റോഡിലെ കുഴിയില്‍ വീണോ? 'ന്നാ താന്‍ കേസ് കൊടെ'ന്ന് ട്രോളന്മാരും
കെ റെയില്‍ വേണമെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് ജനം തിരിച്ച് ചോദിക്കുന്നത് ടാക്സ് തരുന്നില്ലേ റോഡിലെ കുഴിയെങ്കിലും ഒന്ന് അടക്കാമോയെന്നാണ്.ഏറ്റവും ഒടുവിലായി സര്‍ക്കാറിനെ തന്നെ ട്രോളിക്കൊണ്ട് പുതിയ സിനിമാ പോസ്റ്റര്‍ പോലും പ്രത്യക്ഷപ്പെട്ടു. രതീഷ് ബാലകൃഷ്ണ പൊതുവാളിന്‍റെ പുതിയ സിനിമയായ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്ററാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 'തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകത്തിനൊപ്പമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പത്രപരസ്യം. പരസ്യം വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. കഴിഞ്ഞ ഒരാഴ്ചയായി കോടതിയും സംസ്ഥാനസര്‍ക്കാറിനോട് ചോദിക്കുന്നതും മറ്റൊന്നല്ല. 'പശവെച്ചാണോ റോഡിലെ കുഴികൾ അടയ്ക്കുന്നത്?' എന്നായിരുന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചത്. സിനിമാ പരസ്യത്തിന് പിന്നാലെ ട്രോളന്മാരും റോഡിലെ കുഴികള്‍ ഏറ്റെടുത്തു. കാണാം ആ പാതയിലെ കുഴി ട്രോളുകള്‍.
നെടുമ്പാശേരിക്കടുത്ത് ഗട്ടറിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കർശന നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ കുഴികളടയ്ക്കുന്നത് പശവെച്ചാണോയെന്ന് നേരത്തെ കോടതി ചോദിച്ചത്.
രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡിലെ കൊടും വളവിലെ ഭീമൻ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ എത്തിയ വാഹനം ഹാഷിമിനെ ഇടിക്കുകയും തുടര്‍ന്ന് അദ്ദേഹം മരിക്കുകയുമായിരുന്നു.
ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമായിരുന്നു ഹാഷിമിന്‍റെത്. അപകടത്തിന് പിന്നാലെയുണ്ടായ ഹൈക്കോടതി നിരീക്ഷണത്തോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി.
റോഡിലെ കുഴികള്‍ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരിനാണ് ഇത് തുടക്കം കുറിച്ചത്. അപ്പോഴും റോഡിലെ കുഴികള്‍ തുറന്ന് തന്നെ കിടന്നു. റോഡ് ഏത് വകുപ്പിന്‍റെതാണെങ്കിലും കുഴികൾ ഉണ്ടാകരുത് എന്നാണ് അഭിപ്രായമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞ് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളുടെ നിലമെച്ചപ്പെട്ടെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം.
എന്നാല്‍, റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്‍റെ പ്രവർത്തനമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. റോഡിലെ കുഴിയടക്കാൻ പണമില്ല. ഇങ്ങനെ പോയാൽ അടിയന്തര പ്രക്ഷോഭം നടത്തേണ്ടി വരും. പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്.
റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തൃശൂർ - എറണാകുളം റോഡിലെ കുഴികൾ എത്രയും വേഗം അടയ്ക്കണമെന്ന് ദേശീയപാത അഥോറിറ്റി തുടരെ നോട്ടീസ് അയച്ചെങ്കിലുംകരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനി അത് അവഗണിച്ചു.
മഴക്കാലത്തിന് മുമ്പ് കുഴികൾ അടക്കണം എന്നായിരുന്നു നിർദേശം. എന്നാൽ കമ്പനി അത് അവഗണിക്കുകയായിരുന്നു. കരാർ കമ്പനിയുടെ ഭാഗത്ത് ബോധപൂർവമായ അനാസ്ഥ ഉണ്ടായെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു.
