റഷ്യ 'കൊവിഡിനെതിരെ വാക്സിന്‍' ഇറക്കി; പ്രഖ്യാപിച്ച് പുചിന്‍; അറിയേണ്ട കാര്യങ്ങള്‍
ലോകത്തെമ്പാടും കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ലോകത്തെമ്പാടും കൊവിഡ് കേസുകള്‍ നാലുകോടി പിന്നിട്ടു. അതിനാല്‍ തന്നെ ഇതിനെതിരായ വാക്സിന് വേണ്ടിയുള്ള അന്വേഷണവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഇതാ റഷ്യ ആദ്യമായി കൊവിഡ് വാക്സിന്‍ റജിസ്ട്രര്‍ ചെയ്തതായി പ്രഖ്യാപിച്ചിരിക്കുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുചിനാണ് ഇത് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ മകള്‍ക്ക് തന്നെ ആദ്യത്തെ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നല്‍കുകയും ചെയ്തുവെന്നാണ് അറിയിച്ചത്.
ഇതുവരെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വാക്സിന്‍ കണ്ടെത്താനുള്ള 160 ശ്രമങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ഇതില്‍ 27 എണ്ണം മനുഷ്യ പരീക്ഷണത്തിന് തയ്യാറായി എന്നാണ് വിവരം. കൊറോണ വൈറസിനെതിരായ വാക്സിനുകളില്‍ ഇന്ന് പരീക്ഷണത്തില്‍ മുന്നില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്ര സെനിക്കായും വികസിപ്പിക്കുന്ന വാക്സിനാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതാ റഷ്യ തങ്ങളുടെ ആദ്യത്തെ വാക്സിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 12ന് തങ്ങള്‍ ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിന്‍ റജിസ്ട്രര്‍ ചെയ്യുമെന്നാണ് നേരത്തെ റഷ്യ അറിയിച്ചിരുന്നത്, അതിന് മുന്‍പേ തന്നെ പുടിന്‍ പ്രഖ്യാപനം നടത്തി. റഷ്യയിലെ ഗെമിലീയ ദേശീയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും, റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തായി വികസിപ്പിക്കുന്ന ഈ വാക്സിനെതിരെ ലോകത്ത് പലയിടത്തും ചില സംശയം ഉയരുന്നുണ്ട്.
റഷ്യ വികസിപ്പിച്ചിരിക്കുന്നത് ഒരു വൈറല്‍ വെക്ടര്‍ വാക്സിനാണ് എന്നാണ് റിപ്പോര്‍ട്ട്. അഡിനോവൈറസ് അടിസ്ഥാനമാക്കിയാണ് ഇതിന്‍റെ നിര്‍മ്മാണം. SARS-CoV-2 സ്പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ച് ശരീരത്തിന് കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷി നല്‍കും എന്നാണ് ഇതിലൂടെ കരുതുന്നത്.
ഈ വാക്സിനില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ഒരിക്കലും ശരീരത്തിന് ദോഷം ചെയ്യില്ലെന്നാണ് ഗെമിലീയ ദേശീയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്‍സ്റ്റ്ബര്‍ഗ് പറയുന്നത്. വാക്സിനില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഒരിക്കലും ശരീരത്തില്‍ വച്ച് സ്വയം ഇരട്ടിക്കില്ലെന്ന് ഇദ്ദേഹം ഉറപ്പുനല്‍കുന്നു.
വാക്സിന്‍ സംബന്ധിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്‌വ. റഷ്യയുടെ വാക്സിന്‍ ഗവേഷണത്തിന്‍റെ മുഖമായി ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് ഇവരാണ്.
അതേ സമയം റഷ്യയില്‍ നിന്ന് തന്നെ വാക്സിനെതിരെ എതിര്‍ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. റഷ്യയിലെ മുതിര്‍ന്ന വൈറോളജി വിദഗ്ധനായ അലക്സണ്ടര്‍ ചെപ്പര്‍നോവിന്‍റെ വാദങ്ങള്‍ പ്രകാരം, വാക്സിന്‍ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്ന് പറയുന്നു. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം വാക്സിന്‍ നിര്‍മ്മാണത്തില്‍ ധൃതിയെക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു.