്ങളും ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങള്‍ കാണാത്ത ആളുകളാണ് ഇപ്പോള്‍ ഈ ചിത്രങ്ങള്‍ക്കടിയില്‍ കമന്‍റെഴുതുന്നതെന്നും ഋഷി പറഞ്ഞു.
വെറുമൊരു ചിത്രം കണ്ടാല്‍ തകരുന്നതാണോ മലയാളിയുടെ സദാചാരം ? ഋഷി ചോദിച്ചു. പൊതുസ്ഥലത്ത് വച്ചെടുത്ത ചിത്രങ്ങളാണ് എല്ലാം. അല്ലാതെ ഒരു മുറിയില്‍ അടച്ചിട്ട് എടുത്തതല്ല. മാത്രമല്ല, ഷോട്ട്സും ടോപ്പും ഇട്ടാണ് എല്ലാ ചിത്രത്തിലുമുള്ളത്.
അത് മറച്ച് കൊണ്ട് ഒരു ബെഡ്ഡ് ഷീട്ട് പുതക്കുകയാണ് ചെയ്തത്. എന്നാല്‍ ആളുകളുടെ കമന്‍റുകള്‍ പലതും അസഹനീയമാണ്. അത്രമാത്രം സാമാന്യബോധമില്ലാതെയാണ് ആളുകള്‍ പ്രതികരിക്കുന്നതെന്നും ഋഷി പറഞ്ഞു.
ഇത്തരത്തിലുള്ള കമന്‍റുകള്‍ വന്നപ്പോള്‍ ആദ്യം അതിനെ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് നൂറ് കണക്കിന് കമന്‍റുകളാണ് ചിത്രത്തിന് താഴെ നിറഞ്ഞത്. ഇത്തരത്തില്‍ കമന്‍റുകള്‍ എഴുതുന്നവര്‍ വിശുദ്ധരല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഋഷി പറഞ്ഞു.
എന്‍റെ വീട്ടിലോ ലക്ഷ്മിയുടെ വീട്ടിലോ ഈ ചിത്രങ്ങള്‍ സംമ്പന്ധിച്ച് പ്രശ്നങ്ങളില്ലെന്നും ഋഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥിരമായി ഒരേ പാറ്റേണിലാണ് വിവാഹ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തതവേണമെന്ന് ഞങ്ങള്‍ക്ക് തോന്നി.
അങ്ങനെ ഞാന്‍ തന്നെ പറഞ്ഞ ഐഡിയയിലാണ് ഫോട്ടോഷൂട്ട് ചെയ്തതെന്നും ഋഷി പറഞ്ഞു. സ്വന്തം ഭാര്യയോടൊപ്പം ഒരു ചിത്രമെടുത്തത് ഇത്ര പ്രശ്നമാക്കേണ്ടകാര്യമില്ല. ഇതെല്ലാം ഒറ്റ ദിവസത്തെ വിഷയം മാത്രമാണെന്നും നാളെ ഈ കമന്‍റിട്ടവര്‍ മറ്റൊരു വിഷയം തേടി പോകുമെന്നും ഋഷി പറഞ്ഞു.