എകെജി സെന്‍ററിലെ പടക്കമേറും ടി ഷര്‍ട്ടും പിന്നെ ചോക്ലേറ്റും; കാണാം ട്രോളുകള്‍
കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറ് ഉണ്ടായത്. അന്ന് മുതല്‍ ഇപ്പോ പിടിക്കും ഇപ്പോ പിടിക്കുമെന്നായിരുന്നു പറഞ്ഞത് കേട്ടത്. എന്നാല്‍, പ്രതിയെ പിടികൂടാന്‍ കഴിയാതെ കേരളാ പൊലീസ് ഇരുട്ടില്‍ തപ്പി. ഒടുവില്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. ദേ സെപ്തംബര്‍ 22-ാം തിയതി ഒടുവില്‍ കേരളം കാത്തിരുന്ന ആ മറുപടിയെത്തി. 'കിട്ടി'. ഹാവൂ സമാധാനമായെന്ന് വിചാരിച്ച് മലയാളി ഇരിക്കുമ്പോഴാണ് ആളെ കണ്ടെത്തിയ ആ അന്വേഷണ രീതിയെ കുറിച്ചുള്ള വിവരണം പുറത്ത് വരുന്നത്. അന്ന് പടക്കമെറിഞ്ഞതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ ജിതിന്, സിസിടിവി വീഡിയോയിലുള്ള പടക്കമേറുകാരന്‍ ഇട്ടതുപോലുള്ള അതേ ടീഷര്‍ട്ടുണ്ട്. അതേ നിറമുള്ള ടി ഷര്‍ട്ട് ധരിച്ച് ജിതിന്‍ ഫേസ്ബുക്കില്‍ പോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ രീതി കണ്ട ട്രോളന്മാര്‍ പോലും ഞെട്ടി. പക്ഷേ, കഥ അവിടം കൊണ്ടും കഴിഞ്ഞില്ല. കെപിസിസി പ്രസിഡന്‍റിന്‍റെ വിശദീകരണം വന്നു. ലഹരി കലര്‍ന്ന ചോക്ലേറ്റ് കൊടുത്താണ് ജിതിനെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന്. പിന്നെ ട്രോളന്മാരുടെ ആറാട്ടായിരുന്നു. കാണാം ആ ചോക്ലേറ്റ് പ്രതിയെ.
എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞതിന് പിന്നാലെ സെന്‍ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണവും ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിയാരെന്ന് സ്വയം വിധിയെഴുതിയതും ട്രോളന്മാരെ ഏറെ സ്വാധീനിച്ചിരുന്നു. ഇതിന് പിന്നാലെ കിട്ടിയോ ? എന്ന് ചോദിച്ച് നിരന്തരം ട്രോള്‍ ഇറങ്ങി.
ഈ ട്രോളുകളില്‍ വശം കെട്ടിരുന്ന ഇടത് സഹയാത്രികര്‍ ഇപ്പോള്‍ പ്രതിയെ കിട്ടിയെന്ന വാര്‍ത്ത ആഘോഷിക്കുകയാണ്. Daily updates on the AKG Center cracker case എന്നാണ് എകെജി സെന്‍റര്‍ ആക്രമണത്തെ ട്രോളിക്കൊണ്ട് ഇറങ്ങിയ എഫ്ബി പേജിന്‍റെ പേര്.
ഈ പേജില്‍ എല്ലാ ദിവസവും എകെജി സെന്‍റര്‍ ആക്രമണത്തെ കുറിച്ച് കിട്ടിയില്ല എന്ന ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ച് ട്രോളുകളാണ് ഇടത് അണികള്‍ ഒരോ പോസ്റ്റിന് അടിയിലും കമന്‍റുകള്‍ കൊണ്ട് ആഘോഷിക്കുകയാണ്.
