'സില്‍വര്‍ലൈനില്‍' കയറി പറപറക്കുന്ന കെ റെയില്‍ ട്രോളുകള്‍
സിപിഐ സമ്മേളനങ്ങളുടെ തുടക്കത്തില്‍ സില്‍വര്‍ ലൈന്‍ എന്ന കെ റെയിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സമ്മേളനം പുരോഗമിക്കുന്ന മുറയ്ക്ക് സിപിഐയും സിബിഐ(എം)ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടഞ്ഞ് നില്‍പ്പാണ്. കെ റെയിലിനായി ഇടത് പക്ഷം വാശി പിടിക്കുന്നതിനിടെയാണ് അതിനെക്കാള്‍ വേഗതയില്‍ ഒരു മൂന്നാം ലൈന്‍ വലിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി വരുന്നത്. റെയില്‍വേയുടെ അതിവേഗ റെയിലില്‍ ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുമ്പോള്‍, 135 കിലോമീറ്റര്‍ വേഗതയിലോടുന്ന കെ റെയിലില്‍ ആള് കേറുമോയെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നു. ആള് കേറി ലാഭം മാത്രമുണ്ടാകുമെന്ന് പറഞ്ഞ് തുടങ്ങിയ എറണാകുളത്തെ മെട്രോ ട്രെയിനില്‍ ഇപ്പോള്‍ ആളെക്കേറ്റാനായി എന്തെക്കെ പദ്ധതികള്‍ ആവിഷ്ക്കരിക്കാമെന്ന ഗവേഷണത്തിലാണെന്നും ഒരു പറച്ചിലുണ്ട്. അതിനിടെയാണ് കെ റെയില്‍ വന്നാല്‍ കേരളത്തിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ചിലരുടെ വാദം. ഉദാഹരണത്തിന് കാസര്‍കോടുള്ള ഒരു രോഗിക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് വന്ന് ചികിത്സ തേടാം. കണ്ണൂരുള്ള ഒരു തൊഴിലാളിക്ക് തൃശ്ശൂര് വന്ന് നാടന്‍ പണിയെടുത്ത് വൈകീട്ടത്തെ വണ്ടിക്ക് തിരിച്ച് പോകാം. അങ്ങനെ ചില പദ്ധതികള്‍ ട്രോളന്മാര്‍ തന്നെ അവതിരിപ്പിച്ച് കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ പിന്നെ കാസര്‍കോട് ഒരു കൊള്ളാവുന്ന ആശുപത്രിയും കണ്ണൂരെ തൊഴിലാളിക്ക് കണ്ണൂര് ഒരു തൊഴില്‍ സ്ഥാപനവും നിര്‍മ്മിച്ചുകൂടെയെന്ന് ചോദിച്ചാല്‍ അവര്‍ സംസ്ഥാന വിരുദ്ധനാകും. അതിനിടെയാണ് കെ റെയിലിനായി നാട്ടിയ കുറ്റികള്‍ പറിച്ചെറിയുമെന്ന് കെ സുധാകരന്‍ അവകാശപ്പെട്ടത്. എന്തായാലും കേരളം കുറച്ച് കാലത്തേക്ക് കെ റെയില്‍ ഇരുന്ന് യാത്ര ചെയ്യുമെന്ന് ട്രോളന്മാര്‍.
അതിനിടെ എല്‍ഡിഎഫ് ഭരിക്കുന്ന വേളൂക്കര പഞ്ചായത്തിൽ ഇടത്പക്ഷം കൊണ്ടുവരുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. പരിസ്ഥിതി ആഘാത പഠനം നടത്താതെ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടെന്നും വാര്‍ത്ത.