ഇവന്‍ സെങ്കമാലം; ബോബ് കട്ട് സെങ്കമാലം, യെവനാണ് താരം
സെങ്കമാലം ഒരു ആന കുട്ടിയാണ്. തമിഴ്നാട്ടിലെ മന്നാര്‍ഗുഡി രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടി. പക്ഷേ, വെറുമൊരും ആനക്കുട്ടിയല്ല സെങ്കമാലം. ബോബ് കട്ട് സെങ്കമാലം എന്ന പേരില്‍ പ്രശസ്തനാണ് സെങ്കമാലം. പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ സെങ്കമാലത്തിന് വന്‍ ആരാധകരാണ്. പേര് പോലെ തന്നെ തല ബോബ് കട്ട് ചെയ്താണ് സെങ്കമാലത്തിന്‍റെ നടപ്പ്. ഈ ഹെയര്‍കട്ടാണ് സെങ്കമാലത്തിന് ബോബ് കട്ട് സെങ്കമാലമെന്ന പേരിന് കാരണമായതും. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ നിന്നെടുത്ത് സെങ്കമാലത്തിന്‍റെ ചിത്രങ്ങള്‍ കാണാം.
തലയിൽ നിന്ന് മുന്നോട്ട് മസ്തകം മറച്ച് തൂങ്ങിനില്‍ക്കുന്ന മുടിവൃത്തിയായി ചീകി ബോബ് കട്ട് ചെയ്താണ് സെങ്കമാലം നടക്കുക.
സ്വന്തമായി ഫാൻസ് ക്ലബ് വരെയുള്ള ആനക്കുട്ടിയാണ് സെങ്കമാലം. ഇന്ത്യ മുഴുവൻ സെങ്കമാലത്തിന് ഇന്ന് ആരാധകരുണ്ട്.
ബോബ് കട്ട് സെങ്കമാലമെന്ന് പേരില്‍ അവന്‍ ആളുകളുടെ കണ്ണിലുണ്ണിയാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആനക്കുട്ടിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സെങ്കമാലത്തിന് ഇന്ത്യ മുഴുവനും ആരാധകരെ കിട്ടിയത്.
ഇന്ന് തമിഴ്നാട്ടിലാണെങ്കിലും കേരളത്തിലെ ആന പ്രേമികള്‍ക്കും സെങ്കമാലത്തെ കുറിച്ച് അഭിമാനിക്കാം.
കാരണം സെങ്കമാലത്തിന്‍റെ ജന്മ സ്ഥലം കേരളത്തിലാണ്. 2003 ല്‍ കേരളത്തില്‍ നിന്ന് മന്നാര്‍കുടി രാജഗോപാലസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നതാണ് സെങ്കമാലത്തിനെ.
പാപ്പാനായ രാജഗോപാലാണ് സെങ്കമാലത്തിനെ ഇങ്ങനെ മുടിയൊക്കെ ചീകിയൊതുക്കി കുട്ടപ്പനാക്കി നിര്‍ത്തുന്നത്.
സെങ്കമാലത്തിന് വ്യത്യസ്തത വേണമെന്നുള്ള തോന്നലാണ് ബോബ് കട്ടിനു പിന്നിലെന്ന് രാജഗോപാൽ പറയുന്നു.
ആനക്കുട്ടിയുടെ മുടി സംരക്ഷിക്കുന്നതിന് ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
വേനൽ കടുത്താൽ മൂന്ന് നേരമെങ്കിലും തല കുളിപ്പിക്കും. മറ്റ് സമയങ്ങളിൽ സെങ്കമാലത്തിന് ഒരു നേരം കുളിച്ചാൽ മതി.
സെങ്കമാലം തനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണെന്നും പാപ്പാൻ രാജഗോപാൽ പറയുന്നു.
സെങ്കമാലത്തിന്‍റെ മുടി സംരക്ഷിക്കാന്‍ മാത്രം 45,000 രൂപ വിലയുള്ള പ്രത്യേക ഷവറും പാപ്പാൻ സജ്ജീകരിച്ചിട്ടുണ്ട്.