'തഗ് ലൈഫ് ഓഫ് ഫിലോമിന': കിടിലോൽക്കിടിലമായിരുന്ന ഫിലോമിന ഒരു സംഭവമായിരുന്നു
മലയാള സിനിമയ്ക്കും സിനിമാ ആസ്വാദകര്‍ക്കും ആരാണ് ഫിലോമിന ? അതിനുള്ള ഉത്തരമാണ് സ്വതന്ത്ര സഹസംവിധായികയും എഴുത്തുകാരിയും അധ്യാപികയുമായ റിമ മാത്യുവിന്‍റെ ഫിലോമിനയെ കുറിച്ചുള്ള മീമുകള്‍.
നായകന്‍റെയോ നായികയുടെയോ സ്നേഹനിധിയായ അമ്മയായി അവരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. പകരം ഉള്ളത് ഉളളത് പോലെ പറയുന്ന തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു സാധാരണ സ്ത്രീയെ കാണാം. അതാണ് ഫിലോമിന.
തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ 1926 ലാണ് ഫിലോമിനയുടെ ജനനം. 2006 ജനുവരി 2 ന് ഫിലോമിന മലയാളസിനിമാ ലോകത്തോടും നമ്മളോടും എന്നന്നേക്കുമായി യാത്ര പറഞ്ഞു. 1964 മുതല്‍ 2003 വരെ മലയാള സിനിമാലോകത്ത് സജീവമായിരുന്നു ഫിലോമിന. ഇതിനിടെ ഫിലോമിന അഭിനയിച്ച് അവിസ്മരണീയമാക്കിയത് 750 ഓളം സിനിമകളാണ്.
ഗോഡ്‍ ഫാദറിലെ ആനപ്പാറ അച്ചാമ്മയെ അവിസ്മരണീയമാക്കിയ ഫിലോമിനയ്ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം മലയാളി നല്‍കിയിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ ഇന്നും ഫിലോമിനയെ പല തലമുറകള്‍ ഓര്‍ക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മീമുകള്‍.
തമാശ കലര്‍ത്തിയാണെങ്കിലും മലയാള സ്ത്രീ സ്വത്വത്തെ അടയാളപ്പെടുത്താന്‍ നായിക കഥാപാത്രത്തെക്കാള്‍ ഫിലോമിനയുടെ കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ ഫിലോമിനയ്ക്ക് വല്ലാത്ത മിടുക്കുണ്ടായിരുന്നതായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈയൊരു ഗുണമാണ് പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ ഫിലോമിനയ്ക്ക് എന്നും സ്ഥാനം നേടിക്കൊടുത്തിരുന്നത്.
കൂടുതലും കോമഡി റോളുകളാണ് ഫിലോമിനയെ തേടിയെത്തിയിട്ടുള്ളത്. അമ്മ, മുത്തശ്ശി എന്നീ റോളുകളില്‍ പോലും കോമഡിയായിരുന്നു ഫിലോമിനയുടെ കൈമുതല്‍.
കോമഡിക്കിടയിലും തന്‍റേടിയായിരുന്നു ഫിലോമിനയുടെ കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ മലയാള കുലസ്ത്രീ പരിവേഷത്തിന് പുറത്തായിരുന്നു അവര്‍.
പള്ളികളില്‍ കോയര്‍ പാടി നടന്നിരുന്ന ഫിലോമിന, അച്ഛന്‍ ദേവസ്യയുടെ മരണത്തോടെ നാടകങ്ങളില്‍ പാട്ടുപാടാനായി പോയിത്തുടങ്ങി. ഒരു വരുമാന മാര്‍ഗ്ഗമെന്ന നിലയിലായിരുന്നു ഇത്. പിന്നീട് പാട്ട് ഉപേക്ഷിക്കുകയും നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങുകയുമായിരുന്നു.
