കടുവകളുടെ അങ്കക്കലി; അതും രാജസ്ഥാനില്‍ നിന്ന്
രാജസ്ഥാനില്‍ രാഷ്ട്രീയ വടംവലി ഏറെ രൂക്ഷമായ സമയമാണിത്. തെരഞ്ഞെടുപ്പ് കാലത്ത് ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച സച്ചിന്‍ പൈലറ്റിന് പക്ഷേ, അധികാരത്തിന്‍റെ ഗുണഫലമനുവദിക്കാന്‍ മൂപ്പിളമ തര്‍ക്കമെടുത്തിട്ട അശോക് ഗൈലോട്ട് അനുവദിച്ചില്ല. അധികാരകേന്ദ്രത്തിലെ ഈ വടം വലിക്കിടെ രാജസ്ഥാനില്‍ നിന്ന് ഒരു വീഡിയോയും വൈറലാകുന്നു. 2019 ഒക്ടോബര്‍ 15 ന് സവായ് മാധോപൂർ ജില്ലയിലെ രൺഥംഭോർ ദേശീയോദ്യാനത്തില്‍ നിന്ന് പകര്‍ത്തിയ കാഴ്ചകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
രാജസ്ഥാനിലെ സവായ് മാധോപൂർ ജില്ലയിലെ രൺഥംഭോർ ദേശീയോദ്യാനത്തില്‍ നിന്ന് 2019 ഒക്ടോബര്‍ 15 നാണ് ഹര്‍ഷ നരസിംഹമൂര്‍ത്തിയെന്ന ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹം മറ്റ് 16 ഓളം വരുന്ന സഞ്ചാരികളെയും കൊണ്ട് ദേശീയോദ്യാനത്തിലെത്തിയതായിരുന്നു. കടുവകള്‍ക്ക് പേരുകേണ്ട് ഇന്ത്യയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് രൺഥംഭോർ ദേശീയോദ്യാനം.
1980 ലാണ് രൺഥംഭോർ ദേശീയോദ്യാനം രൂപവത്ക്കരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും അതിന് മുമ്പും ഇവിടം രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു. ആരവല്ലി പര്‍വതനിരയുടെ ഭാഗമായ ഈ ദേശീയോദ്യാനത്തില്‍ കൂടിയാണ് ബാണാസ് നദി ഒഴുകുന്നത്. കടുവകളുടെ പ്രധാന ആഹാരങ്ങളിലൊന്നായ ചിങ്കാര മാനുകള്‍ ഏറെയുള്ള ദേശീയോദ്യാനമാണ് രൺഥംഭോർ.
സഞ്ചാരികളുമായി ഹര്‍ഷ നരസിംഹമൂര്‍ത്തി രൺഥംഭോർ ദേശീയോദ്യാനത്തില്‍ എത്തുമ്പോള്‍ ഒരു പെണ്‍ കടുവയ്ക്ക് വേണ്ടി രണ്ട് ആണ്‍ ബംഗാള്‍ കടുവകള്‍ തമ്മില്‍ പോരാടുന്നതാണ് കണ്ടത്. ശക്തരായ രണ്ട് കടുവകളും പിന്‍മാറാതെ നിന്ന് പോരാടിയപ്പോള്‍ സന്ദര്‍ശകര്‍ ഭയന്നു. എന്നാല്‍ ഇതിനിടെ തനിക്ക് വേണ്ടി തമ്മില്‍ തല്ലുന്ന ആണ്‍ കടുവകളെ ഉപേക്ഷിച്ച് പെണ്‍ കടുവ കടന്നുകഴിഞ്ഞിരുന്നു.
തങ്ങളുടെ അങ്കം ഒരു കൂട്ടം മനുഷ്യര്‍ കണ്ട് നില്‍ക്കുന്നവെന്ന ബോധ്യം പോലുമില്ലാതെയായിരുന്നു കടുവകളുടെ പോരാട്ടം. വന്യജീവി സംരക്ഷകര്‍ക്കിടയില്‍ T57,T58 എന്നീ പേരുകളുള്ള കടുവകളാണ് പരസ്പരം പോരടിച്ചിരുന്നത്.
ഉയര്‍ന്ന് ചാടിയും ചാടി മറിഞ്ഞുമുള്ള പോരാട്ടത്തിനിടെ ഒരാള്‍ക്ക് പരിക്കേറ്റ സമയത്ത് അല്‍പ്പനേരം ഇരുവരും നിശബ്ദരായെങ്കിലും പെട്ടെന്ന് തന്നെ ഉറക്കെയുള്ള അലര്‍ച്ചെയോടെ ഇരുവരും വീണ്ടും പോരാട്ടം തുടരുകയായിരുന്നുവെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ഹന്‍സ് രാജ് ഗുജ്ജാറെടുത്ത വീഡിയോയില്‍ കാണാം.