കൊടുങ്കാറ്റ് പിന്നാലെ പച്ച ആകാശം; തങ്ങള്‍ ഏതെങ്കിലും നെറ്റ്ഫ്ലിക്സ് സീരീസിലെത്തിയോ എന്ന് ആശ്ചര്യപ്പെട്ട് ജനം
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ലോകമെമ്പാടും അത്ഭുതകരമായ കാഴ്ചകളാണ് കാട്ടിത്തരുന്നത്. ചിലത് ഏറ്റവും ഭീതി ഉണര്‍ത്തുന്നതെങ്കില്‍ മറ്റ് ചിലത് ഭയത്തോടൊപ്പം കൗതുകം നിറയ്ക്കുന്ന കാഴ്ചകളാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ സിയോക്സ് വെള്ളച്ചാട്ടത്തിന് സമീപത്ത് പ്രത്യക്ഷപ്പെട്ടത്. സിയോക്സ് വെള്ളച്ചാട്ടത്തിന് സമീപത്തെ പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം ആകാശത്തേക്ക് നോക്കി ഞെട്ടിത്തരിച്ചു. വെള്ള നിറമോ നീല നിറമോ അല്ലായിരുന്നു ആകാശത്തിന്. പകരം പച്ച നിറത്തിലുള്ള ആകാശം. അഭൗമമായ നിറത്തില്‍ ആകാശം തിളങ്ങിയപ്പോള്‍ അസാധാരണമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്നായിരുന്നു പ്രദേശവാസികള്‍ കരുതിയത്. എന്നാല്‍, ഡെറെക്കോ കൊടുങ്കാറ്റിന്‍റെ പരിണിത ഫലമാണെന്ന് പിന്നീട് അറിയിപ്പ് വന്നു.
ആകാശത്തിന്‍റെ നിറവ്യത്യാസം കണ്ടപ്പോള്‍ ആദ്യം ആളുകളെല്ലാം ഭയന്നു. നെറ്റ്ഫ്ലിക്സ് സീരീസായ 'സ്ട്രേഞ്ചർ തിംഗ്സ്' ലെ ഏതോ എപ്പിസോഡിലാണ് തങ്ങളെന്ന് കരുതിയതായി പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.
'ഞങ്ങൾ അപരിചിതമായ പ്രദേശത്തെത്തിയത് പോലെയായി തോന്നി.': കൊടുങ്കാറ്റിന് ശേഷം സിയോക്‌സ് വെള്ളച്ചാട്ടത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ട ഹരിത ആകാശമാണ് ജനങ്ങളുടെ ആശങ്ക കൂട്ടിയത്. അതേ സമയം നഗരത്തിലൂടെ മണിക്കൂറിൽ 150 കിലോമീറ്റര്‍ വേഗതയിൽ കൊടുങ്കാറ്റ് വീശുകയായിരുന്നു.
സൗത്ത് ഡക്കോട്ട ഉൾപ്പെടെ മിഡ്‌വെസ്റ്റിലെ നിരവധി സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച ശക്തമായ കൊടുങ്കാറ്റായ ഡെറെക്കോ ആഞ്ഞടിച്ചു. അതിവേഗം ചലിക്കുന്ന ശക്തമായ ഇടിമിന്നലുമായി ബന്ധപ്പെട്ട തീവ്രമായ കൊടുങ്കാറ്റാണ് ഡെറെക്കോ. അതോടൊപ്പം ഇമണിക്കൂറിൽ 150 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശിയടിച്ചതോടെ ആയിരക്കണക്കിന് ആളുകളുടെ വൈദ്യുതി മുടക്കി.
'പച്ചനിറത്തിലുള്ള ആകാശങ്ങൾ കാണുന്നത് താരതമ്യേന സാധാരണമാണെങ്കിലും, പ്രത്യേകിച്ച് സമതലങ്ങളിൽ, ജൂലൈ 5 ഉച്ചതിരിഞ്ഞ് സിയോക്സ് വെള്ളച്ചാട്ടത്തിന് സമീപത്ത് ശക്തമായ കൊടുങ്കാറ്റിന് പുറകെ അസാധാരണമായ തരത്തില്‍ ആകാളം തിളങ്ങി. സാധാരണയേക്കാൾ കടും പച്ചപ്പായിരുന്നു അവയ്ക്ക്.' അക്യുവെതറിലെ കാലാവസ്ഥാ നിരീക്ഷകനായ ഐസക് ലോംഗ്‌ലി ഡെയ്ലി മെയിലിനോട് പറഞ്ഞു.