ഒരു പക്ഷേ കുട്ടിക്കാലം മുതല്‍ കുടുംബത്തിന്‍റെ ഭാരം ഏറ്റടുക്കേണ്ടി വന്നതില്‍ നിന്നും ഉണ്ടായ അനുഭവങ്ങളായിരിക്കാം ഫിലോമിന ആരുടെയും മുഖത്ത് നോക്കി ഉള്ളത് ഉള്ളത് പോലെ പറയാന്‍ ധൈര്യപ്പെട്ടിരുന്നത്.
ആദ്യകാല നടികളെ പോലെ നാടകത്തിലൂടെയായിരുന്നു ഫിലോമിന മലയാള സിനിമയുടെ അഭ്രപാളിയിലേക്ക് എത്തിയത്. പി ജെ ആന്‍റണിയുടെ നാടകങ്ങളിലായിരുന്നു അവര്‍ ആദ്യകാലത്ത് അഭിനയിച്ചിരുന്നത്. അവസാനകാലത്ത് ഫിലോമിന ടി വി സീരിയലുകളിലും അഭിനയിച്ചിരുന്നു.
നാടകം, സിനിമ, ടി വി സീരിയല്‍ ഇങ്ങനെ അഭിനയത്തിന്‍റെ പല മേഖലകളില്‍ കൈവച്ചിട്ടുള്ള മലയാള നടികളില്‍ അപൂര്‍വ്വം ആളുകളിലൊരാളാണ് ഫിലോമിന.
1964 ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കുട്ടിക്കുപ്പായമാണ് ഫിലോമിനയുടെ ആദ്യം പുറത്തിറങ്ങിയ സിനിമ. കുഞ്ഞിപ്പാത്തുമ്മയെന്നായിരുന്നു ഫിലോമിനയുടെ ആദ്യ കഥാപാത്രത്തിന്‍റെ പേര്. പിന്നീട് ഇവര്‍ അഭിനയിച്ചതില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങള്‍ മുസ്ലീം സ്ത്രീകളായിരുന്നു. സിനിമയിലേക്ക് എത്തിയ ആദ്യ വര്‍ഷം തന്നെ നാല് സിനിമകളിലാണ് അവര്‍ അഭിനയിച്ചത്.
1970 മുതല്‍ 1979 വരെയുള്ള 9 വര്‍ഷം ഏതാണ്ട് 80 ല്‍ അധികം ചിത്രങ്ങിളില്‍ ഫിലോമിന അഭിനയിച്ചിട്ടുണ്ട്. ഫിലോമിന എന്ന നടിയില്ലാതെ ചിത്രങ്ങളില്ലെന്ന അവസ്ഥവരെയുണ്ടായിരുന്നു ഒറ്റ വര്‍ഷം തന്നെ പതിനഞ്ചിലേറെ ചിത്രങ്ങളില്‍ ഫിലോമിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നത് മലയാള സിനിമയിലെ അവരുടെ പ്രാധാന്യത്തെ കാണിക്കുന്നു.
ഇതില്‍ 1970 ല്‍ പി ഭാസ്കരന്‍ സംവിധാനം ചെയ്ത തുറക്കാത്ത വാതില്‍. ഓളവും തീരവും എന്ന ചിത്രങ്ങിലെ അഭിനയത്തിന് ആദ്യമായി ഫിലോമിനയ്ക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ സഹനടിക്കുള്ള അവര്‍ഡ് ലഭിക്കുന്നു. 1987 ല്‍ തനിയാവര്‍ത്തനത്തിലെ അഭിനയത്തിന് രണ്ടാമത്തെ സഹ നടിക്കുള്ള അവാര്‍ഡും ഫിലോമിനയ്ക്കാണ്.
അതിന് ശേഷം അവിസ്മരണീയ കഥാപാത്രങ്ങളെ ഫിലോമിന മലയാളിക്ക് സമ്മാനിച്ചെങ്കിലും അവരെ ആദരിക്കുന്നതില്‍ നാം എന്നും പിന്നോട്ട് തന്നെയായിരുന്നു.