പിന്നാലെ ദേശീയ പാത നിർമാണത്തിലെ ക്രമക്കേടില്‍ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ച വര്‍ത്തയെത്തി. 2006- 12 കാലഘട്ടത്തിൽ ദേശീയ പാത നിർമിച്ചതിൽ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലുളളത്.
എന്നാൽ ദേശീയ പാത ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തില്ല. നാഷണല്‍ ഹൈവേ അഥോറിറ്റി ഉന്നതോദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും അവരെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയില്ല
ഗുണനിലവാരമുള്ള ടാറിങ്ങല്ല. കനം കുറച്ചാണ് ദേശീയ പാത ടാറിങ്ങ് നടത്തിയത്. 22.5സെന്‍റി മീറ്റർ കനം വേണ്ടിടത്ത് 17-18 സെന്‍റി മീറ്റർ കനത്തിലാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി പണി തീര്‍ത്തതെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ചില്‍ കേസെത്തിയപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നത്. ജില്ലാ കലക്ടര്‍മാര്‍ക്കും വില്ലേജ് ഓഫീസർമാർക്കും റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതിൽ ഉത്തരവാദിത്വമുണ്ട്, മഴ കാരണമാണ് ആണ് റോഡുകൾ പൊളിഞ്ഞത് എന്നിങ്ങനെയായിരുന്നു എൻ എച്ച് എ ഐയുടെ വാദം.
ഇത്തരം കാരണങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി ശാസിച്ചു. ഇത് മനുഷ്യ നിര്‍മിത ദുരന്തങ്ങളാണെന്നും റോഡുകൾ മോശമാണ് എന്നുള്ള ബോർഡുകൾ വെക്കാനുള്ള മര്യാദ പോലുമില്ലേ എന്നും കോടതി ചോദിച്ചു.
റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേതില്ലെന്ന് പ്രഖ്യാപിച്ച് കേരള റോഡ് സേഫ്റ്റി അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ ഇതിനിടെ രംഗത്തെത്തി. അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോറിട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി ഇളങ്കോവൻ വ്യക്തമാക്കി.
പക്ഷേ, ട്രോള്‍ പിരിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കമ്പനികള്‍ തയ്യാറായില്ല. പകരം ടിന്നുകളിലും മറ്റും ടാര്‍ മിക്സ് ചെയ്ത് കൊണ്ട് വന്ന് തൂമ്പകൊണ്ട് ദേശീയ പാതയിലെ കുഴിയടയ്ക്കാനുള്ള ശ്രമമായിരുന്നു നടന്നത്. സംസ്ഥാനത്തെ കുഴിടയ്ക്കല്‍ പ്രവര്‍ത്തികളെല്ലാം പ്രസഹനമായിരുന്നെന്ന് പിന്നാലെ വാര്‍ത്തകളെത്തി. ഇതോടെ ഇനി എത്ര ജീവൻ കൊടുത്താൽ ആണ് ഇത് നന്നാവുകയെന്ന് കോടതി പോലും ആശങ്കപ്പെട്ടു.
എന്നാല്‍, അപ്പോഴൊക്കെ നിശബ്ദരായ ചിലര്‍ ന്നാ താന്‍ കേസ് കൊട് എന്ന് സിനിമാ പോസ്റ്ററില്‍ റോഡിലെ കുഴിയെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു. ദേശീയ പാതയിലെ കുഴിയുടെ മറവില്‍ നിന്ന് സംസ്ഥാന പാതയിലെ കുഴികള്‍ കേറിവരുമോ എന്ന ആശങ്കയായില്‍ നിന്നായിരുന്നു ഈ പോസ്റ്റര്‍ വിരോധം. സംഗതിയെന്തായാലും ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പോസ്റ്റര്‍ സംസ്ഥാന പൊതു മരാമത്തിനെതിരെ ഉപയോഗിക്കാനായി ട്രോളന്മാര്‍ എടുത്തെന്ന് വ്യക്തം.