'ഇത് ഇവിടെ പറ്റില്ല. രാജാവാകാന്‍ തായ്‍ലന്‍റിലേക്ക് പോകൂ'; വിവാദ ചിത്രത്തിന് മണിപ്പൂരി മുഖ്യമന്ത്രിക്ക് മറുപടി
സൈന്യത്തിന്‍റെ ഫുട്ബോള്‍ ടീം അംഗം, പിന്നീട് പത്രപ്രവര്‍ത്തകന്‍, അതും വിട്ട് രാഷ്ട്രീയത്തില്‍. നാല് തവണ തുടര്‍ച്ചയായി എംഎല്‍എ. സഹമന്ത്രി, മന്ത്രി, പിന്നെ മുഖ്യമന്ത്രി. രാഷ്ട്രീയത്തിലെ ബാല പാഠങ്ങള്‍ പഠിച്ചത് ഡിആർപിപിയില്‍ നിന്ന്. പിന്നീട് കോണ്‍ഗ്രസിലേക്ക് ചാടി. അവിടെ കലാപമുണ്ടാക്കി ബിജെപിയിലേക്ക്... അതേ, പറഞ്ഞ് വന്നത് മണിപ്പൂരിന്‍റെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി നോങ്‌തോമ്പം ബിരേൻ സിംഗ് എന്ന എന്‍ ബിരേന്‍ സിംഗിനെ കുറിച്ചാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം തന്‍റെ സാമൂഹ്യമാധ്യമം വഴി പങ്കുവച്ചൊരു ചിത്രം ഏറെ വിവാദമായിരിക്കുന്നു. മുഖ്യമന്ത്രിയായ എന്‍ ബിരേന്‍ സിംഗ് ചുവന്ന പരവതാനിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയുടെ ഇരുവശത്തും മുട്ട് കുത്തി കുമ്പിട്ടിരിക്കുന്ന കുട്ടികളുടെ ചിത്രമാണ് അദ്ദേഹം സാമൂഹ്യമാധ്യം വഴി പങ്കുവച്ചത്. ഇത് മണിപ്പൂരിന്‍റെ സംസ്കാരം ഏറെ അഭിമാനം തോന്നുന്നു എന്ന എന്‍ ബിരേന്‍ സിംഗിന്‍റെ കമന്‍റിന് താഴെ ഇതല്ല മണിപ്പൂരികളുടെ സംസ്കാരമെന്ന കമന്‍റുകളും നിരവധി.
'മണിപ്പൂരിസിന്‍റെ സംസ്കാരവും ആചാരവും കണ്ടതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. എന്തൊരു ശിക്ഷണം' എന്നായിരുന്നു താന്‍ കടന്ന് പോകുമ്പോള്‍ മുട്ടുകുത്തി കുമ്പിട്ടിരിക്കുന്ന കുട്ടികളുടെ ചിത്രം പങ്ക് വച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് കുറിച്ചത്.
ചിലര്‍ ഇന്ത്യയുടെ പുരാതന കാലത്തെ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ടു. എന്നാല്‍ നിരവധി പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തി. 'ലജ്ജാകരവും അപമാനകരവുമാണ്’ഈ പ്രവര്‍ത്തിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
ഇത് മണിപ്പൂരിമാരുടെ പാരമ്പര്യമല്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വിദ്യാർത്ഥികൾ മുട്ടുകുത്തി കുമ്പിടുന്നത് ബഹുമാനവും അച്ചടക്കവും കാണിക്കുന്ന ഒരു പ്രവൃത്തിയല്ലെന്നും, മറിച്ച് വിവേചനത്തിന് തുല്യമാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
'ആചാരവും ബഹുമാനവും തായ്‌ലൻഡില്‍. ഇവിടെ രാജാവാകരുത്. എല്ലാത്തിനും അതിരുകളുണ്ട്, നിങ്ങൾ ചുവന്ന പരവതാനിയിൽ നടന്നു, കുട്ടികൾ വൃത്തികെട്ട ഭാഗത്ത് കുമ്പിട്ടിരിക്കുന്നു. എന്ന വൈകാരിക പ്രതികരണങ്ങളും കുറവല്ല.
1992 വരെ ബിഎസ്എഫിന്‍റെ ഫുട്ബോള്‍ കളിക്കാരമായിരുന്നു നോങ്‌തോമ്പം ബിരേൻ സിംഗ് എന്ന എന്‍ ബിരേന്‍ സിംഗ്. 1992 ല്‍ ബിഎസ്എഫില്‍ നിന്ന് രാജിവച്ച് ഹരോൽഗി തൌദാംഗ് എന്ന പ്രാദേശിക ദിനപത്രം തുടങ്ങി.
2001 വരെ പത്രാധിപരായിരുന്നു. 2002 ല്‍ രാഷ്ട്രീയത്തിലേക്ക് കടന്നു. ഡെമോക്രാറ്റിക് റെവല്യൂഷണറി പീപ്പിൾസ് പാർട്ടിയായിരുന്നു ആദ്യ കളരി.
2003 ൽ ഡിആർപിപിയില്‍ അംഗമായി എംഎല്‍എയായി വിജിലൻസ് സഹമന്ത്രി വരെയായി. 2007 ൽ കോണ്‍ഗ്രസിലേക്ക് ചേക്കേറി. യുവജനകാര്യ കായിക മന്ത്രിയായി.
2012 ൽ തുടർച്ചയായ മൂന്നാം തവണയും എംഎല്‍എയായി. പിന്നീട് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെതിരെ പട നയിച്ച് 2016 ല്‍ ബിജെപി പാളയത്തിലെത്തി. 2017 ലും സീറ്റ് നിലനിര്‍ത്തിയ എന്‍ ബിരേന്‍ സിംഗ്, മണിപ്പൂരിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി.