കാലിത്തൊഴുത്തും കാറുകളും ; വലിയ ബിരിയാണി ചെമ്പിന് നല്ലത് കിയ കാര്‍ണിവലാണെന്ന് ട്രോളന്മാര്‍
സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധി ആണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപണമുന്നയിച്ചിട്ട് ആഴ്ചകളായില്ല. അതിനിടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി വരുമാന തകർച്ചയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നുതുടങ്ങി. സാമ്പത്തിക രംഗം സജീവമായാലേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറയുന്നു. എന്നാല്‍ ഇതിനൊക്കെയിടയിലും ചില കാര്യങ്ങളില്‍ മുഖ്യമന്ത്രി മത്സരിക്കുകയാണെന്ന് ട്രോന്മാര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ. മുഖ്യമന്ത്രിക്കായി കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറിനും അകമ്പടി വാഹനത്തിനുമെല്ലാമായി 88,69,841 രൂപ വേറെയും. ചിലരങ്ങനാണ് ആന മൊലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ലെന്ന് ട്രോളന്മാര്‍.
പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ ധനസ്ഥിതി വെളിപ്പെടുത്തി ധവളപത്രമിറക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ട് പത്ത് ദിവസം തികഞ്ഞില്ല. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാലിക്കൊഴുത്തിനും കാറ് വാങ്ങാനുമായി ഏതാണ്ട് ഒന്നര കോടിക്കടുത്ത് രൂപ ചെലവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സര്‍ക്കാര്‍ പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ലെന്നും ആരോപിച്ചു.
സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇത്തരമൊരു അവസ്ഥയില്‍ ലോക കേരള സഭയ്ക്കായി ഹാള്‍ മോടിപിടിപ്പിക്കാന്‍ 16 കോടി ചെലവാക്കിയത് ദൂര്‍ത്താണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മാത്രമല്ല മറ്റ് വകുപ്പുകളിലെയും ശമ്പളം മുടങ്ങുമെന്ന അവസ്ഥയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നു.
സംസ്ഥാനത്ത് രൂക്ഷമായ വരുമാന തകര്‍ച്ചയാണെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോൾ ലോക്‌ഡൗൺ ആഘാതത്തിലും നികുതി വരുമാനത്തിലെ തളർച്ചയിലും ധനസ്ഥിതി കൂടുതൽ ദുർബലമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സാമ്പത്തിക സ്ഥിതി അതിരൂക്ഷമെങ്കിലും ധവളപത്രം ഇറക്കേണ്ടെന്നാണ് സർക്കാർ നിലപാട്. സർക്കാരിന്‍റെ കണക്കും കണക്കുകൂട്ടലും പാടേ തെറ്റുകയാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകളെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തിക രംഗം സജീവമായാലേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ സമ്മതിക്കുന്നു. റവന്യു കമ്മി 2018-19 കാലത്ത് 13,026 കോടി രൂപയാണ്.
2019-20 കാലത്തിത് 17,474 കോടിയും 2020-21 കാലത്ത് ഇത് 24,206 കോടി രൂപയുമായി. ഇത്തവണ റവന്യുകമ്മി വൻതോതിൽ ഉയരുമെന്നാണ് കരുതപ്പെടുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനം പ്രതീക്ഷിച്ച വരുമാനം 1,30,981 കോടി രൂപയായിരുന്നു. പ്രതീക്ഷിച്ച ചെലവാകട്ടെ 1,47,891 കോടി രൂപയും.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിൽ നിന്ന് സര്‍ക്കാര്‍ 65,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ചു. എന്നാൽ കിട്ടിയതാകട്ടെ 40,000 കോടി രൂപയിൽ താഴെ മാത്രം.
അതായത് കേരളത്തിന്‍റെ യാത്ര കടത്തില്‍ നിന്ന് കടത്തിലേക്ക് തന്നെയാണെന്ന് ചുരുക്കം. സംസ്ഥാന ഖജനാവ് ഒഴിയാതെ കാക്കാൻ പ്രായോഗികമായി എന്ത് ചെയ്യാനാകും എന്നതിൽ തലപുകയ്ക്കുകയാണ് സർക്കാർ.
സെപ്തംബർ മുതൽ ആറ് മാസം വരുമാനം ഉയർന്നേക്കാമെന്നാണ് പ്രതീക്ഷ. പക്ഷെ അതിഭീമമായ ചെലവാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശമ്പള പരിഷ്ക്കരണം വരുത്തിവച്ച അധിക ബാധ്യത 14,000 കോടി രൂപയാണ്. വായ്പാ തിരിച്ചടവ്, കൊവിഡ് ചെലവ് കൊവിഡ് മരണങ്ങളിലെ സഹായധനം തുടങ്ങിയവ കൂടി വരുമ്പോൾ സർക്കാർ എന്തുചെയ്യുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ഇതിനെല്ലാം ഇടയിലൂടെയാണ് മുഖ്യമന്ത്രിക്ക് കാലിത്തൊഴുത്ത് പണിയാനും കാറ് വാങ്ങാനും തുക ചിലവഴിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപയാണ് അനുവദിച്ചത്.
ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നടപടിയെന്നും വാര്‍ത്തകള്‍.2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.
ഈ വാര്‍ത്തയ്ക്ക് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങുന്നതെന്ന വാര്‍ത്തയും പുറത്ത് വന്നത്. കറുത്ത ഇന്നോവയില്‍ നിന്ന് അദ്ദേഹം കറുത്ത കിയ കാര്‍ണിവലിലേക്ക് മാറുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും എസ്കോർട്ടിനായും ഇതിന്‍റെ കൂടെ വേറെയും വാഹനങ്ങൾ വാങ്ങുന്നുണ്ട്. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപയാണ് വില. ഒരു കിയ കാര്‍ണിവലും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്.
ഇതിനായി 88,69,841 രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. 2022 ജനുവരിയില്‍ വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി, പുതിയ കാര്‍ വാങ്ങുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം നിലവില്‍ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും. ഈ വാഹനങ്ങളും കഴിഞ്ഞ ജനുവരിയിലാണ് വാങ്ങിയത്.
പകരം തെക്കന്‍ ജില്ലകളില്‍ ഉപയോഗിക്കാനാണ് പുതിയ രണ്ട് ഇന്നോവകള്‍ കൂടി വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന് രംഗത്തെത്തി.
ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സിഎമ്മിന്റെ മുന്നിൽ തോറ്റു പോകുമല്ലോയെന്നായിരുന്നു ശബരിയുടെ പരിഹാസം.
മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡൽ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ൽ. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാർണിവല്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്! ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും Rs 88,69,841 മാത്രം.
KSRTC ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ?പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ? വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ! ശഹരീനാഥ് തുടരുന്നു.
എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ CM ന്റെ മുന്നിൽ തോറ്റു പോകുമല്ലോ, അതു മതി. ശബരി ഫേസ്ബുക്ക് കുറിപ്പില്‍ സാര്‍ക്കാര്‍ പ്രവര്‍ത്തിയെ അറിഞ്ഞ് പരിഹസിക്കുന്നു.
ഇന്നവയേക്കാളും വലിയ ബിരിയാണി ചെമ്പ് കിയ കാര്ണിവലിനുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ട് പിടിത്തം. കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലും ട്രോളന്മാര്‍ സ്മരിച്ചു.