ഇരുപക്ഷവും തങ്ങളുടെ വാദങ്ങള്‍ക്ക് വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ കൊണ്ട് നിറക്കുകയാണ്. ഇതിനിടെ ക്രൈം ബ്രാഞ്ച് കേസ് അന്വേഷണത്തെ കുറിച്ച് ഇങ്ങനെ പറയുന്നു.: എകെജി സെന്‍റര്‍ ആക്രമണക്കേസന്വേഷണത്തില്‍ നിർണായമായത് ജിതിൻ ധരിച്ചിരുന്ന ടി ഷർട്ട്. സിസിടിവിയിൽ പ്രതി ധരിച്ചിരുന്ന ടി ഷർട്ടിട്ട് ജിതിൻ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടിരുന്നു.
സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്നാണ് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ജിതിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കണ്ടത്തി. പിന്നീട് സ്കൂട്ടർ ഓടിച്ചു പോയത് മറ്റൊരാളാണെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് എത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
കിട്ടിയോ കിട്ടിയോ ചോദ്യങ്ങൾക്കൊടുവിൽ, എകെജി സെന്‍റര്‍ ആക്രമണം രണ്ടര മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ജിതിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
ജിതിൻ ധരിച്ച ടീ ഷർട്ടും ഷൂസുമാണ് കേസന്വേഷത്തില്‍ നിർണ്ണായക തെളിവായതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അവകാശവാദം. ഒരു പ്രത്യേക ബ്രാൻഡിലുള്ള ടീ ഷർട്ടും ഷൂസുമാണ് ജിതിൻ ധരിച്ചിരുന്നത്.
ജിതിന്‍റെ പക്കലുണ്ടായിരുന്ന ടീ ഷർട്ടും സിസിടിവിയിലെ ടീ ഷർട്ടും സമാനമാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ ജിതിൻ ഫോർമാറ്റ് ചെയ്ത് ഫോണുമായാണെത്തിയത്.
ഇത് പരിശോധനയ്ക്ക് അയച്ചപ്പോൾ അക്രമത്തെ കുറിച്ച് നിർണായകമായ തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം ഗൗരീശപട്ടത്തെ ലൊക്കേഷനിൽ ജിതിന്‍റെ ഫോണുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിയാതായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏക പിടിവള്ളി.
സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം രണ്ടര മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളായ നഗരവാസികളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ പോലീസ് ചോദ്യം ചെയ്തു. എന്നിട്ടും പ്രതിയെ മാത്രം കിട്ടിയില്ലായിരുന്നു.
ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് സ്വന്തം തടിയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരിൽ അഞ്ച് പേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു.
മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്ന മൊഴിയും ഇതിനിടെ പുറത്ത് വന്നു. ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പൊലീസിനെയും കൂടുതൽ വെട്ടിലാക്കി.
സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പൊലീസ് സംശയിച്ചു. പക്ഷേ, തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നും ആരോപണം ഉയര്‍ന്നു. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നിട്ടും കിട്ടാതെ വന്നപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
എല്ലാം ക്രൈംബ്രാഞ്ചിന്‍റെ ലഹരി ചോക്ലൈറ്റില്‍ നിന്നുമുണ്ടായ കഥയാണെന്നാണ് കിട്ടിയെന്നറിഞ്ഞപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ കണ്ടെത്തല്‍. പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.
ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്കലേറ്റിൽ മായം കലർത്തി മയക്കുന്നു. പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. പടക്കമെറിയേണ്ട കാര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കെപിസിസി ഓഫീസ് ആക്രമിച്ചവർക്കെതിരെ നടപടിയില്ല. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാറിന്‍റെ തലക്കകത്തെന്താണെന്ന് അറിയില്ല.
ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ എസ്പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ് പോലെ എന്തോ കൊടുത്ത് അവന്‍റെ ബോധമനസ്സിനെ മയക്കി അവന്‍ വായില്‍ തോന്നിയതെന്തോ പറയുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
പൊലീസിന്‍റെ നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കും എന്ന് പിണറായി വിജയനോ സര്‍ക്കാറോ കരുതരുത്. എകെജി സെന്‍ററല്ല, അതിനപ്പുറത്തെ സെന്‍റര്‍ വന്നാലും ഞങ്ങള്‍ക്ക് പ്രശ്നമല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ കേട്ട് കിളി പറന്നത് ട്രോളന്മാര്‍ക്ക്.