കൊവിഡും ലോക്ഡൌണും പിന്നെ കടലേറ്റവും; തീരം തകര്‍ന്ന് കോവളം
ലോകത്തെ സഞ്ചാരികളെ എന്നും കൊതിപ്പിച്ചിരുന്ന തീരമായിരുന്നു കോവളം. സന്ധ്യമയങ്ങുന്നതോടെ ദൂരെ ലൈറ്റ് ഹൌസില്‍ തെളിയുന്ന വഴിവെളിച്ചവും നീണ്ട വിശാലമായ തീരവും സഞ്ചാരികള്‍ക്ക് എന്നും പ്രീയപ്പെട്ടതായിരുന്നു. മഹാമാരിയായി ലോകം മുഴുവനും കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തോടെ സഞ്ചാരികളുടെ വരും കുറഞ്ഞു. നിരന്തരമായ അടച്ച് പൂട്ടലുകള്‍ പ്രഖ്യാപിക്കപ്പെട്ടതും രോഗാണുവിന്‍റെ തുടര്‍തരംഗങ്ങളുണ്ടായതും ലോകത്തിലെ വിനോദ സഞ്ചാരമേഖലയെ കീഴ്മേല്‍ മറിച്ചു. കേരളത്തിന്‍റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളവും സമാനമായ ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നത്. കോവളത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.
ഇന്ത്യയില്‍ വിനോദ സഞ്ചാരമേഖലയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റൂം ടിക്കറ്റ് ബുക്കിങ്ങുകള്‍ ക്യാന്‍സലാക്കിയ വകയില്‍ മാത്രം 200 മുതല്‍ 500 കോടി രൂപവരെ നഷ്ടമുണ്ടായതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ നഷ്ടം നികത്താന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലെ വേല്‍ക്കാല ടൂറിസമായിരുന്നു കേരളത്തില്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര സമയങ്ങളിലൊന്ന്.
രോഗവ്യാപനത്തില്‍ കുറവ് വന്നെങ്കിലും പല രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന യാത്രാവിലക്ക് വിനോദ സഞ്ചാരമേഖലയുടെ നടുവെടിച്ചു. വിനോദ സഞ്ചാരമേഖലയിലെ അനിശ്ചിതത്വത്തോടൊപ്പം കോവളം കടല്‍ത്തീരം കഴിഞ്ഞ കടലേറ്റത്തില്‍ കടലെടുത്തു.
ശക്തമായ തിരയടിയിൽ കോവളം തീരം പൂർണ്ണമായും തകർന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. തീരം പഴയ നിലയിലാകാന്‍ മാസങ്ങളോളം പ്രയത്നിച്ചാൽ മാത്രമേ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.
സഞ്ചാരികൾ ഏറെ എത്തുന്ന സീ റോക്ക് ബീച്ച് മുതൽ ലൈറ്റ്ഹൗസ് ബീച്ച് വരെയുള്ള നടപ്പാതകളിലെ ടൈലുകൾ എല്ലാം തിരയടിയിൽ ഇളകിപോയി. സന്ധ്യകളില്‍ സഞ്ചാരികളെ മനം മയക്കിയിരുന്ന നടപ്പാതകള്‍ ഇന്ന് തിരയോടൊപ്പം കടലെടുത്തു.
പലയിടത്തും നടപ്പാതയുടെ അടിഭാഗത്തുള്ള മണ്ണിളകി കോൺക്രീറ്റുകൾ മുഴുവനായും പൊട്ടിക്കിടക്കുകയാണ്. തീരത്തോട് ചേർന്നുള്ള മിക്ക റെസ്റ്റോറന്‍റുകളിലും തിരയടിച്ച് കയറി ഷട്ടറുകളും വാതിലുകളും ജനാലകളും പൊട്ടിയെന്ന് വ്യാപാരികൾ പറയുന്നു.
നിലവിൽ നടപ്പാത തകർന്നതോടെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതത്തൂണുകൾ ഏതു നിമിഷവും മറിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. തൂണുകളുടെ അടിയിലെ മണ്ണൊലിപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ അവ ഏത് നിമിഷവും നിലംപൊത്താം.
ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ അവസ്ഥയും സമാനമാണ്. തീരത്തെ ആശ്രയിച്ചു ബിസിനസ് ചെയ്യുന്നവർ പലരും കടത്തിൽ മുങ്ങിയെന്ന് തീരത്തെ മത്സ്യത്തൊഴിലാളികളും പറയുന്നു.
കടലില്‍ നിരന്തരമായി വീശിയടിക്കുന്ന ചുഴലിക്കാറ്റുകളും കൊവിഡ് രോണാണു നിയന്ത്രണ മാനദണ്ഡങ്ങളും മൂലം മത്സ്യബന്ധം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. തീരശേഷണത്തിനോടൊപ്പം തീരദേശത്തെ വീടുകള്‍ നഷ്ടപ്പെടുന്നതും തീരദേശത്തെ കുടുംബങ്ങളെ തീരാ ദുരിതത്തിലാക്കുന്നു.
കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളും തീരസംരക്ഷണവും കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് തീരം സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു.
കടലാക്രമണത്തില്‍ ബീച്ചില്‍ സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കേണ്ടതുണ്ട്. കടലാക്രണത്തില്‍ നിന്ന് ബീച്ചിന് സ്ഥായിയായ സുരക്ഷയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം സംഘടനകള്‍, കോവളത്തെ ടൂറിസം മേഖല പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇതിനായുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.