'പച്ച നിറത്തില്‍ ആകാശം കണ്ടിട്ടില്ലാത്ത പലരുടെയും ശ്രദ്ധ പിടിച്ച് പറ്റാന്‍ കഴിഞ്ഞ ദിവസത്തെ കാഴ്ചയ്ക്കായി. ഈ പ്രതിഭാസം ഏകദേശം 10-20 മിനിറ്റോളം നീണ്ടു നിന്നു. സിയോക്‌സ് വെള്ളച്ചാട്ടത്തിന് സമീപത്ത് കൊടുങ്കാറ്റെത്തിയത് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 3:30 വരെയുള്ള സമയത്തായിരുന്നു. അതോടൊപ്പം ഒരുതരം ഇരുണ്ട നിറത്തിലുള്ള പച്ച ആകാശവും നിറഞ്ഞു.
വൈകുന്നേരം 5:30 ഓടെ കൊടുങ്കാറ്റ് കുറഞ്ഞു. എന്നാല്‍ ഈ സമയമായപ്പോഴേക്കും നഗരത്തിൽ 26,000-ത്തിലധികം പേരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.
'സൂര്യൻ ചക്രവാളത്തോട് അടുക്കുമ്പോൾ പകൽ സമയത്ത് കൂടുതൽ ചുവപ്പായി കാണപ്പെടുന്നു. എന്നാല്‍, ഉയരമുള്ള ഇടിമിന്നലിന് താഴെയുള്ള പ്രകാശം വെള്ളത്തുള്ളികൾ ചിതറുന്നത് കാരണം നീല നിറത്തിലും കാണപ്പെടുന്നു. അസ്തമയ സൂര്യനിൽ നിന്നുള്ള ചുവന്ന വെളിച്ചത്തില്‍ നീല വെളിച്ചം പ്രകാശിക്കുമ്പോൾ, അത് പച്ച നിറത്തില്‍ കാണപ്പെടുന്നു. അതിനാലാണ് ചില ഇടിമിന്നലുകളുള്ള സമയത്ത് ആകാശത്തിന് പച്ച കലർന്ന നിറം ലഭിക്കുന്ന പ്രതിഭാസം ഉണ്ടാകുന്നത്.' ഐസക് ലോംഗ്‌ലി കൂട്ടിചേര്‍ത്തു.
അപ്രതീക്ഷിതമായി തങ്ങളുടെ പ്രദേശത്തുണ്ടായ പ്രത്യേക വെളിച്ചതിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെയ്ക്കപ്പെട്ടു. ചിലർ അതിനെ സ്ട്രേഞ്ചർ തിംഗ്സിലെ അപ്‌സൈഡ് ഡൗൺ അല്ലെങ്കിൽ വിസാർഡ് ഓഫ് ഓസ് സിനിമയിലെ എമറാൾഡ് സിറ്റിയിൽ നിന്നുള്ള ഒരു സീനുമായി താരതമ്യപ്പെടുത്തി.
ഡെറെക്കോ കൊടുങ്കാറ്റ്, സൗത്ത് ഡക്കോട്ട മുതൽ ഇല്ലിനോയിസ് വരെ വീശിയടിച്ചു. ഇതിന്‍റെ ഫലമായി മിഡ്‌വെസ്റ്റില്‍ വെള്ളപ്പൊക്കത്തിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്. ഡെറെക്കോ കൊടുങ്കാറ്റ് ഏതാണ്ട് 400 കിലോമീറ്റര്‍ ചുറ്റളവില്‍ നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ക്കും കനത്ത നാശം നേരിട്ടു.
ഡെറെക്കോ കൊടുങ്കാറ്റിന്‍റെ ഫലമായി ഫോർട്ട് വെയ്നില്‍ ആറ് ഇഞ്ചും ഹണ്ടർടൗണിൽ ഏകദേശം എട്ട് ഇഞ്ചും മഴ ലഭിച്ചു. സൗത്ത് ഡക്കോട്ടയിലെ ടിംബർ തടാകത്തിൽ, മുന്തിരിയുടെ വലിപ്പത്തിലുള്ള ആലിപ്പഴം പെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു.